പ്രളയത്തില്‍ സപ്ലൈയ്‌കോയ്ക്ക് നഷ്ടമായത് അഞ്ച് ഔട് ലെറ്റുകള്‍

[email protected]

പ്രളയത്തില്‍ അഞ്ച് സപ്ലൈക്കോ ഔട്ട്ലെറ്റുകളാണ് പത്തനംതിട്ട ജില്ലയില്‍ നശിച്ചത്. ഓണത്തിന് കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ പരമാവധി സാധനങ്ങളെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു സപ്ലൈകോ. അതിനാല്‍, ഔട് ലെറ്റുകളില്‍ ഇത് സ്‌റ്റോക്ക് ചെയ്തിട്ടുമുണ്ടായിരുന്നു. ഇവിടെയാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്.

ഓമല്ലൂര്‍ സൂപ്പര്‍മാര്‍ക്കറ്റ്, കോഴഞ്ചേരി സൂപ്പര്‍മാര്‍ക്കറ്റ്, കോഴഞ്ചേരി മാവേലി മെഡിക്കല്‍ സ്റ്റോര്‍, ആറന്മുള മാലേവി സ്റ്റോര്‍, മല്ലപ്പുഴശ്ശേരി മാവേലി സ്റ്റോര്‍ എന്നിവയാണ് വെള്ളം കയറി നശിച്ചവ. കെട്ടിടം, കൗണ്ടറുകള്‍, കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങി സാധനങ്ങള്‍ വരെ പ്രളയം കവര്‍ന്നു. ആറന്മുളയിലേയും കോഴഞ്ചേരിയിലേയും മാവേലി സ്റ്റോറുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മറ്റിടങ്ങളിലേത് മുക്കാല്‍ ഭാഗവും വെള്ളത്തിലായി. വെള്ളം കയറി വന്നപ്പോള്‍ ആറന്മുള മാവേലിസ്റ്റോറിലെ സാധനങ്ങള്‍ സമീപത്തെ ഹാളിലേയ്ക്ക് മാറ്റിയെങ്കിലും ഇവിടെയും വെള്ളം കയറിയതാണ് നഷ്ടത്തിന്റെ തോത് കൂടാന്‍ കാരണമായത്.

ഏകദേശം 1.97 കോടിയുടെ നഷ്ടമാണ് ഇതിലൂടെ സപ്ലൈക്കോയ്ക്കുണ്ടായത്. വെള്ളം ഇറങ്ങിയ ശേഷം ശുചീകരണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ തന്നെ തുടങ്ങി. വെള്ളം കയറി നശിച്ച സാധനങ്ങള്‍ ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്യുകയാണ്. കോഴഞ്ചേരിയിലും ഓമല്ലൂരിലുമാണ് ശുചീകരണവും, നിര്‍മാര്‍ജ്ജനപ്രവര്‍ത്തനവും നടന്നുവരുന്നത്. മറ്റ് മൂന്ന് ഔട്ട്ലെറ്റുകളിലേയും സാധനങ്ങള്‍ നീക്കുന്ന പണി പൂര്‍ത്തിയായി കഴിഞ്ഞു. പഞ്ചായത്തുകളുടെ പൂര്‍ണസഹകരണത്തോടെയാണ് നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കോഴഞ്ചേരിയില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം വലിയ കുഴികുഴിച്ച് അവിടെയാണ് നശിച്ച സാധനങ്ങള്‍ ഒഴിവാക്കുന്നത്. ഓമല്ലൂരില്‍ നശിച്ചുപോയ സാധനങ്ങള്‍ സംസ്‌കരിക്കുന്നതിന് ഇലവിനാമണ്ണില്‍ പി.ജെ കുര്യാക്കോസ് എന്ന വ്യക്തി ഭൂമി വിട്ടു നല്‍കി. പ്രതിസന്ധികള്‍ തരണം ചെയ്ത് എത്രയും വേഗം പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് സപ്ലൈക്കോ അധികൃതര്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!