പുതിയ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാവാം; ക്രഡിറ്റ് സംഘങ്ങള്‍ക്ക് പരിധി ആദ്യം രണ്ടുസംസ്ഥാനത്ത് മാത്രം

moonamvazhi

പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിന് കേന്ദ്ര സഹകരണ മന്ത്രാലയം അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഓണ്‍ലൈന്‍ രീതിയിലാണ് അപേക്ഷ നല്‍കേണ്ടത്. നിലവില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഒട്ടേറെ അപേക്ഷകള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇതിലൊന്നും തീരുമാനമുണ്ടായിട്ടില്ല. കേന്ദ്ര സഹകരണ രജിസ്ട്രാറുടെ ഓഫീസ് കമ്പ്യൂട്ടര്‍ വല്‍ക്കരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടിയിലേക്ക് കടക്കുന്നത്. രജിസ്‌ട്രേഷന്റെ മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈന്‍ രീതിയിലാണ് പൂര്‍ത്തിയാക്കുക.

വായ്പ സംഘങ്ങളും വിവിദോദ്ദേശ സംഘങ്ങളുമാണ് തുടങ്ങുന്നതെങ്കില്‍ അതിന് തുടക്കത്തില്‍ രണ്ടു സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മാത്രമായിരിക്കും പ്രതിവര്‍ത്തന പരിധി നല്‍കുക. ഇത്തരം സംഘങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് ഏതൊക്കെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളുമാണോ പ്രവര്‍ത്തന പരിധിയാകുന്നത് അവിടുത്തെ സഹകരണ സംഘങ്ങളില്‍നിന്ന് എതിര്‍പ്പില്ലാ രേഖ ഹാജരാക്കണം. ഈ രേഖയുടെ പകര്‍പ്പ് നല്‍കിയാലും അംഗീകരിക്കില്ല. യാഥാര്‍ത്ഥ രേഖ തന്നെ ഹാജരാക്കേണ്ടതുണ്ട്. നിലവിലുള്ള സംഘങ്ങള്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ, കേന്ദ്രഭരണ പ്രദേശങ്ങളിലോ പ്രവര്‍ത്തന പരിധി വ്യാപിപ്പിക്കുകയാണെങ്കിലും സഹകരണ സംഘം രജിസ്ട്രാറുടെ എതിര്‍പ്പില്ലാരേഖ വേണ്ടതുണ്ട്.

തുടങ്ങാനുദ്ദേശിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനത്തിനായി സ്വരൂപിച്ച പണം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖ, സംഘം വിജയകരമായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്നത് ബോധ്യപ്പെടുത്തുന്ന പദ്ധതി രേഖ, ബൈലോയുടെ നാല് യഥാര്‍ത്ഥ കോപ്പി എന്നിവയെല്ലാം ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടതുണ്ട്. ഓരോ സംസ്ഥാനങ്ങളിലും കുറഞ്ഞത് 50 അംഗങ്ങളെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ഈ അംഗങ്ങളുടെ പേരും വിലാസവും അടങ്ങുന്ന പട്ടിക കേന്ദ്ര രജിസ്ട്രാര്‍ക്ക് നല്‍കേണ്ടതുണ്ട്.

രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്, ബൈലോ ഭേദഗതി, വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് എല്ലാം ഓണ്‍ലൈന്‍ വഴിയാണ്. കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുമായുള്ള സംഘങ്ങളുടെ എല്ലാ ആശയവിനിമയവും ഓണ്‍ലൈന്‍ വഴിയാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ സംഘത്തിനും പ്രത്യേകം യൂസര്‍ ഐ.ഡി.യും പാസ് വേര്‍ഡും ലഭിക്കും.

Leave a Reply

Your email address will not be published.