പ്രഖ്യാപനം പാഴായി; സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പായില്ല

moonamvazhi

സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുസ്ഥലം മാറ്റം നടപടികള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പില്‍ നടപ്പായില്ല. ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിന് സഹകരണ വകുപ്പ് നടപടി സ്വീകരിക്കാത്തത് കോടതിയിലെത്തിയതാണ്. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് മുമ്പില്‍ സഹകരണ സംഘം രജിസ്ട്രാര്‍ നേരിട്ട് ഹാജരായി ഇത് നടപ്പാക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍മുതല്‍ സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാവുമെന്നാണ് രജിസ്ട്രാര്‍ നല്‍കിയ സത്യവാങ് മൂലം. നിയമസഭയിലടക്കം മന്ത്രി വി.എന്‍.വാസവനും ഇക്കാര്യം പ്രഖ്യാപിച്ചു. എന്നാല്‍, ഇതുവരെ അത് നടപ്പാക്കായില്ല. ഇതോടെ സ്ഥലംമാറ്റം വീണ്ടും കോടതി കയറുന്ന സ്ഥിതിയായി.

2017-ലാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുമാനദണ്ഡം പാലിച്ച് സ്ഥലം മാറ്റ നടപടികള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. റവന്യു, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം ഇത് പൂര്‍ണരീതിയില്‍ നടപ്പാക്കി. ജീവനക്കാര്‍ കൂടുതലുള്ള വകുപ്പുകളാണ് ഇവയെല്ലാം. താരതമ്യേന ജീവനക്കാര്‍ കുറഞ്ഞ വകുപ്പാണ് സഹകരണം. എന്നിട്ടും ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കാത്തതാണ് ആക്ഷേപത്തിനും നിയമപോരാട്ടത്തിനും വഴിവെച്ചത്. 2023 മാര്‍ച്ച് 31ന് മുമ്പ് ഓണ്‍ലൈനായി പൊതുസ്ഥലം മാറ്റം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് മാര്‍ച്ച് 17ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ നല്‍കിയ മറുപടി.

സ്പാര്‍ക്കില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഇതിനുള്ള അപേക്ഷ സ്വീകരിക്കുകയോ കരട് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. ആറുമാസത്തിനകം ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കണമെന്നായിരുന്നു 2021-ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നല്‍കിയ നിര്‍ദ്ദേശം. കോഓപ്പറേറ്റീവ് ഓഡിറ്റേഴ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലായിരുന്നു ഇത്. എന്നാല്‍, ട്രിബ്യൂണല്‍ നിര്‍ദ്ദേശം നടപ്പാക്കിയില്ല. ഇതോടെ കോടതിയലക്ഷ്യ കേസ് നല്‍കി. അതിലാണ് സഹകരണ സംഘം രജിസ്ട്രാറോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. സോഫ്റ്റ് വെയറിലടക്കം ക്രമീകരണം വരുത്തേണ്ടതിനാല്‍ സമയം വേണമെന്നും 2023 ഏപ്രില്‍മുതല്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കുമെന്നുമായിരുന്നു അന്ന് നല്‍കിയ സത്യവാങ് മൂലം. ഇതാണ് വീണ്ടും തെറ്റിയത്.

രാഷ്ട്രീയം നോക്കി സ്ഥലം മാറ്റം നടപ്പാക്കുന്നുവെന്നാണ് സഹകരണ ജീവനക്കാരുടെ പരാതി. ഓഡിറ്റ് പരിശോധനയില്‍ വീഴ്ച ചൂണ്ടിക്കാട്ടിയ ഓഡിറ്ററെ പോലും സ്ഥലം മാറ്റുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മറയാക്കി ാെരു രാഷ്ട്രീയ നേതാവിന് കണ്ണൂര്‍ ജില്ലയിലെ സഹകരണ ബാങ്കില്‍ 26ലക്ഷം രൂപ ഇളവ് നല്‍കിയത് ചൂണ്ടിക്കാട്ടിയ ഓഡിറ്ററെ ഒറ്റദിവസം കൊണ്ടാണ് സ്ഥലം മാറ്റിയത്. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഒരേസ്ഥലത്ത് ഒരു ജീവനക്കാരന്‍ ജോലിയില്‍ തുടരുന്നത് ഒഴിവാക്കണമെന്നാണ് ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കുന്നതിനുള്ള ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതെല്ലാം സഹകരണ വകുപ്പില്‍ തുടരുന്നത് ഓണ്‍ലൈന്‍ സ്ഥലംമാറ്റ രീതി നടപ്പാക്കത്തതുകൊണ്ടാണെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!