കേരളബാങ്കിലൂടെ കുരുക്കു വീഴരുത്

[mbzauthor]

കേരളബാങ്കിന്‍റെ വരവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. സഹകരണമേഖലയാകെ ആശങ്കയോടെയും പ്രതീക്ഷയോടെയും അത് കാത്തിരിക്കുകയുമാണ്. ഓണസമ്മാനമായി കേരളബാങ്കുണ്ടാകുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കുന്നത്. അതിനുള്ള വഴിയൊരുക്കാന്‍ തീവ്രശ്രമവും നടക്കുകയാണ്. പക്ഷേ, റിസര്‍വ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. സംസ്ഥാന സഹകരണ ബാങ്കിലേക്ക് ജില്ലാബാങ്കുകളെ ലയിപ്പിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതി വേണം. അത് ലഭിച്ചാലേ ലയനവും കേരളബാങ്കിന്‍റെ രൂപവത്കരണവും നടക്കൂ. സര്‍ക്കാരിന്‍റെ പുതിയ ചുവടുവെപ്പിനെ സംശയിക്കേണ്ടതില്ല. ജനകീയബദലും അതിന്‍റെ ശക്തിയും തിരിച്ചറിയുന്ന സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. പക്ഷേ, ചുവട് പിഴയ്ക്കാതിരിക്കാന്‍ കരുതലുണ്ടാകണം. ഉദ്യോഗസ്ഥര്‍ക്കും അതിലേറെ സര്‍ക്കാരിനും.

ലയനത്തിനുള്ള അനുമതി വൈകുന്നത് കേരളബാങ്കിനുള്ള അപേക്ഷ വളരെ സൂക്ഷ്മതയോടെയാണ് റിസര്‍വ് ബാങ്ക് കൈകാര്യം ചെയ്യുന്നത് എന്നാണ് ബോധ്യപ്പെടുത്തുന്നത്. ഇന്ത്യയിലെ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്‍റെ ഇടപെടല്‍ അത്രയേറെ ശ്രദ്ധിക്കപ്പെടുന്ന കാലമാണിത്. കിട്ടാക്കടം, നിഷ്ക്രിയ ആസ്തി, വന്‍കിട വായ്പകള്‍ നല്‍കുമ്പോള്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ എന്നിവയെല്ലാം റിസര്‍വ് ബാങ്ക് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. പൊതുമേഖലാബാങ്കുകളടക്കം 12 വാണിജ്യബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്ക് നേരിട്ട് ഇടപെട്ടിരിക്കുകയാണ്. വായ്പ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വതന്ത്രമായ പ്രവര്‍ത്തനം പോലും നിയന്ത്രിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം കേരളബാങ്കിന്‍റെ രൂപവ്തകരണവും പരിശോധിക്കേണ്ടത്.

കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ഫിനാന്‍ഷ്യല്‍ റെഗുലേഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് (എഫ്.ആര്‍.ഡി.ഐ.)ബില്ലിലെ വ്യവസ്ഥകള്‍ സഹകരണമേഖലയെ പെട്ടെന്ന് ബാധിക്കാന്‍ കേരളബാങ്ക് വഴിയൊരുക്കും. ബില്ലിലെ വ്യവസ്ഥപ്രകാരം ബാങ്കുകള്‍ പ്രതിസന്ധിയിലായാല്‍ അത് കൈകാര്യം ചെയ്യുക റസലൂഷന്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനമാകും. നിക്ഷേപബാധ്യത റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ പരിഷ്കരിക്കാനോ ഉള്ള അധികാരം റസലൂഷന്‍ കോര്‍പ്പറേഷനായിരിക്കും. ബില്ലിലെ 17-ാം അധ്യായത്തില്‍ ഇത് സഹകരണ ബാങ്കുകള്‍ക്കു ബാധകമാണെന്ന് പറയുന്നുണ്ട്. സഹകരണ ബാങ്കുകളിലെ വായ്പകള്‍ വന്‍കിട കുത്തകകളുടേതല്ല, സാധാരണക്കാരുടേതാണ്. അതിനാല്‍, കുടിശ്ശിക സ്വാഭാവികമായും കൂടും. ഈ ഘട്ടത്തില്‍ ഭരണനിയന്ത്രണം പോലും നഷ്ടമാകുന്നവിധം റിസര്‍വ് ബാങ്കിന് ഇടപെടാന്‍ കഴിയുമ്പോള്‍ അതിന്‍റെ അപകടം രൂപവത്കരണ ഘട്ടത്തില്‍ത്തന്നെ ബോധ്യപ്പെടേണ്ടതുണ്ട്. നിലവിലുള്ള നിയമമനുസരിച്ച് റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സുള്ള സഹകരണ ബാങ്കുകളെ ലിക്വിഡേറ്റ് ചെയ്യേണ്ടത് അതത് സംസ്ഥാനത്തെ നിയമമനുസരിച്ചാണ്. എന്നാല്‍, ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളെ ലിക്വിഡേറ്റ് ചെയ്യാനാകും. ബില്ലിലെ വ്യവസ്ഥ പ്രകാരം ‘ ക്രിട്ടിക്കല്‍ ‘ എന്ന സാമ്പത്തിക അവസ്ഥ നേരിടുന്ന ബാങ്കുകളുടെ ഭരണം റസലൂഷന്‍ കോര്‍പ്പറേഷന് നേരിട്ട് ഏറ്റെടുക്കാനാകും. ഇത്തരം ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടാനും കോര്‍പ്പറേഷന് അധികാരമുണ്ട്. കേരളബാങ്കിന്‍റെ കാര്യത്തില്‍ നല്ല ജാഗ്രതവേണം. അതില്‍ സഹകരണമേഖലയെ ആകെ കുരുക്കുന്ന ചതിക്കുഴികളുണ്ടായിക്കൂടാ.

[mbzshare]

Leave a Reply

Your email address will not be published.