കേരളത്തിലേക്ക് കൂടുതല്‍ മള്‍ട്ടി സംഘങ്ങള്‍; പുതിയ നിയമത്തിന് ശേഷം അനുമതി

[mbzauthor]

കേരളം കേന്ദ്രീകരിച്ച് കൂടുതല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ ആലോചന. ഇതിനുള്ള നിരവധി അപേക്ഷകള്‍ കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വായ്പ-വായ്‌പേതര സംഘങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, പുതിയ അപേക്ഷകളില്‍ തല്‍ക്കാലം അനുമതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. 2002-ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം സമഗ്രമായി പരിഷ്‌കരിക്കാന്‍ സഹകരണ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ കരട് തയ്യാറായി കഴിഞ്ഞു. ഇത് നിയമമായതിന് ശേഷമാകും പുതിയ സംഘങ്ങള്‍ക്ക് അനുമതി നല്‍കുക.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതി കേന്ദ്ര സഹകരണ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. മള്‍ട്ടി സംഘങ്ങളുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ വായ്പ സഹകരണ മേഖലയുടെ അച്ചടക്കത്തിന് ഭീഷണിയാണെന്ന് കാണിച്ച് കേരളവും പരാതി അറിയിച്ചിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നടപടിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ  ഹർജിയിലും മള്‍ട്ടി സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന ആവശ്യം കേരളം ഉയര്‍ത്തിയിട്ടുണ്ട്.

ഉയര്‍ന്ന പലിശ വാഗ്ധാനം ചെയ്ത നിക്ഷേരപം സ്വീകരിക്കുവെന്നതാണ് മള്‍ട്ടി സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ സഹകരണ സംഘങ്ങളുയര്‍ത്തുന്ന പരാതി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിനും വായ്പയ്ക്കും സഹകരണ സംഘം രജിസ്ട്രാര്‍ പലിശയ്ക്ക് പലിശയ്ക്ക് പരിധി നിശ്ചയിക്കുന്നുണ്ട്. എന്നാല്‍, അത്തരത്തില്‍ കേന്ദ്രീകൃത നിയന്ത്രണ സംവിധാനം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. അതിനാല്‍, സ്വതന്ത്ര ചുമതലയില്‍ കേന്ദ്ര സഹകരണ രജിസ്ട്രാര്‍, പ്രത്യേക തിരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമനത്തിന് മാര്‍ഗരേഖ, റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം അനുസരിച്ച പലിശനിര്‍ണയം എന്നിങ്ങനെയുള്ള വ്യവസ്ഥകളോടെയാണ് കേന്ദ്ര നിയമം പരിഷ്‌കരിക്കുന്നത്.

രാജ്യത്താകെ 1508 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ എല്ലാം പ്രവര്‍ത്തനം കേന്ദ്ര സഹകരണ മന്ത്രാലയം വിലയിരുത്തുന്നുണ്ട്. കേരളത്തിലെ സാധ്യത ഉപയോഗപ്പെടുത്താന്‍ മള്‍ട്ടി സംഘങ്ങള്‍ക്ക് കഴിയുമെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനുള്ളത്. അതുകൊണ്ട് പുതിയ സംഘങ്ങള്‍ അനുവദിക്കുന്നതിന് നയപരമായ തടസമില്ല. മാര്‍ക്കറ്റിങ സംഘങ്ങളുടെ സാധ്യത കേരളത്തില്‍ പരിശോധിക്കണമെന്ന നിര്‍ദ്ദേശവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ 25 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഒന്നുപോലും പ്രവര്‍ത്തനം അവസാനിപ്പിക്കല്‍ ഭീഷണി നേരിടുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്തൊട്ടാകെ 81 സംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഘട്ടത്തിലാണ്. ഇതില്‍ രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് 15 വീതം സംഘങ്ങളുള്ളത്.

[mbzshare]

Leave a Reply

Your email address will not be published.