കോവിഡ് കശക്കിയെറിഞ്ഞൂ; നൂലിഴ പൊട്ടി കൈത്തറി സംഘങ്ങള്‍

Deepthi Vipin lal

ഒന്നരവര്‍ഷത്തിലധികമായി തുടരുന്ന കോവിഡ് വ്യാപനം കൈത്തറി സഹകരണ സംഘങ്ങളെയും തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൈത്തറി മേഖലയ്ക്ക് ഊര്‍ജം നല്‍കിയ സ്‌കൂള്‍ യൂണിഫോം പദ്ധതിയടക്കം കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലച്ചതാണ് തൊഴിലാള്‍ക്ക് കടുത്ത ആഘാതമുണ്ടാക്കിയത്. കൊവിഡ് ആദ്യഘട്ടത്തില്‍ അടച്ചിടേണ്ടിവന്ന നെയ്ത്തുശാലകള്‍ മിക്കവാറും അതേഅവസ്ഥയില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. തിരിച്ചടികളില്‍ നിന്ന് ഒരുവിധം കരകയറിയെത്തിയപ്പോഴാണ് കൊവിഡ് രണ്ടാം തരംഗം വെല്ലുവിളിയായത്.


പ്രധാന കൈത്തറി കേന്ദ്രമായ ബാലരാമപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കൈത്തറി ഗ്രാമങ്ങളില്‍ പകുതിയിലധികം തറികളും പ്രവര്‍ത്തിക്കുന്നില്ല. ലോക് ഡൗണും നൂല്‍ ഇല്ലാത്തതും ഇരുട്ടടിയായി മാറി. കൈത്തറി മേഖലയില്‍ തുടരുന്നവര്‍ക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്ടവും കാരണം നഷ്ടക്കണക്ക് കൂടുകയാണ്. കൈത്തറി മുണ്ടിനും തുണിത്തരങ്ങള്‍ക്കും മുമ്പ് വലിയ ഡിമാന്റുണ്ടായിരുന്നു. വസ്ത്രവ്യാപാര ശാലകള്‍ തുറക്കാത്തതുമൂലം തുണികള്‍ പലയിടത്തും കെട്ടിക്കിടക്കുകയാണ്.

അസംസ്‌കൃതവസ്തുക്കള്‍ കിട്ടാനില്ലാതെ വന്നതോടെ തറികളെല്ലാം പൊടിപിടിച്ചുതുടങ്ങി. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ യൂണിഫോമുകള്‍ക്കും ആവശ്യക്കാരില്ലാതായി. പ്രതീക്ഷ നല്‍കുന്ന ഓണവിപണിയില്‍ കൊവിഡ് വ്യാപനം നഷ്ടമുണ്ടാക്കുമെന്നാണ് ഇവരുടെ ആശങ്ക. സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിലൂടെ കൈത്തറി മേഖലയെ രക്ഷിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്


2017ലാണ് സ്‌കൂള്‍ കൈത്തറി യൂണിഫോം പദ്ധതി തുടങ്ങിയത്. ഒന്നുമുതല്‍ അഞ്ചാം ക്ലാസുവരെയുള്ള 2,20,148 കുട്ടികള്‍ക്കാണ് രണ്ട് ജോഡി യൂണിഫോം നല്‍കിയത്. 2018ല്‍ ഏഴാം ക്ലാസ് വരെയായിക്കി. ലോക്ഡൗണ്‍ കാലത്ത് കൂലിയിനത്തില്‍ 25.97 കോടി രൂപ നെയ്തുകാര്‍ക്ക് വിതരണം ചെയ്തു. യൂണിഫോം പദ്ധതിക്കാവശ്യമായ നൂലിന്റെ വിലയായി 3.51കോടിയും നല്‍കി. മില്ലുകള്‍ക്ക് പഞ്ഞി വാങ്ങുന്നതിന് 20 കോടി നല്‍കി. യൂണിഫോം പദ്ധതിയില്‍ 2020 സെപ്റ്റംബര്‍ വരെയുള്ള കൂലി വിതരണം ചെയ്തിട്ടുണ്ട്. അതിനുശേഷമുള്ളത് കുടിശ്ശികയാണ്.

സ്‌കൂള്‍ യൂണിഫോം പദ്ധതി വന്നതിന് ശേഷമാണ് കൈത്തറി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും കൂടുതല്‍ തൊഴില്‍ദിനങ്ങളും കിട്ടിത്തുടങ്ങിയത്. 100 ദിവസമോ അതില്‍ താഴെ തൊഴില്‍ ലഭിച്ചിരുന്നിടത്ത് 200-300 ദിവസം വരെ തൊഴില്‍ കിട്ടി. പ്രതിദിനം 600 രൂപ നിരക്കില്‍ കൂലി നല്‍കി. ഈ പദ്ധതിയില്‍ 5900 നെയ്തുകാരും 1600 അനുബന്ധ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. പുതുതായി 1026 പേര്‍ ഈ രംഗത്തേക്കുവന്നു. കൈത്തറി മേഖലയില്‍നിന്ന് മാറിനിന്ന 1300 പേര്‍ വീണ്ടുമെത്തി. പദ്ധതി തുടങ്ങിയതിന് ശേഷം 160 കോടി രൂപ കൂലിയിനത്തില്‍ നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. സ്പിന്നിങ് മില്ലുകളില്‍നിന്ന് നൂലുകള്‍ വാങ്ങുന്നതിനാല്‍ അവിടെങ്ങളിലെ തൊഴിലാളികള്‍ക്ക് ആശ്വാസകരമായി. പക്ഷേ, ഇപ്പോഴത്തെ ആഘാതത്തില്‍നിന്ന് ഇനി എപ്പോള്‍ കരകയറുമെന്ന് അറിയാത്ത ആശങ്കയിലാണ് സംഘങ്ങളും തൊഴിലാളികളും. കൂലി കൂടിശ്ശിക മുഴുവന്‍ വിതരണം ചെയ്യുകയും ആശ്വാസ സഹായം നല്‍കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published.