പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം; പത്തുകോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍

moonamvazhi

പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം തീര്‍ക്കുകയാണ് തിരുവനന്തപുരം കരകുളം സര്‍വീസ് സഹകരണ ബാങ്ക്. പൂക്കള്‍, പച്ചക്കറി, മത്സ്യങ്ങള്‍, കൃഷിയിടങ്ങളിലൂടെ നടന്നുകാണാന്‍ നാഡീ ഞരമ്പുകളെപ്പോലെ കൊച്ചുനടപ്പാതകള്‍, രാത്രിയില്‍ പ്രഭവിതറാന്‍ സോളാര്‍ വിളക്കുകള്‍. കര്‍ഷകരെ ഒരുപദ്ധതിക്ക് കീഴില്‍ മനോഹരമായ ഒരു സഹകരണഗ്രാമമാണ് ബാങ്ക് നടപ്പാക്കുന്നത്. ഇതിന് ‘കാസ്‌കോ വില്ലേജ്’ എന്നാണ് ബാങ്ക് നല്‍കിയ പേര്. വെറും കൃഷിയിടം എന്ന രീതിയിലല്ല കാസ്‌കോ വില്ലേജ് ഒരുക്കിയത്. ടൂറിസ്റ്റുകള്‍ക്ക് നടന്നുകാണാം. തണലിലിരുന്ന് മതിയാവോളം സംസാരിക്കാം. താമസിക്കാന്‍ ചെറിയ ഹട്ടുകളും സ്ഥാപിക്കും. ടൂറിസം വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് ഇതെല്ലാം നടപ്പാക്കുന്നത്. ബാങ്കിന് കീഴില്‍ 2021 ല്‍ തുടങ്ങിയ കൃഷിക്കൂട്ടായ്മയെയാണ് കര്‍ഷകഗ്രാമമായി ഒരു പ്രദേശത്തെ മാറ്റുന്ന മനോഹര പ്രൊജക്ടായി മാറിയത്.

കരകുളം സര്‍വീസ് സഹകരണ ബാങ്ക് കെയ്‌സ്‌കോ വില്ലേജ് പ്രൊജക്ട് നടപ്പാക്കുന്നതിന് പത്തുകോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതില്‍ 4.80 കോടി രൂപ സബ്‌സിഡിയായും 4.20 കോടിരൂപ ഓഹരിയായുമാണ് നല്‍കുന്നത്. ബാക്കി ഒരുകോടി രൂപമാത്രമാണ് വായ്പ. ബാങ്കിന്റെ പദ്ധതി സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചാണ് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതിയില്‍നിന്നാണ് ബാങ്കിന് പണം അനുവദിക്കുക.

ഈ പദ്ധതിക്ക് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും പണം അനുവദിക്കുന്നതിന് ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പദ്ധതിയെ രണ്ടുഭാഗമാക്കി തിരിക്കാനാണ് നിര്‍ദ്ദേശം. ഇതില്‍ ആദ്യത്തെ ഭാഗം ഉള്‍പ്പെടുത്തി അഞ്ചുകോടിക്കുള്ള പ്രപ്പൊസല്‍ സഹകരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബാക്കി തുക അനുവദിക്കുന്നതിന് വേറെ പുതുക്കിയ പ്രൊപ്പോസല്‍ നല്‍കണം. ഒന്നിച്ച് പത്തുകോടി രൂപ അനുവദിക്കുന്നതിനുള്ള സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണമാണ് ഇത്തരമൊരു ക്രമീകരണം നടത്തുന്നത്.

ഗ്രാമീണ ചന്തയുടെ പ്രവര്‍ത്തനത്തിന് നേരത്തെ സര്‍ക്കാര്‍ പത്തുലക്ഷം രൂപ അനുവദിച്ചിരുന്നു. അനര്‍ട്ടിന്റെ സഹായത്തോടെയാണ് സോളാര്‍ പദ്ധതി നടപ്പാക്കുന്നത്. 25 ഏക്കറില്‍ ജൈവഗ്രാമം വികസിപ്പിക്കുന്നതാണ് ബാങ്ക് തയ്യാറാക്കിയ പദ്ധതി. 45 കോടിരൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. 20 കര്‍ഷകര്‍ നിലവില്‍ ബാങ്കിന്റെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. 1200 കിലോയിലധികം പച്ചക്കറി ഒരുമാസം ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. രണ്ടുലക്ഷത്തോളം രൂപയുടെ മത്സ്യങ്ങളും ഓരോമാസവും വില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published.