തര്‍ക്കം തീര്‍ക്കാന്‍ കോടതി വേണ്ട, മാധ്യസ്ഥംമതി

[mbzauthor]

ടി. സുരേഷ് ബാബു

തിരുവിതാംകൂറില്‍ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സ്വാതന്ത്യസമരസേനാനിയായിരുന്ന ജി.കെ. ദേവധാറിന്റെ നേതൃത്വത്തില്‍ 1932 ല്‍ നിയോഗിക്കപ്പെട്ട സഹകരണാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലെ 26 -ാം അധ്യായം വിശദമായി പരിശോധിക്കുന്നതു ആര്‍ബിട്രേഷന്റെ ( മാധ്യസ്ഥം ) പ്രാധാന്യത്തെക്കുറിച്ചാണ്. സഹകരണ സംഘങ്ങളിലെ തര്‍ക്കങ്ങളും പരാതികളും കോടതിമുറികളിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ സമിതി ഒന്നടങ്കം എതിരാണ്. അധികം കാലതാമസമില്ലാതെ എളുപ്പം തീര്‍ക്കാവുന്ന മാധ്യസ്ഥത്തിന്റെ / ഒത്തുതീര്‍പ്പിന്റെ വഴിയാണു പ്രായോഗികം എന്നാണു സമിതി അഭിപ്രായപ്പെടുന്നത്. സംഘങ്ങള്‍ക്കും എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ക്കും ഇതാണു നല്ല പോംവഴിയെന്നു സമിതി ചൂണ്ടിക്കാട്ടുന്നു.

മാധ്യസ്ഥം വഴി പ്രശ്‌നങ്ങള്‍ക്കു തീര്‍പ്പു കല്‍പ്പിക്കുക എന്നതാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളതുപോലെ തിരുവിതാംകൂറിലും സഹകരണ മേഖലയില്‍ പിന്തുടര്‍ന്നുപോരുന്ന രീതി എന്നു സഹകരണാന്വേഷണ സമിതി പറയുന്നു. സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ തീരുമാനമെടുക്കാനായി രജിസ്ട്രാര്‍ക്കോ അല്ലെങ്കില്‍ ആര്‍ബിട്രേഷനോ വിടണമെന്നാണു സഹകരണ നിയമത്തിലെ 42 -ാം വകുപ്പില്‍ വ്യക്തമാക്കുന്നത്. അതേസമയം, തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷനു വിടണം എന്നതു നിര്‍ബന്ധമല്ല എന്നാണു പിന്നീടുണ്ടാക്കിയ ചട്ടത്തില്‍ പറയുന്നത്. വളരെ കുറഞ്ഞ ചെലവിലും പെട്ടെന്നും പ്രശ്‌നപരിഹാരമുണ്ടാവാന്‍ ആര്‍ബിട്രേഷനാണു നല്ല വഴി എന്നു സര്‍ക്കാര്‍ ചിന്തിക്കുന്നു. മധ്യസ്ഥര്‍ക്കു പൂര്‍ണാധികാരം നല്‍കുന്ന സര്‍ക്കാര്‍ അവരുടെ അവാര്‍ഡ് ( തീര്‍പ്പു കല്‍പ്പിക്കല്‍ ) അന്തിമമാണെന്നും വ്യക്തമാക്കുന്നുണ്ട്.

ആര്‍ബിട്രേഷന്‍
നിര്‍ബന്ധം

മദ്രാസ്, ബോംബെ, പഞ്ചാബ് പ്രവിശ്യകളിലും മൈസൂര്‍ സംസ്ഥാനത്തും ആര്‍ബിട്രേഷന്‍ നിര്‍ബന്ധമാണെന്നു അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. തര്‍ക്കത്തിന്റെ പേരില്‍ ഏതെങ്കിലും സഹകരണ സംഘത്തിനോ സംഘാംഗത്തിനോ കോടതിയില്‍ പോകാന്‍ ഇവിടങ്ങളില്‍ അവകാശമില്ല. ഇതിന്റെ ചുവടു പിടിച്ച് തിരുവിതാംകൂറിലും എല്ലാ തര്‍ക്കങ്ങളിലും, സൊസൈറ്റിയിലെ ശമ്പളക്കാരായ ജീവനക്കാര്‍ക്കെതിരെ എടുക്കുന്ന അച്ചടക്ക നടപടിയിലൊഴികെ, ആര്‍ബിട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നാണു സഹകരണാന്വേഷണ സമിതിയുടെ നിലപാട്. എന്നാല്‍, കുറഞ്ഞ ചെലവിലും കാലതാമസമില്ലാതെയും ഒരു വിധിയുണ്ടാവുക എന്ന ആര്‍ബിട്രേഷന്റെ പ്രഖ്യാപിത ലക്ഷ്യം തിരുവിതാംകൂറില്‍ നിര്‍ഭാഗ്യവശാല്‍ നടപ്പാവുന്നില്ല എന്നാണു സമിതി പറയുന്നത്. തര്‍ക്കം ആര്‍ബിട്രേഷനു വിടുന്ന കാര്യത്തിലും വിട്ടാല്‍ത്തന്നെ വിധി നടപ്പാക്കുന്നതിലും ഏറെ കാലതാമസമുണ്ടാകുന്നുണ്ട്. അനഭിലഷണീയമായ ഈയവസ്ഥയെക്കുറിച്ച് സഹകരണ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഒട്ടേറെ സഹകരണ സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല എന്നു സമിതി ഖേദപൂര്‍വം അഭിപ്രായപ്പെടുന്നു.

1932 – 33 ല്‍ 723 സഹകരണ സംഘങ്ങള്‍ 12,601 തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷനു വിട്ടതായി സഹകരണാന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷം ഇതു കുറവായിരുന്നു. 692 സംഘങ്ങള്‍ 11,098 തര്‍ക്കങ്ങളാണ് അക്കൊല്ലം മാധ്യസ്ഥത്തിനു വിട്ടത്. വര്‍ഷംതോറും ആര്‍ബിട്രേഷനു വിടുന്ന കേസുകളുടെ എണ്ണം കൂടുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1927 ല്‍ 4,223 തര്‍ക്കങ്ങളാണ് ആര്‍ബിട്രേഷനു വിട്ടിരുന്നതെങ്കില്‍ 1932 ല്‍ അതു 12,601 ആയിരിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് മൂന്നിരട്ടി വര്‍ധന. തീര്‍പ്പു കല്‍പ്പിക്കാന്‍ ബാക്കിയുള്ള തര്‍ക്കങ്ങള്‍ 1927 ല്‍ 3603 ആയിരുന്നെങ്കില്‍ 1932 ല്‍ അതു 11,680 ആയി. ഈ കണക്കുകള്‍ അവതരിപ്പിച്ച ശേഷം തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിലുള്ള കാലതാമസത്തിലേക്കു നയിക്കുന്ന കാരണങ്ങളാണ് അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നത്.

ഒരു മാസം പരാതി
ആയിരത്തിലേറെ

1932 – 33 ലെ കണക്കുവെച്ച് രജിസ്ട്രാറുടെ ഓഫീസില്‍ ആര്‍ബിട്രേഷനു വിടാന്‍വേണ്ടി എത്തിയ തര്‍ക്കങ്ങളുടെ എണ്ണം 12,601 ആണ്. അതായത്, മാസത്തില്‍ ആയിരത്തിലധികം പരാതികള്‍ എത്തുന്നുവെന്നര്‍ഥം. രജിസ്ട്രാറുടെ ഓഫീസില്‍ ഇതിനായി ഒരു ആര്‍ബിട്രേഷന്‍ വിഭാഗമുണ്ട്. ഈ വിഭാഗമാണ് ഓരോ പരാതിയും പഠിച്ച് വിധി കല്‍പ്പിക്കുന്നത്. എന്നാല്‍, ഇവിടെ ഓഫീസ് സ്റ്റാഫിന്റെ എണ്ണം വളരെ കുറവാണെന്നു സഹകരണാന്വേഷണ സമിതി അഭിപ്രായപ്പെടുന്നു. തര്‍ക്കങ്ങള്‍ പരിശോധിച്ച്, കേസ് ഡയറിയും യോഗങ്ങളുടെ മിനിറ്റ്‌സും തയാറാക്കി, ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച്, വിധിപരിശോധന വരെ നടത്താന്‍ ആകെ നാലു ക്ലാര്‍ക്കുമാരും ഒരു കോപ്പിയിസ്റ്റുമാണുള്ളത്. എല്ലാം സമയത്തിനു തയാറാക്കുക എന്ന കാര്യം തീര്‍ത്തും അസാധ്യമാണ്. ഇതിനു രണ്ടു പരിഹാര മാര്‍ഗമാണുള്ളത് എന്നു അന്വേഷണ സമിതി പറയുന്നു. ഒന്നുകില്‍ മതിയായ സ്റ്റാഫിനെ നിയമിക്കുക. അല്ലെങ്കില്‍, തര്‍ക്കങ്ങളുടെ റഫറന്‍സ് വര്‍ക്കുകള്‍ അസി. രജിസ്ട്രാര്‍മാര്‍ക്കു വിടുക.

ആര്‍ബിട്രേഷനിലെ കാലതാമസം തിരുവിതാംകൂറിലെ മാത്രം അവസ്ഥയല്ലെന്നാണു സഹകരണാന്വേഷണ സമിതിയുടെ അഭിപ്രായം. മൈസൂരിലെ രജിസ്ട്രാര്‍ ഉന്നയിച്ച ഒരു പരാതിയാണു സമിതി എടുത്തുകാട്ടുന്നത്. 1306 തര്‍ക്കങ്ങള്‍ ഉന്നയിച്ചതില്‍ 725 എണ്ണവും ആര്‍ബിട്രേറ്റര്‍മാര്‍ വര്‍ഷങ്ങളായി തീര്‍പ്പെടുക്കാതെ വെച്ചിരിക്കുകയാണെന്നാണ് അവിടത്തെ പരാതി. തിരുവിതാംകൂറില്‍ പക്ഷേ, ഒരു കാര്യം ചെയ്യുന്നുണ്ട്. ആര്‍ബിട്രേഷനു വിട്ടിട്ടുള്ള കേസുകളില്‍ വിധി വരുംമുമ്പു തന്നെ എതിര്‍കക്ഷികളെക്കൊണ്ട് കൊടുത്തു തീര്‍ക്കാനുള്ള പണം കൊടുപ്പിക്കാന്‍ ആര്‍ബിട്രേറ്റര്‍മാര്‍ ശ്രമിക്കാറുണ്ട്. അങ്ങനെയും തര്‍ക്കം ഒത്തുതീര്‍പ്പാവുന്നുണ്ട്. മദ്രാസ് കോ-ഓപ്പറേറ്റീവ് മാന്വലില്‍ പറയുന്നതുപോലെ തര്‍ക്കം രജിസ്ട്രാര്‍ക്കു കൈമാറുന്നത് അവസാനശ്രമം എന്ന നിലയിലാവണം. അതിനുമുമ്പുതന്നെ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിക്കണം. ഇനി അഥവാ ആര്‍ബിട്രേഷനു വിട്ടാല്‍ത്തന്നെ തീരുമാനം വേഗത്തിലുണ്ടാവണം. തിരുവിതാംകൂറില്‍ ഇത്തരം തര്‍ക്കങ്ങള്‍ ആറു മാസത്തിലധികം കെട്ടിക്കിടക്കുന്നതു ഒഴിവാക്കാന്‍ രജിസ്ട്രാര്‍ ശ്രദ്ധിക്കണം- സമിതി നിര്‍ദേശിക്കുന്നു.

ആര്‍ബിട്രേഷനിലെ കാലതാമസം ഒഴിവാക്കാന്‍ ചില ശുപാര്‍ശകള്‍ സമിതി മുന്നോട്ടുവെക്കുന്നുണ്ട്. ബോംബെയിലുള്ളതുപോലെ ആര്‍ബിട്രേഷനുള്ള ചെലവിലേക്ക് ഒരു നിശ്ചിത തുക തര്‍ക്കം ഉന്നയിക്കുന്ന സഹകരണ സംഘത്തിന്റെ ഫണ്ടില്‍ നിന്ന് ആദ്യം ഈടാക്കണം. പിന്നീട് ഈ തുക സംഘത്തില്‍ നിന്നു തന്നെയോ കക്ഷികളില്‍ നിന്നോ തിരിച്ചുപിടിക്കാനുള്ള വ്യവസ്ഥ ചട്ടത്തിലുണ്ടാക്കണം. ആര്‍ബിട്രേഷനിലെ കക്ഷികള്‍ക്കുവേണ്ടി നിലവില്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ കൊണ്ടുവരാന്‍ അനുവദിക്കരുത് എന്നതാണ് അടുത്ത ശുപാര്‍ശ. ഓരോ താലൂക്കിലും പ്രഗത്ഭരായ അര ഡസന്‍ ആര്‍ബിട്രേറ്റര്‍മാരുടെ പട്ടിക രജിസ്ട്രാര്‍ തയാറാക്കണം. ഇവരുടെ പേരുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കണം. നിശ്ചിത സമയത്തിനകം ഒരു കേസ് തീര്‍പ്പാക്കിയില്ലെങ്കില്‍ അതു സംബന്ധിച്ച ഫയല്‍ ആര്‍ബിട്രേറ്റര്‍മാരില്‍ നിന്നു തിരിച്ചുവിളിക്കാനും അതു മറ്റൊരു ടീമിനു കൈമാറാനുമുള്ള അധികാരം രജിസ്ട്രാര്‍ക്കു നല്‍കണം. വിധി നടപ്പാക്കാന്‍ പഞ്ചാബിലുള്ളതുപോലെ യൂണിയനുകള്‍ ഉണ്ടാക്കണമെന്നതാണു മറ്റൊരു ശുപാര്‍ശ. 1930 ല്‍ പഞ്ചാബില്‍ ഇത്തരത്തില്‍ 30 യൂണിയനുകളുണ്ടായിരുന്നു. അനുകൂല വിധി കിട്ടുന്ന സംഘങ്ങള്‍ അതു നടപ്പാക്കിക്കിട്ടാന്‍ ഇത്തരം യൂണിയനുകളെ ഏല്‍പ്പിക്കുന്നു. യൂണിയനുകള്‍ക്ക് ഇതിനു പ്രതിഫലം കൊടുക്കും. ഇവര്‍ക്കു ഒരു സൂപ്രണ്ടും ഏജന്റും മാത്രമാണുണ്ടാവുക. ഈ യൂണിയനുകള്‍ പണം കളക്ട് ചെയ്യുന്ന ജോലിയും ഏറ്റെടുക്കും. ഇത്തരം സംവിധാനത്തിനു ചില പോരായ്മകളുണ്ടെങ്കിലും വിധി നടപ്പാക്കിക്കിട്ടാന്‍ ഇതൊക്കെ വേണ്ടിവരുമെന്നാണു പൊതുവിലുള്ള അഭിപ്രായമെന്നു തിരുവിതാംകൂറിലെ രജിസ്ട്രാര്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ( തുടരും )

[mbzshare]

Leave a Reply

Your email address will not be published.