പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമ ( ഭേദഗതി ) ബില്‍ -2022 ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പുകള്‍ക്കിടയിലാണു ബില്‍ അവതരിപ്പിച്ചത്.
ബുധനാഴ്ചയാണു പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. ഈ സമ്മേളനത്തില്‍ത്തന്നെ ഭേദഗതി ബില്‍ പാസാക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നറിയുന്നു.
രാജ്യത്തെ ആയിരത്തിയഞ്ഞൂറോളം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഭരണവും സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്താനും അവയില്‍ തിരഞ്ഞെടുപ്പു പരിഷ്കാരം കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണു ഈ ബില്‍. ഇതിനു മുമ്പു 2002 ലാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം ഭേദഗതി ചെയ്തത്.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമഭേദഗതി ബില്‍ അവതരിപ്പിക്കുന്നതു രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷം എതിര്‍ത്തത്. സഹകരണ സംഘങ്ങള്‍ സംസ്ഥാന നിയമത്തിന്‍കീഴില്‍ വരുന്നവയാണെന്നും കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുകയാണെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടണമെന്നു അദ്ദേഹം നിര്‍ദേശിച്ചു. ഫെഡറല്‍ തത്വങ്ങള്ക്കെതിരാണു ബില്ലെന്നു എന്‍.കെ. പ്രേമചന്ദ്രന് ( ആര്.എസ്.പി.) അഭിപ്രായപ്പെട്ടു. ബില്‍ പിന്‍വലിക്കണമെന്നു മനീഷ് തിവാരി ( കോണ്‍ഗ്രസ് ) ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും ഡി.എം.കെ.യും ബില്ലവതരണത്തെ എതിര്‍ത്തു.
[mbzshare]