കോവിഡ് 19നെ നേരിടാൻ സഹകരണ സംഘങ്ങൾ കൈകോർക്കുന്നു: വെന്റിലേറ്ററുകളും ആധുനിക ആംബുലൻസുകളും തയ്യാറാക്കാൻ സന്നദ്ധമാണെന്ന് സഹകരണസംഘങ്ങൾ.

adminmoonam

സംസ്ഥാനത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 ന്റെ വ്യാപനം പ്രതിരോധിക്കാനും ചികിത്സാ കൂടുതൽ കാര്യക്ഷമമാക്കാനും സംസ്ഥാന സർക്കാരിന് ഒപ്പം സഹകരണ സംഘങ്ങളും കൈകോർക്കാൻ ഉദ്ദേശിക്കുന്നു. സംസ്ഥാനത്തെ തലമുതിർന്ന സഹകാരികൾ ആണ് ഈ ആശയം മൂന്നാംവഴിയുമായി പങ്കുവെച്ച് സർക്കാർ ശ്രദ്ധയിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്.

പ്രളയത്തിനുശേഷം സംസ്ഥാന സർക്കാരിന് കൈത്താങ്ങായി നിന്നത് സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി ആയിരുന്നു. സംസ്ഥാനത്ത് 2200 ലധികം വീടുകൾ ആണ് ആദ്യ ഘട്ടത്തിൽ സഹകരണസംഘങ്ങൾ നിർമ്മിച്ച് നൽകിയത്. ഇതേരീതിയിൽ “കെയർ കോവിഡ് 19” പദ്ധതി ആവിഷ്കരിക്കാൻ സാധിക്കുമെന്നും സാമ്പത്തികമായി സഹായിക്കാൻ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ തയ്യാറാകുമെന്നും ഇതിന് സംസ്ഥാനസർക്കാരും സഹകരണവകുപ്പും മുൻകൈ എടുത്താൽ എളുപ്പത്തിൽ സാധിക്കുമെന്നും മുതിർന്ന സഹകാരികൾ വിലയിരുത്തുന്നു.

രോഗത്തിന്റെ വ്യാപനം തടയുന്നതിനും ചികിത്സകുമാണ് ആദ്യ മുൻഗണന നൽകേണ്ടത്. ആവശ്യമായി വരികയാണെങ്കിൽ ഇതിനായി വെന്റിലേറ്ററുകൾ തയ്യാറാക്കണമെന്നും സഹകാരികൾ പറയുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ ഇതിനായി നേതൃത്വം നൽകണമെന്ന ആശയവും ഇവർക്കുണ്ട്. സംസ്ഥാനത്തെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമായി പരമാവധി 700 വെന്റിലേറ്ററുകൾ മാത്രമേ ഉണ്ടാകാനിടയുള്ളൂ എന്നാണ് ഇവരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ചികിത്സ കാര്യക്ഷമമാക്കുന്നതിനും ഗുണപ്രദം ആക്കുന്നതിനും സാധിക്കുന്ന സഹകരണസംഘങ്ങൾ വെന്റിലേറ്ററുകൾ നൽകുന്നതിനായി വേണ്ട നിർദേശം സർക്കാർ നൽകണം. 7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് പരമാവധി വെന്റിലേറ്റർകൾക്ക് ചിലവ്. ഇതിനു പെട്ടെന്നുതന്നെ സാധിക്കുന്ന സഹകരണസംഘങ്ങൾ സംസ്ഥാനത്ത് ആയിരത്തിലധികം ഉണ്ടാകുമെന്നാണ് കരുതുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് ക്രമീകരിക്കാനും സംഘങ്ങൾക്ക് സാധിക്കും. നിലവിൽ നിരവധി സഹകരണസംഘങ്ങൾക്ക് ആംബുലൻസ് ഉണ്ട്. ആംബുലൻസുകൾ വെന്റിലേറ്റർ സൗകര്യത്തിലേക്ക് മാറ്റാനും എളുപ്പമാണ്. ഇത്തരത്തിൽ രോഗവ്യാപനം ഉണ്ടാവുകയാണെങ്കിൽ കാര്യക്ഷമമായി സർക്കാരിനെ സഹായിക്കാൻ സഹകരണ വകുപ്പിന് സാധിക്കും.

നിലവിൽ കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ നിരവധി ജില്ലകളിൽ സഹകരണസംഘങ്ങൾ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങിയും സാമ്പത്തികമായും സഹായങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തികമായി സഹായിക്കുന്ന സഹകരണസംഘങ്ങളെ അർഹിക്കുന്ന രീതിയിൽ അംഗീകരിക്കുന്നില്ല എന്ന പരാതിയും സഹകാരികൾകുണ്ട്. ആവശ്യ സമയത്ത് മാത്രമേ സഹകരണസംഘങ്ങളെ സർക്കാരുകൾക്ക് ഓർമ്മ വരുകയുള്ളുഎന്നും സഹകാരികളുടെ പ്രശ്നങ്ങളിൽ പലപ്പോഴും മുഖം നിൽക്കുന്ന അവസ്ഥ ഉണ്ടെന്നും ഇവർ പറയുന്നു. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കൈത്താങ്ങായി നിന്നിട്ടുള്ള സഹകരണ മേഖല ഈ പ്രതിസന്ധിഘട്ടത്തിലും സാമൂഹ്യ പ്രതിബദ്ധതയോടെ സർക്കാരിനൊപ്പം നിൽക്കുമെന്ന് സഹകാരികൾ ഉറപ്പിച്ചുപറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News