ക്ഷീര കര്‍ഷകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാന്‍ പദ്ധതി

Deepthi Vipin lal

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. ഓരോ ജില്ലയിലുമായാണ് ഇത്തരമൊരു ക്രമീകരണം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ ലീഡ് ബാങ്കിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മൂന്നു മാസത്തെ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ക്ഷീരകര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാനുള്ള ക്രമീകരണമാണ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നിശ്ചിത അപേക്ഷാഫോമില്‍ നിഷ്‌കര്‍ഷിച്ച തിരിച്ചറിയല്‍ രേഖയോടെ കര്‍ഷകര്‍ക്ക് മൃഗാശുപത്രികളില്‍ അപേക്ഷ നല്‍കാം. കൃത്യമായ രേഖകളോടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ എല്ലാ ആഴ്ചയിലും ജില്ലാ സമിതി പരിശോധിച്ചു അതതു ബാങ്കുകളിലേക്ക് അയക്കും. ഇതുവഴി 1.60 ലക്ഷം രൂപവരെ കര്‍ഷകര്‍ക്ക് ഈടില്ലാതെ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് വായ്പ കിട്ടും.

ഒരു പശുവിന് 24000 രൂപ വരെ വായ്പ അനുവദിക്കാനാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എടുക്കുന്ന തുക കൃത്യമായി തിരിച്ചടക്കുന്നതു വഴി പലിശ ഇനത്തില്‍ അഞ്ചു ശതമാനം സബ്‌സിഡിയും ലഭിക്കും. കാര്‍ഡിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമുള്ള നിശ്ചിത തുക അഡ്വാന്‍സ് ആയി ലഭ്യമാക്കുന്നതു വഴി മൃഗ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്താനാണ് ഈ പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെ സബ് സിഡിയോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

സംസ്ഥാനത്ത് എട്ടു ലക്ഷത്തോളം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം കുടുംബങ്ങള്‍ ക്ഷീരമേഖലയെ ആശ്രയിച്ചുകഴിയുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട പ്രവാസികളടക്കം ക്ഷീര രംഗത്തേക്ക് കടന്നിട്ടുണ്ട്. ഒരു സംരംഭം എന്ന രീതിയില്‍ പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കേണ്ടതുണ്ട്. ഓരോ സമയവും വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുന്ന രീതി ഒഴിവാക്കുകയാണ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത് കൂടുതല്‍പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുമെന്നാണ് ക്ഷീരവികസന വകുപ്പ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published.