കേരളാബാങ്കില്‍ ആദ്യ പണിമുടക്ക് വരുന്നു; സമരത്തിനിറങ്ങി കോണ്‍ഗ്രസ് സംഘടന

moonamvazhi

കേരളബാങ്ക് രൂപീകരണത്തിന് ശേഷം ആദ്യമായി ജീവനക്കാര്‍ പണിമുടക്കി സമരത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസാണ് സമരത്തിന് തയ്യാറെടുക്കുന്നത്. ബാങ്കിന്റെ നിലപാടിലും സ്ഥലം മാറ്റം അടക്കമുള്ള നടപടികളിലും രാഷ്ട്രീയം പരിഗണന വിഷയമാകുന്നുവെന്നതാണ് ഇവരുടെ ആരോപണം.

ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തണമെന്ന നിലപാടാണ് അംഗങ്ങള്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് സംഘടനയുടെ ഭാഗമായാല്‍ ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ മാത്രം നേരിടേണ്ട സ്ഥിതിയാണ്. സംഘടനപ്രവര്‍ത്തനം ഇല്ലാതാകുന്നുവെന്ന് മാത്രമല്ല, അംഗബലം പോലും കുറയുകയാണ്. ജീവനക്കാരുടെ മാനസിക പ്രശ്‌നങ്ങളും ആനുകൂല്യം നിഷേധിക്കുന്ന സമീപനവും സംഘടന ഏറ്റെടുത്തില്ലെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് യോഗത്തിലുണ്ടായ അഭിപ്രായം.

2021-ല്‍ ഉത്തരവായ ശമ്പള പരിഷ്‌കരണത്തില്‍ മന്ത്രിതല ചര്‍ച്ചയിലെ പ്രഖ്യാപനങ്ങള്‍പോലും നടപ്പാക്കിയിട്ടില്ല. ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിച്ചപ്പോള്‍ മുന്‍ ജില്ലാ സഹകരണബാങ്ക് ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പളം പോലും വെട്ടിക്കുറച്ചു. സഹകരണ പെന്‍ഷന്‍ ബോര്‍ഡ് പ്രാതിനിധ്യം അനുവദിച്ചില്ല. ഇതെല്ലാം നിരവധി തവണ സഹകരണ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല. കേരളാ ബാങ്ക് മാനേജ്‌മെന്റ് സ്ഥലംമാറ്റങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ നോംസിന് തീരുമാനമെടുത്തിട്ടും എംപ്ലോയീസ് കോണ്‍ഗ്രസ്സ് അംഗങ്ങളെ രാഷ്ട്രീയപ്രേരിതമായി സ്ഥലം മാറ്റുന്നത് തുടരുന്നു. ഇതെല്ലാമാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായ വിലയിരുത്തല്‍.

മുമ്പ് തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിലെ 18 പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍ സാങ്കേതിക കാരണം പറഞ്ഞ് പിരിച്ചുവിട്ട നടപടി ഹെക്കോടതി റദ്ദ്‌ചെയ്തിട്ടും അവരെ തിരിച്ചെടുക്കാന്‍ ബാങ്ക് മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഒരു ജീവനക്കാരന്‍ കഴിഞ്ഞമാസം ഹൃദയാഘാതം മൂലം മരണപ്പെടുകയുണ്ടായി. ഈ സാഹചര്യത്തില്‍ ആദ്യസമരം ഈ വിഷയം ഉന്നയിച്ചാകണമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. നവംബര്‍ 10ന് ബാങ്ക് ഹെഡ്ഓഫീസിനുമുമ്പില്‍ തൃശ്ശൂരിലെ പിരിച്ചുവിടപ്പെട്ട 17 ജീവനക്കാര്‍ നിരാഹാര സമരം നടത്താനാണ് തീരുമാനം. നവംബര്‍ 16ന് സഹകരണ മന്ത്രിവസതിക്ക് മുമ്പില്‍ രാപകല്‍ സമരം നടത്താനും തീരുമാനിച്ചു.

ഈ രണ്ട് സമരങ്ങള്‍ക്ക് ശേഷവും സഹകരണ മന്ത്രിയും ബാങ്ക് മാനേജ്‌മെന്റും അനുകൂല നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ തുടര്‍ന്ന് അനിശ്ചിതകാല സമരം പ്രഖ്യാപിക്കാനാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി യോഗം. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കെ.എസ്.ശ്യാംകുമാര്‍, സി.കെ.അബ്ദുറഹിമാന്‍, എസ്.സന്തോഷ്‌കുമാര്‍, കെ.കെ.സജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.