തൃശൂരിലെ 15 സഹകരണ സംഘങ്ങള്‍ക്ക് നവീകരണത്തിന് ഐ.സി.ഡി.പി. ധനസഹായം
തൃശൂരിലെ സഹകരണ സംഘങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആധുനീകരിക്കുന്നതിനുമായി എന്‍.സി.ഡി.സി.യുടെ സഹായം. ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് പ്രൊജക്ട് (ഐ.സി.ഡി.പി.) അനുസരിച്ചാണ് സഹായം നല്‍കുന്നത്. ഈ പദ്ധതിയില്‍ രണ്ടാംഘട്ടം 80 കോടിരൂപ അനുവദിക്കാന്‍ എന്‍.സി.ഡി.സി. തീരുമാനിച്ചിട്ടുണ്ട്. അതില്‍നിന്നാണ് 15 സംഘങ്ങള്‍ക്കായി 2.85 കോടിരൂപ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.
സി.സി.ടി.വി. സ്ഥാപിക്കല്‍, ഓഫീസ് കെട്ടിടനിര്‍മ്മാണം, ബാങ്കിങ് കൗണ്ടറിന്റെ നവീകരണം, ഫര്‍ണീച്ചറുകളും മറ്റ് ഉപകരണങ്ങളും ഒരുക്കല്‍, കോണ്‍ഫറന്‍സ് ഹാളിന്റെ നിര്‍മ്മിതി, വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള മാര്‍ജിന്‍ മണി സഹായം, ഗോഡൗണ്‍ നിര്‍മ്മാണം, സേഫ് ലോക്കര്‍ നിര്‍മ്മാണം, മൂലധന ശേഷിക്കുള്ള ഓഹരി പങ്കാളിത്തം, എ.ടി.എം. ലോബി സ്ഥാപിക്കല്‍, സൗരോര്‍ജ പദ്ധതി നടപ്പാക്കല്‍ എന്നിങ്ങനെയുള്ളവയാണ് ധനസഹായത്തിന് പരിഗണിച്ചത്. സംഘങ്ങളുടെ പ്രൊജക്ട് റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവോടെയാണ് പണം അനുവദിക്കുന്നത്.
വായ്പ, ഓഹരി എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടാണ് ഓരോ സംഘങ്ങള്‍ക്കും പണം അനുവദിക്കുന്നത്. 2.13 കോടിരൂപയും ഓഹരിയായാണ് സംഘങ്ങള്‍ക്ക് നല്‍കുന്നത്. ഐ.സി.ഡി.പി. പദ്ധതി അനുസരിച്ച് തൃശൂരിന് 80 കോടി രൂപ അനുവദിക്കാമെന്ന് 2015ലും 2022ലും എന്‍.സി.ഡി.സി. മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. 2011-22 സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക റിലീസ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍, തുക പിന്‍വലിച്ച് വിനിയോഗിക്കാനായില്ല. അതിനാല്‍, 2022-23 വര്‍ഷത്തില്‍ ഇതില്‍നിന്ന് 15 സംഘങ്ങള്‍ക്ക് തുക അനുവദിക്കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കി ഉത്തരവിറക്കിയത്.
കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ മള്‍ട്ടിപര്‍പ്പസ് സെന്ററുകളാക്കി മാറ്റുകയെന്നതാണ് ഐ.സി.ഡി.പി. പദ്ധതിയുടെ ഒരു ലക്ഷ്യം. സഹകരണ സംഘങ്ങളിലൂടെ വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനാണ് സഹായം നല്‍കുന്നത്. ഒപ്പം ഗ്രാമീണ മേഖലയിലെ പണമിടപാട് സുരക്ഷിതവും ശക്തവുമാക്കുക എന്ന ലക്ഷ്യവുമുണ്ട്. തൃശൂരില്‍ സഹായം അനുവദിച്ച 14 സഹകരണ സംഘങ്ങളും സര്‍വീസ് സഹകരണ ബാങ്കുകളാണ്. 31.17ലക്ഷം തൃശൂര്‍ ജില്ലാസഹകരണ ബാങ്കിന്റെ ഓഹരി മൂലധനം കൂട്ടാനുള്ള സഹായമാണ്. കേരളബാങ്ക് രൂപീകരണത്തിന് മുമ്പുള്ള അപേക്ഷയാണിത്. അതിനാല്‍, ഇപ്പോള്‍ ഈ സഹായം കേരളബാങ്കിന് ഗുണകരമാകും.