കോവിഡ് പശ്ചാത്തലത്തിൽ സഹകരണ സംഘങ്ങളുടെ ഓഡിറ്റിൽ ഇളവ് അനുവദിച്ച് രജിസ്ട്രാർ ഉത്തരവിറക്കി.

adminmoonam

കോവിഡിന്റെ പശ്ചാത്തലത്തിൽ സഹകരണസംഘങ്ങളുടെ ഓഡിറ്റിൽ, 2019-20 വർഷത്തിൽ കുടിശ്ശിക വായ്പ, കുടിശ്ശിക വായ്പാ പലിശ എന്നിവയിൽ കരുതൽ വയ്ക്കുന്നതിൽ ഇളവ് അനുവദിച്ചു കൊണ്ട് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിറക്കി. കാർഷിക വായ്പാ സഹകരണ സംഘങ്ങൾ/ ബാങ്കുകൾ എന്നിവകളിലെ സംശയാസ്പദവും കിട്ടാക്കടവുമായ വായ്പകൾക്കും വായ്പകളിലെ കുടിശ്ശിക പലിശയ്ക്കും ആഡിറ്റിൽ കരുതൽ വയ്ക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളാണ് പുനർനിശ്ചയിച്ചത്.

ആൾ ജാമ്യത്തിൽ നൽകിയിട്ടുള്ള ഒരു വർഷം മുതൽ മൂന്നു വർഷം വരെയുള്ള കുടിശ്ശികയായ വായ്പകൾക്ക് നിലവിൽ നിഷ്കർഷിച്ചിരുന്ന 10% കരുതൽ അഞ്ച് ശതമാനമായി കുറവുവരുത്തി ഓഡിറ്റ് പൂർത്തീകരിക്കാം.

വസ്തു ജാമ്യത്തിൽ നൽകിയിട്ടുള്ള മൂന്നു വർഷം മുതൽ ആറു വർഷം വരെയുള്ള കുടിശ്ശികയായ വായ്പകൾക്ക് നിലവിൽ നിഷ്കർഷിച്ചിരുന്ന 50 ശതമാനം കരുതൽ 30 ശതമാനമായി കുറച്ചു.

ആൾ ജാമ്യത്തിൽ നൽകിയിട്ടുള്ള മൂന്നു വർഷം മുതൽ ആറു വർഷം വരെയുള്ള കുടിശ്ശികയായ വായ്പകൾക്ക് നിലവിൽ നിഷ്കർഷിച്ചിരുന്ന 100% കരുതൽ 80% ആയി ഇപ്പോൾ കുറച്ചിട്ടുണ്ട്.

കുടിശ്ശിക പലിശയ്ക്ക് 100% കരുതൽ വയ്ക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന നിർദ്ദേശം. എന്നാൽ 2019-20 വർഷത്തെ അവസാനത്തെ മൂന്നു മാസത്തെ കുടിശിക പലിശയെ കരുതൽ വയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2019-20 വർഷത്തെ ഓഡിറ്റിൽ വായ്പാ കുടിശ്ശികയ്ക്കും വായ്പയിൽ മേലുള്ള പലിശ കുടിശ്ശികയും കരുതൽ വയ്ക്കുന്നതിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ, കരുതൽ വയ്ക്കുന്നതു കൊണ്ട് മാത്രം 2019-20 വർഷം നഷ്ടം കാണിക്കുന്ന സംഘങ്ങൾക്ക് ബാധകമാക്കേണ്ടതും അപ്രകാരം അല്ലാത്ത സംഘങ്ങൾക്ക് ഈ മാനദണ്ഡങ്ങൾ തുടരാവുന്നതുമാണ്.

സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്നതും ബാങ്കിംഗ് റഗുലേഷൻ ആക്റ്റിന്റെ പരിധിയിൽ വരാത്തതുമായ എല്ലാ വായ്പ നൽകുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്കും ഇത് ബാധകമായിരിക്കും. എന്നാൽ ദീർഘകാല ഭവന/ കാർഷിക വായ്പാ കുടിശ്ശികക്കുമേൽ വ്യവസ്ഥകൾ ബാധകമല്ലെന്ന് സഹകരണസംഘം രജിസ്ട്രാർ എ.അലക്സാണ്ടർ ഐ.എ.സിന്റെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News