കേരളത്തിലെ സഹകരണ മേഖലയെ ബാധിക്കുന്ന ഇൻകംടാക്സ് നിയമങ്ങൾക്കെതിരെ നിയമസഭയിൽ പ്രമേയം: ഐക്യകണ്ഠേനയാണ് സഭ പ്രമേയം പാസാക്കിയത്.

adminmoonam

സംസ്ഥാനത്തെ സഹകരണ മേഖലയെ ബാധിക്കുന്ന ആദായനികുതി വകുപ്പിലെ 80(P),194N എന്നിവയ്ക്കെതിരെ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നാംവഴി യോട് പറഞ്ഞു. സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നാണ് സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇൻകം ടാക്സ് വകുപ്പുകൾ ക്കെതിരെ നിയമസഭ ഒന്നടങ്കം കേന്ദ്രസർക്കാരിനോട് ആവശ്യമുന്നയിച്ചത്.
ആദായ നികുതി നിയമത്തിലെ വകുപ്പ് 80 (P) പ്രകാരമുള്ള ആദായനികുതി ആനുകൂല്യം എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അനുവദിക്കുക, ആദായനികുതി നിയമത്തില്‍ 2019-ലെ ധന ബില്‍ പ്രകാരം കൂട്ടിച്ചേര്‍ത്ത 194 N വകുപ്പിന്റെ പരിധിയില്‍ നിന്നും പ്രാഥമിക സഹകരണസംഘങ്ങളെ ഒഴിവാക്കുക  എന്നീ ആവശ്യങ്ങളാണ്  നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിലൂടെ  കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്.

നേരത്തെ,റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത എല്ലാ സഹകരണ സംഘങ്ങള്‍ക്കും 1961-ലെ ഇന്‍കം ടാക്സ് ആക്ടിലെ വകുപ്പ് 80 (P) (2) പ്രകാരം ആദായനികുതി ഇളവ് ലഭിച്ചിരുന്നു. കേരള സര്‍ക്കാര്‍ ഈ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് പരിഹാരത്തിന് ശ്രമിചെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല.തന്നെയുമല്ല ആദായനികുതി നിയമത്തില്‍ പുതുതായി കൂട്ടിചേര്‍ത്ത വകുപ്പ് 194N പ്രാബല്യത്തില്‍ വന്നതോടെ ഒരു സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപ നോട്ടായി ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുന്നപക്ഷം 2% ടി.ഡി.എസ്  ഈടാക്കണമെന്ന വ്യവസ്ഥയും വന്നു. ബാങ്കിംഗ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളെ ഈ വകുപ്പിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എങ്കിലും കേരളത്തിലെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് ബിസിനസ് അല്ല നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളടക്കമുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നടക്കമുള്ള ബാങ്കുകളില്‍ നിന്നും ഒരു കോടി രൂപയിലധികം ഒരു സാമ്പത്തികവര്‍ഷം പണമായി പിന്‍വലിക്കുമ്പോള്‍ ടി.ഡി.എസ് ഈടാക്കണമെന്ന് കാട്ടി ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.
 

സഹകരണമേഖല കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ജനങ്ങളുടെ വരുമാനം, തൊഴില്‍, അടിസ്ഥാന സൗകര്യവികസനം, കൃഷി-വിപണനം തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലകളെയും ശക്തിപ്പെടുത്തുന്നതിനുള്ള ചാലക ശക്തിയായി മാറിയിട്ടുള്ളതിനാല്‍ കേന്ദ്ര ആദായനികുതി നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള നിയമഭേദഗതികളും നിയമ നിഷേധനടപടികളും സംസ്ഥാന താല്‍പര്യങ്ങളെ ഹനിക്കുന്നതാണെന്ന് കേരള നിയമസഭ വിലയിരുത്തി.ഈ പശ്ചാത്തലത്തില്‍, പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ലഭിച്ചു വന്നിരുന്ന ആദായനികുതി ആനുകൂല്യം എടുത്ത് കളഞ്ഞതും, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ആദായ നികുതി നിയമപ്രകാരം അനുവദനീയമായ 80 (P) ആനുകൂല്യം നിഷേധിക്കുന്നതും ആദായനികുതി നിയമത്തിലെ 194N എന്ന വകുപ്പിന്റെ പരിധിയില്‍ പ്രാഥമിക സഹകരണസംഘങ്ങളെ ഉൾപ്പെടുത്തിയതും സംസ്ഥാനത്തെ സഹകരണമേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന് ഈ സഭ വിലയിരുത്തുന്നുവെന്നു പ്രമേയത്തിൽ പറയുന്നു.

ആയതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ആദായനികുതി ഇളവ് ലഭ്യമാക്കാന്‍ കഴിയുന്ന വിധം കേന്ദ്രആദായ നികുതി നിയമത്തില്‍ മാറ്റം കൊണ്ടുവരണമെന്നും പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ആദായനികുതി 80 (P) പ്രകാരം അനുവദനീയമായ നികുതി ഇളവു അനുവദിക്കണമെന്നും ആദായനികുതി നിയമത്തിലെ 194N എന്ന വകുപ്പിന്റെ പരിധിയില്‍ പ്രാഥമിക സഹകരണസംഘങ്ങളെ ഒഴിവാക്കണമെന്നും കേരള നിയമസഭ ഏകകണ്ഠമായി പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published.