ദേശീയ കയറ്റുമതി സഹകരണസംഘം അരിയും പഞ്ചസാരയും കയറ്റിയയക്കുന്നു

moonamvazhi

ഉല്‍പ്പന്നങ്ങള്‍ കയറ്റിയയ്ക്കുന്നതിനായി ദേശീയതലത്തില്‍ പുതുതായി രൂപംകൊണ്ട നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡിന് ( NCEL ) വിദേശരാജ്യങ്ങളിലേക്ക് അരിയും പഞ്ചസാരയും കയറ്റിയയ്ക്കാന്‍ അനുമതി ലഭിച്ചതായി സഹകരണമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. 16 രാജ്യങ്ങളിലേക്കു 14,92,800 ടണ്‍ വെള്ളയരിയും രണ്ടു രാജ്യങ്ങളിലേക്കു അമ്പതിനായിരം ടണ്‍ പഞ്ചസാരയും അയയ്ക്കാനാണ് അനുമതി കിട്ടിയിരിക്കുന്നത്.

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമത്തിന്‍കീഴില്‍ ഇക്കൊല്ലം ജനുവരിയിലാണു ദേശീയ കയറ്റുമതി സഹകരണസംഘം സ്ഥാപിച്ചത്. കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും കൈത്തറി, കരകൗശലവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണവും നടത്തുന്ന ധാരാളം സഹകരണസംഘങ്ങള്‍ ഈ കയറ്റുമതി സഹകരണസംഘത്തിന്റെ കീഴില്‍ വരും. ഉല്‍പ്പന്നങ്ങള്‍ കയറ്റിയയച്ച് ഇപ്പോള്‍ കിട്ടുന്ന 2160 കോടി രൂപയുടെ വരുമാനം 2025 ആകുമ്പോഴേക്കും ഇരട്ടിയാക്കാനാണു പുതിയ സംഘം ലക്ഷ്യമിടുന്നത്.

22 സംസ്ഥാനങ്ങളില്‍നിന്നു വിവിധവിഭാഗങ്ങളിലായി സംഘത്തില്‍ അംഗത്വം കിട്ടാന്‍വേണ്ടി 2581 അപേക്ഷകള്‍ വന്നിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. 14,92,800 ടണ്‍ വെള്ളയരിയും 50,000 ടണ്‍ പഞ്ചസാരയും കയറ്റിയയക്കാനാണ് ഇതുവരെ സംഘത്തിന് അനുമതി കിട്ടിയിരിക്കുന്നത്. ഉല്‍പ്പന്നക്കയറ്റുമതിയില്‍ താല്‍പ്പര്യമുള്ള പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ മുതല്‍ അപക്‌സ് സംഘങ്ങള്‍ക്കുവരെ പുതിയ ദേശീയസംഘത്തില്‍ അംഗത്വം ലഭിക്കുമെന്നു മന്ത്രി പറഞ്ഞു.

രാജ്യത്തെ സഹകരണമേഖലയില്‍ മിച്ചം വരുന്ന ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കുന്നതിലായിരിക്കും കയറ്റുമതിസംഘം ഊന്നല്‍ നല്‍കുക. രാജ്യാതിര്‍ത്തികള്‍ കടന്ന് ഇന്ത്യന്‍ സഹകരണോല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യം വര്‍ധിപ്പിക്കുകയും അതുവഴി മികച്ച വില നേടിയെടുക്കുകയുമാണു സംഘത്തിന്റെ ലക്ഷ്യം. ഉല്‍പ്പന്നങ്ങളുടെ സംഭരണം, ശേഖരണം, സംസ്‌കരണം, വിപണനം, ബ്രാന്റിങ്, ലേബലിങ്, പാക്കേജിങ്, സര്‍ട്ടിഫിക്കേഷന്‍, ഗവേഷണം, വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഈ സംഘം കയറ്റുമതി പ്രോത്സാഹിപ്പിക്കും. സഹകരണസംഘങ്ങളുടെ എല്ലാതരം ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വ്യാപാരം സംഘം നടത്തും-സഭയില്‍ എഴുതിക്കൊടുത്ത മറുപടിയില്‍ മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published.

Latest News