തിരഞ്ഞെടുപ്പിന്റെ ഘടന മാറുന്നു; അംഗീകാരത്തിന് മില്‍മയില്‍ ഓണ്‍ലൈന്‍ പൊതുയോഗം

Deepthi Vipin lal

മില്‍മയിലെ ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഘടന മാറുന്നു. ഒരു യൂണിയനിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി ഒഴിവാകും. പകരം, ജില്ലാ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഈ രീതിയനുസരിച്ച് തിരുവനന്തപുരം മേഖലാ യൂണിയനില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടക്കും. നേരത്തെയുണ്ടായിരുന്ന ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് തിരുവനന്തപുരം യൂണിയന്‍.

പുതിയ പരിഷ്‌കാരത്തിന് പൊതുയോഗം അംഗീകാരം നല്‍കണം. ഇതിനായി ജനുവരി 27ന് ഓണ്‍ലൈന്‍ പൊതുയോഗം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് യോഗം ചേരുന്നത്. മൂന്നു തവണ സംഘം പ്രസിഡന്റായവര്‍ക്ക് ഇനിമുതല്‍ മത്സരിക്കാനാകില്ല എന്ന ഭേദഗതിയും യോഗത്തില്‍ അവതരിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്ഷീരസംഘങ്ങളുടെ പ്രസിഡന്റുമാരാണ് തിരുവനന്തപുരം യൂണിയനിലെ വോട്ടര്‍മാര്‍.

തിരുവനന്തപുരത്തുനിന്ന് അഞ്ചു പേരെയാണ് ബോര്‍ഡിലേക്കു തിരഞ്ഞെടുക്കുക. കൊല്ലം – നാല്, ആലപ്പുഴ – മൂന്ന്, പത്തനംതിട്ട – രണ്ട് എന്നിങ്ങനെയാകുമിത്. ഇതിനായുള്ള പുതിയ ഭേദഗതി യൂണിയന്റെ ഓണ്‍ലൈന്‍ പൊതുയോഗത്തില്‍ അവതരിപ്പിക്കും. ഓരോ ജില്ലയിലും വനിതാ സംവരണം അല്ലെങ്കില്‍ പട്ടിക ജാതി / വര്‍ഗ സംവരണവും ഉറപ്പാക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ – നാല് വീതം, പത്തനംതിട്ട – രണ്ട് എന്നിങ്ങനെയായിരുന്നു മുന്‍പ് ബോര്‍ഡില്‍ ജില്ലകളുടെ പ്രാതിനിധ്യം.

ഓണ്‍ലൈന്‍ യോഗം നടത്താന്‍ യൂണിയന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന യോഗത്തിന് കോവിഡ് മാനദണ്ഡം ചൂണ്ടിക്കാണിച്ച് കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഓണ്‍ലൈനായി യോഗം ചേരാന്‍ തീരുമാനിച്ചത്. ഏഴു കേന്ദ്രങ്ങളില്‍നിന്ന് ഗൂഗിള്‍ മീറ്റിലൂടെയാകും യോഗം ചേരുക. തിരുവനന്തപുരത്ത് രണ്ട് കേന്ദ്രങ്ങളില്‍നിന്നാണ് ഓണ്‍ലൈന്‍ യോഗം. കൊല്ലം, ആലപ്പുഴ ജില്ലകളിലും രണ്ട് കേന്ദ്രങ്ങള്‍ വീതമുണ്ട്. സംഘങ്ങള്‍ കുറവുള്ള പത്തനംതിട്ട ജില്ലയില്‍ ഒരു കേന്ദ്രമാണ് ഒരുക്കുക.

യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനും ജില്ലാ പ്രാതിനിധ്യം ഉറപ്പാക്കാനും ഒരു മാസത്തിനകം യോഗം വിളിച്ചുകൂട്ടണമെന്നായിരുന്നു നവംബറില്‍ ഹൈക്കോടതി വിധിച്ചത്. യോഗം ചേര്‍ന്നതിനു ശേഷം മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതിവിധി. ആകെ 955 ക്ഷീരസംഘം പ്രസിഡന്റുമാരാണ് മില്‍മ തിരുവനന്തപുരം യൂണിയനു കീഴിലുള്ളത്. ഏറ്റവും കൂടുതല്‍ പേരുള്ളത് തിരുവനന്തപുരം ജില്ലയിലാണ് – 315 പേര്‍. കുറവ് പത്തനംതിട്ടയിലും – 166 പേര്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News