പ്രളയവും പ്രളയശേഷവും
വ്യവസായ വിപ്ലവത്തിനു ശേഷമാണ് ലോകത്താകെ സഹകരണ പ്രസ്ഥാനം ശക്തമായത്. കര്‍ഷകരും ചെറുകിട ഉല്‍പാദകരും ചിതറിത്തെറിച്ചുപോയ കാലമായിരുന്നു അത്. അവര്‍ക്ക് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതായി. മൂലധനത്തിന്‍റെ മത്സരത്തോടെ ഏറ്റുമുട്ടാന്‍ ശേഷിയില്ലാതായി. തൊഴിലാളികള്‍ക്ക് തൊഴില്‍ കുറഞ്ഞു. അതോടെ കൂലിയില്ലാതെ ജീവിതം വഴിമുട്ടി. ഇതോടെയാണ് ഓരോ മേഖലയിലും ഇത്തരക്കാരുടെ കൂട്ടായ്മ രൂപപ്പെട്ടത്. പ്രത്യേകിച്ച് ഉപഭോക്തൃ സാധനങ്ങള്‍, കൃഷി, പാലുല്‍പാദനം എന്നീ രംഗങ്ങളില്‍. അത് കൂട്ടായി മുന്നേറാനുള്ള സഹകരണ തത്വത്തിന്‍റെ ആത്മാംശം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇതിനുസരിച്ച് എല്ലാ രാജ്യങ്ങളും സഹകരണ മേഖലയ്ക്ക് നിയമ പിന്‍ബലമുണ്ടാക്കി. കേരളത്തില്‍ കാര്‍ഷിക മേഖലയിലാണ് സഹകരണശക്തി ആദ്യം ഉയര്‍ന്നത്. ഐക്യ നാണയ സംഘങ്ങളെന്ന പേരില്‍ ഉയര്‍ന്ന സഹകരണ കൂട്ടായ്മ പിന്നീട് കൃഷിയിലേക്കും കാര്‍ഷികോല്‍പന്നങ്ങളുടെ കേന്ദ്രീകൃത വില്‍പന-വിതരണത്തിലേക്കും തിരിഞ്ഞു. അതിന്‍റെ ഇന്നത്തെ രൂപമാണ് റൂറല്‍ ബാങ്കുകള്‍.
പറഞ്ഞുവന്നത്, തകര്‍ന്നുപോവുന്ന ജീവിതങ്ങള്‍ക്ക് താങ്ങായി നില്‍ക്കാന്‍ പിറവികൊണ്ടും പ്രവര്‍ത്തനം കൊണ്ടും സഹകരണ സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ്. കേരളം സഹകരണ പ്രസ്ഥാനത്തിന്‍റെ ശക്തിദുര്‍ഗമായി ഇന്ന് മാറിയത് ജനവിശ്വാസം ആര്‍ജിക്കാനായതുകൊണ്ടാണ്. അത് അവര്‍ക്ക് താങ്ങായി എന്നും ഈ സ്ഥാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടുകൂടിയാണ്. പ്രളയം കൊണ്ട് ഇത്രയേറെ മുറിവേറ്റ കേരളത്തെ നമ്മളിതിനുമുമ്പ് കണ്ടിട്ടില്ല. ആറായിരത്തിലേറെ വീടുകള്‍ നശിച്ചു. 340 പേരുടെ ജീവനെടുത്തു. 25,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഒരു വീണ്ടെടുപ്പിന് 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതിന് ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നിച്ചിറങ്ങി. അവര്‍ക്ക് മുമ്പിലുണ്ടായിരുന്നത് ഏഴുനിറമുള്ള കൊടിയും ഏഴഴകുള്ള മനസ്സുമായി സഹകരണ സ്ഥാപനങ്ങളും ജീവനക്കാരുമായിരുന്നു. സഹകരണ സംഘങ്ങള്‍ അംഗങ്ങളുടെ സമാശ്വാസത്തിന് വേണ്ടി നീക്കിവെച്ച പണമെല്ലാം സര്‍ക്കാരിന് നല്‍കി. ലാഭവിഹിതം ദുരിതാശ്വാസത്തിനായി മാറ്റിവെച്ചു. 1500 വീടു നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. ആശ്വാസത്തിന് പലിശ കുറച്ചും പലിശ ഇല്ലാതെയും വായ്പകള്‍ നല്‍കി. ജീവനക്കാര്‍ ശമ്പളം മുഴുവനായും വിഹിതമായും സര്‍ക്കാരിനെ ഏല്‍്പിച്ചു. ജലത്താല്‍ മുറിവേറ്റവര്‍ക്ക് ലേപനമെന്നോണം സഹകരണ മേഖലയുടെ ആദ്യവിഹിതമെത്തിയപ്പോള്‍ അത് 100 കോടി രൂപ കഴിഞ്ഞിരുന്നു. ഇത് അവസാന കണക്കല്ല. ഇപ്പോഴും സഹകരണ സംഘങ്ങളുടെ സഹായം പദ്ധതിയായും പണമായും വന്നുകൊണ്ടിരിക്കുന്നുണ്ട്.
മുന്നറിയിപ്പ് നല്‍കാന്‍പോലും കഴിയാതെ പകച്ചുപോയ ഘട്ടത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. ആലപ്പുഴയില്‍ സഹകരണ സംഘങ്ങള്‍ക്ക് നാലു കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ചേന്ദമംഗലം കൈത്തറിയെ പെരുമ മാത്രം അവശേഷിപ്പിച്ച് പ്രളയം തകര്‍ത്തു. മൂന്നു ലക്ഷത്തിലധികം കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രത്തിലായി. ഈ ഘട്ടത്തില്‍ സഹകരണ സംഘങ്ങള്‍ ഹെല്‍പ് ഡെസ്ക്കുകള്‍ തുറന്നു. അവശ്യസഹായത്തിനു ആളും പണവും വാഹനവും വിട്ടുനല്‍കി. ഓരോ സംഘവും അവരുടെ പരിധിയിലുള്ള ജനങ്ങള്‍ക്ക് ആശ്വാസമായി പലതും ചെയ്തു. അത് ഭക്ഷണവും വസ്ത്രവുമെത്തിക്കുന്നതില്‍ മാത്രമല്ല, കുട്ടികള്‍ക്ക് പഠനോപകരണങ്ങളുറപ്പാക്കി വിദ്യാലയത്തിലയക്കുന്നതുവരെ നീണ്ടു. ജീവിതം വീണ്ടെടുക്കാനുള്ള സഹായം ഇപ്പോഴും തുടരുന്നു. സര്‍ക്കാര്‍ സംവിധാനത്തിനുപോലും ഇതുപോലെ സ്വയംതീരുമാന പ്രകാരം ഇറങ്ങാനാവാത്തത്, സഹകരണ സ്ഥാപനങ്ങള്‍ സ്വയംഭരണ സ്ഥാപനങ്ങളായതുകൊണ്ടുകൂടിയാണ്. സര്‍ക്കാരിന് നിയന്ത്രണാധികാരം മാത്രമാണുള്ളത്. പ്രളയഘട്ടത്തില്‍ ആരുടെയും നിര്‍ദ്ദേശത്തിന് കാത്തിരിക്കാതെ ഓടിപ്പുറപ്പെട്ടതാണ് ഈ സഹകരണ കൂട്ടായ്മയെന്ന് ഓര്‍ക്കണം. പക്ഷേ, പ്രളയാനന്തരം സഹകരണ സംഘങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിന്‍റെതായി ഇറങ്ങിയ രണ്ട് സര്‍ക്കുലറുകള്‍ സംഘങ്ങളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കുന്നതും നിയമവ്യവസ്ഥയെ മറികടന്നുള്ളവയുമാണെന്ന് പറയാതിരിക്കാനാവില്ല. അതായത്, ലാഭവിഹതവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നു ഇവ രണ്ടും. ലാഭം എങ്ങനെ വിഭജിക്കണമെന്ന് നിയമത്തിലും ചട്ടത്തിലും പറയുന്നുണ്ട്. അതിനപ്പുറം നിര്‍ദ്ദേശിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരമില്ല. ഉദ്ദേശശുദ്ധിയേയും നല്ല ലക്ഷ്യത്തെയും ഇവിടെ ചോദ്യം ചെയ്യുന്നില്ല. കാരണം , ഇവ സഹകരണ സംഘങ്ങള്‍ നേരത്തെ ഏറ്റെടുത്തതാണെന്ന് അവരുടെ പ്രവര്‍ത്തനം തെളിയിച്ചതാണ്. പക്ഷേ, അത് നിയമത്തെ മറികടന്നുള്ള നിര്‍ദ്ദേശമായി വരുന്നത്, സഹകരണത്തിന്‍റെ അന്തസ്സത്ത തകര്‍ക്കും. ഇത്തരം പ്രവര്‍ത്തനത്തിന് നിയമതടസ്സം നീക്കിക്കൊടുക്കലാണ് സര്‍ക്കാരിന്‍റെയും സഹകരണ സംഘം രജിസ്ട്രാറുടെയും ദൗത്യം. അല്ലാതെ നിയമക്കുരുക്ക് തീര്‍ക്കലല്ല.