ചെറുകിട ബാങ്ക് ലൈസൻസ് – ആർ.ബി.ഐ നിയമം കേരളത്തിലെ സഹകരണ മേഖലയ്ക്ക് ദോഷം.

adminmoonam

ചെറുകിട ബാങ്കിംഗ് രംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം പറഞ്ഞാണ് റിസർവ്ബാങ്ക് പുതിയ നിയമങ്ങൾ കൊണ്ടു വരുന്നത്. ഇത് കേരളത്തിലെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കും. 200 കോടി ഓഹരി മൂലധനം ഉള്ളവർക്കാണ് സ്മാൾ ഫിനാൻസ് ബാങ്ക് ആരംഭിക്കാൻ ലൈസൻസ് നൽകുന്നത്. കുറഞ്ഞ ചെലവിൽ ഉയർന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനങ്ങൾ നൽകാൻ ആകുന്നതാണ് പ്രത്യേകതയായി പറയുന്നത്. ഇതെല്ലാം ഇപ്പോൾ തന്നെ കേരളത്തിലെ സഹകരണ ബാങ്കുകൾ ഒരുപരിധിവരെ നൽകുന്നുണ്ട്. കേരളത്തിൽ ഒരു പ്രാഥമിക സഹകരണബാങ്കിനും 200 കോടി രൂപ ഓഹരിമൂലധനം ഇല്ല. റിസർവ് ബാങ്കിന്റെ ലൈസൻസ് കിട്ടിയതുകൊണ്ട് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് പ്രത്യേക ഗുണമൊന്നും ലഭിക്കുന്നുമില്ല. നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്നതിനൊപ്പം തന്നെ പ്രാദേശികമായി സാധാരണക്കാരന്റെ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും ഇടപെടുന്നവരാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ. ആർ.ബി.ഐ യുടെ പുതിയ നിയമം പ്രൈവറ്റ് മേഖലയിൽ സ്മാൾ ഫിനാൻസ് കമ്പനികൾ ഉയർന്നു പൊങ്ങാൻ സാഹചര്യമുണ്ടാക്കും.

സ്വകാര്യമേഖലയിലെ പെയ്മെന്റ് ബാങ്ക്, സഹകരണ ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് സ്മാൾ ഫിനാൻസ് ബാങ്ക് ആരംഭിക്കാൻ ആർ.ബി.ഐ ലൈസൻസ് നൽകുന്നത്. നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെറുകിട ബിസിനസ് യൂണിറ്റുകൾ, കർഷകർ, ദുർബലവിഭാഗങ്ങൾ, അസംഘടിതമേഖലയിലെ യൂണിറ്റുകൾ തുടങ്ങിയവകു വായ്പ നൽകുകയുമാണ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ പ്രധാന ചുമതലയായി ആർ.ബി.ഐ പറയുന്നത്. ഇതെല്ലാം ഇപ്പോൾ തന്നെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ചെയ്യുന്നുണ്ട്. ആർ.ബി.ഐ ലൈസൻസോടെ സ്വകാര്യ മേഖലയിൽ പുതിയ ഓമനപ്പേരിട്ട് പലിശ കമ്പനികൾ വരുന്നത് കേരളത്തിലെ സഹകരണ രംഗത്തെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് സഹകരണ രംഗത്തെ വിദഗ്ധർ പറയുന്നു. നിലവിൽ കേരളത്തിലുള്ള സ്മാൾ ഫിനാൻസ് ബാങ്കുകൾ മാർക്കറ്റിംഗ് സ്റ്റാഫിന്റെയും ബിസിനസ് തന്ത്രങ്ങളുടെയും പിൻബലത്തിലാണ് സാധാരണക്കാരെയും പാവപ്പെട്ടവരെയും ബിസിനസിന്റെ ഭാഗമാക്കി കൂടുതൽ പലിശകു വായ്പ നൽകുന്നത്. എന്നാൽ സഹകരണ സംഘങ്ങൾ മിതമായ പലിശയിലും ഈടിലും, വിശ്വാസത്തിൽ ഊന്നിയാണ് സാധാരണക്കാരെയും പാവപ്പെട്ടവരെയും സാമ്പത്തികമായി സഹായിക്കുന്നത്. സഹകരണ വകുപ്പ് ഇപ്പോൾ ആരംഭിച്ചിട്ടുള്ള മുറ്റത്തെ മുല്ല പദ്ധതി കൂടുതൽ ജനകീയമാക്കുന്നത് വഴി ഇതിനെ കൂടുതൽ പ്രതിരോധിക്കാൻ കഴിയുമെന്നും സഹകരണ രംഗത്തെ വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!