നാളെ അന്താരാഷ്ട്ര സഹകരണ ദിനം:ഈ ദിനത്തിൽ ചരിത്ര നേട്ടത്തിന്റെ നിറവിലാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്ന് സഹകരണ വകുപ്പ് മന്ത്രി.
നാളെ അന്താരാഷ്ട്ര സഹകരണ ദിനമാണ്. ഈ ദിനത്തിൽ ചരിത്ര നേട്ടത്തിന്റെ നിറവിലാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രളയദുരിതത്തിലും മഴക്കെടുതിയിലും വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം സഹകരണ വകുപ്പ് ആവിഷകരിച്ച് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയിലെ രണ്ടായിരാമത് വീടിന്റെ താക്കോൽദാനം നാളെ നിർവഹിക്കുമെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.
കുമാരപുരം പടിഞ്ഞാറ്റിൽ ലെയിനിൽ സിദ്ധാർത്ഥനാണ് രണ്ടായിരാമത് വീടിൻറെ അവകാശി. ഏറ്റവും കുറഞ്ഞ വിസ്തീർണം 500സ്ക്വയർ ഫീറ്റ് ആണ് നിശ്ചയിച്ചതെങ്കിലും 625 സ്ക്വയർ ഫീറ്റ് ആണ് സിദ്ധാർഥന്റെ വീടിന്. കെയർ ഹോം പദ്ധതിയിൽ നിർമിച്ച ഭൂരിഭാഗം വീടുകളും 500 സ്ക്വയർ ഫീറ്റിൽ കൂടുതലുണ്ട്. 5 ലക്ഷം രൂപയാണ് നിർമാണത്തിനായി നിശ്ചയിച്ചതെങ്കിലും 10 ലക്ഷം രൂപ വരെ ചെലവഴിച്ചും വീടുകൾ നിർമിച്ചിട്ടുണ്ട്. സ്ഥല പരിമിതി മറികടന്ന് ഒന്നര സെന്റിൽ നിർമിച്ച വീടും വെള്ളപ്പൊക്ക ബാധിത മേഖലകളിൽ തൂണുകളുടെ മേൽ നിർമിച്ച വീടുകളും ശ്രദ്ധേയമായി. 1500 വീട് നിർമ്മിക്കാൻ ആണ് ആദ്യം ഉദ്ദേശിച്ചത് എങ്കിലും 2 വർഷത്തിനുള്ളിൽ 2000 വീടുകൾ നിർമിക്കാൻ സഹകരണ പ്രസ്ഥാനത്തിന് സാധിച്ചതായി മന്ത്രി പറഞ്ഞു.