പുതിയ ബി ആർ ആക്റ്റിൽ സഹകരണമേഖല നൽകിയ ചരിത്രപരമായ സംഭാവനകളെ തിരസ്കരിക്കുകയാണെന്ന് എം. കെ. രാഘവൻ എം. പി

adminmoonam

ഇന്ത്യന്‍ ബാങ്കിംഗിന് സഹകരണ മേഖല നല്‍കിയ ചരിത്രപരമായ സംഭാവനകളെ തിരസ്കരിക്കുകയാണ് ബാങ്കിങ് റെഗുലേഷന്‍ ഭേദഗതി ബില്‍. ബില്ലിനോടനുബന്ധിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിൽ ബില്ലിനെ പ്രതികൂലിച്ചുകൊണ്ട് എം.കെ. രാഘവൻ എം. പി പറഞ്ഞു.

പരമ്പരാഗതമായി, ഇന്ത്യന്‍ ബാങ്കിംഗിന്‍റെ ഉത്ഭവം ആധുനിക സഹകരണ ബാങ്കിംഗിന് സമാനമാന രീതിയിലായിരുന്നു. സാധാരണക്കാര്‍ക്കും വ്യാപാരികള്ക്കും മിതമായ പലിശ നിരക്കില്‍ ദൈനംദിന വായ്പ നല്‍കിയ പാരമ്പര്യമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഊന്നല്‍ നല്‍കിയത്.പല പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും അവരുടെ പേരില്‍ നിന്ന് ബാങ്ക് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതിലൂടെ വന്നവഴി മറക്കുന്നതിന് തുല്യമാണ്. പ്രധാനമായും കേരളത്തിലെ ഗ്രാമീണ മേഖലയിലെ തുടര്‍ച്ചയായ പരിവര്‍ത്തനം സംഭവിച്ചത് സഹകരണ ബാങ്കുകളുടെ വലിയ സംഭാവനകളാണ്.

റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ കടന്നുകയറ്റം നടത്തിയിട്ടുണ്ട്. ഒരു നിയമത്താലും ചോദ്യം ചെയ്യപ്പെടാത്ത ഡയറക്ടര്‍മാരുടെ നിയമനത്തില്‍ പോലും കൈകടത്താന്‍ ആര്‍ബിഐക്ക് കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കി.ഭേദഗതി ബില്ലിലെ വകുപ്പ് 12 വളരെ വിവാദപരമാണ്. സഹകരണ ബാങ്കുകളുടെ ഓഹരികള്‍ കൈമാറ്റം ചെയ്യാനും, ആര്‍ക്കും വാങ്ങാനും കഴിയും. തുടര്ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ ഇത് ബോര്‍ഡിനെ അട്ടിമറിക്കത്തക്ക രീതിയിലേക്ക് മാറും. ഇത് സഹകരണ സ്ഥാപനങ്ങളില്‍ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കുമെന്നും എം.പി ഫേസ്ബുക്കിൽ കുറിച്ചു.

സഹകരണ ബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്കിന്‍റെ അധികാരം തെളിയിക്കുന്ന മറ്റൊരു വിഭാഗം സെക്ഷന്‍ 36 എഎ ആണ്.ബോര്‍ഡ് ചെയര്‍മാനെ നീക്കാന്‍ ആര്‍ബിഐക്ക് ഇതുവഴി അധികാരമുണ്ട്. ഈ തീരുമാനം എവിടെയും ചോദ്യം ചെയ്യപ്പെടാന്‍ നിര്‍വ്വഹമില്ല. നിയന്ത്രണത്തിന്‍റെയും മേല്‍നോട്ടത്തിന്‍റെയും പേരില്‍ ഭൂരിഭാഗം ഓഹരിയുടമകളെയും ശിക്ഷിക്കുന്നത് നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് നല്ലതല്ല.തിരഞ്ഞെടുക്കപ്പെട്ട കുറച്ച് സഹകരണ സ്ഥാപനങ്ങളുടെ പരാജയം അത്തരം സ്ഥാപനങ്ങള്‍ സ്വീകരിച്ച അനിയന്ത്രിതമായ വായ്പാ സമ്പ്രദായങ്ങള്‍ മൂലമാണ്. അത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങളും പൊതുവാണെന്ന് സ്ഥാപിക്കരുതെന്നും ധനമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് സഹകരണ സ്ഥാപനങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന് പകരം സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്നതിന് താത്പര്യമെടുക്കണം. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപകരുടെയും ഉദ്യോഗസ്ഥരുടെയും ഉള്ളില്‍ ഭയത്തിന് വഴിയൊരുക്കുന്നു. ഇത് അത്തരം സഹകരണ ബാങ്കുകളിലുള്ള പൊതുജനവിശ്വാസം വന്‍തോതില്‍ ഇല്ലാതാക്കാന്‍ ഇടയാക്കും. മാനേജ്മെന്‍റ് ആര്‍ബിഐ ഏറ്റെടുക്കുന്നതിനുള്ള ഓവര്‍ റൈഡിംഗ് ക്ലോസുകള്‍ വര്‍ദ്ധിപ്പിക്കും. വായ്പ നല്‍കുന്നത് നിര്‍ത്തുമ്പോള്‍, അത് ആത്യന്തികമായി വിപണിയിലെ പണലഭ്യതയെ സാരമായി ബാധിക്കും. തിടുക്കത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് ഗ്രാമീണ വായ്പകളുടെ കാര്യത്തില്‍ നമ്മുടെ ഗ്രാമീണ ബാങ്കുകള്‍ വഹിക്കുന്ന പങ്ക് സര്‍ക്കാര്‍ കണക്കിലെടുക്കണം. ഈ സഹകരണ ബാങ്കുകള്‍ നമ്മുടെ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ മൂലധന അടിത്തറയായി മാറുന്നുവെന്നതും സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ബില്ലിനെ പ്രതികൂലിച്ചുകൊണ്ട് എം.പി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News