തലപ്പാടി മുതൽ ചെങ്കള വരെ ആറുവരിപ്പാതയാക്കാനുള്ള കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

Deepthi Vipin lal

ദേശീയപാത 66 (പഴയ എൻ.എച്ഛ്. 17) -ൽ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്. ഭാരത്‌ മാല പദ്ധതിയിൽ പെടുന്ന ഈ റോഡ് പതിനഞ്ചുവർഷത്തെ പരിപാലനം കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്.

രാജ്യാന്തര ടെൻഡറിൽ പങ്കെടുത്ത് അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്. ഹൈദരാബദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെ.എൻ.ആർ. ഗ്രൂപ്പുകൾ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ കരസ്ഥമാക്കിയത്.

ദേശീയപാതാ അതോറിറ്റിയുടെ കരാറിൽ ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാർ നേടുന്നതും. കേന്ദ്രസർക്കാരിന്റെ കരാറുകൾ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വളർച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.

കേരളത്തിൽനിന്നുള്ള ഒരു കരാർസ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഭാരത് മാല, സുവർണ്ണചതുഷ്ക്കോണ സൂപ്പർ ഹൈവേ തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്ന നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഇത്തരം പ്രവൃത്തികളുടെ ടെൻഡറിൽ ഒറ്റയ്ക്കു പങ്കെടുക്കാൻ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരു കരാർസ്ഥാപനം ഊരാളുങ്കൽ സൊസൈറ്റിയാണ്. ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്തു നടത്താൻ കഴിയുന്ന രാജ്യത്തെ ഏക സഹകരണസംഘവും ഊരാളുങ്കലാണ്.

സംസ്ഥാനാതിർത്തിയിൽനിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാർ 1704.125  കോടി രൂപയ്ക്കാണു സൊസൈറ്റിക്കു ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെൻഡറിനെക്കാൾ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ്പ്  1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെ.എൻ.ആർ. ഗ്രൂപ്പ് 2199.00 കോടി രൂപയുമാണു ക്വോട്ട് ചെയ്തത്.

രണ്ടുവർഷമാണു നിർമാണകാലാവധി. എസ്റ്റിമേറ്റുതുക  1268.53  കോടി രൂപയാണ്. കരാറിന്റെ 40 ശതമാനം തുകയേ നിർമ്മാണസമയത്തു ലഭിക്കൂ. ബാക്കി 15 വർഷം‌കൊണ്ടു 30 ഗഡുക്കളായാണു നല്കുക. നിർമാണത്തിന്റെ 60 ശതമാനം തുക കരാറുകാരായ സൊസൈറ്റി കണ്ടെത്തണം. ഇതിന്റെ പലിശയും സൊസൈറ്റി വഹിക്കണം.

കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ആറുവരി ആക്കുന്ന പദ്ധതിയിൽ തലപ്പാടി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 11 റീച്ചുകളുടെയും ആലപ്പുഴ ജില്ലയിലെ പറവൂർ മുതൽ കടമ്പാട്ടുകോണം വരെയുള്ള മൂന്നു റീച്ചിലെയും ടെൻഡർ നടപടികൾ നടന്നുവരുന്നതിൽ വടക്കുനിന്നു കാപ്പിരിക്കാട് വരെയുള്ള ടെൻഡർ നടപടി പൂർത്തിയായി. മറ്റുള്ളവയും വൈകാതെ പൂർത്തിയാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!