കേന്ദ്ര ബജറ്റിനെ സഹകരണമേഖല സ്വാഗതം ചെയ്യുന്നു

moonamvazhi

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ സഹകരണമേഖലയിലെ പ്രമുഖര്‍ സ്വാഗതം ചെയ്തു. കേന്ദ്ര ധനമന്ത്രിമാരുടെ മുന്‍കാല ബജറ്റുപ്രസംഗങ്ങളിലൊന്നും സഹകരണമേഖലയെ ഇങ്ങനെ പ്രത്യേകം എടുത്തുപറയാറില്ലെന്നു അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ സഹകരണസംഘങ്ങളുള്‍പ്പെടെ സഹകരണമേഖലയ്ക്കാകെ ഗുണകരമായ നിര്‍ദേശങ്ങളടങ്ങിയ സമഗ്രമായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചതെന്നു നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ) പ്രസിഡന്റ് ദിലീപ്ഭായ് സംഘാനി അഭിപ്രായപ്പെട്ടു. കാര്‍ഷികവായ്പാ പരിധി ഇരുപതു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം നല്ലൊരു നീക്കമാണ്. ഇതു കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും. സഹകരണ വായ്പാസംഘങ്ങള്‍ക്കു ഇതുവഴി പരമാവധി വായ്പ നല്‍കാനാവും. ഇതു ഇടത്തരത്തിലും താഴെത്തട്ടിലുമുള്ള കര്‍ഷകര്‍ക്കു ഗുണകരമാകും- അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ ഡാറ്റാബേസ് രൂപവത്കരിക്കാനുള്ള ബജറ്റ്‌നിര്‍ദേശത്തെയും സംഘാനി സ്വാഗതം ചെയ്തു. രണ്ടു ലക്ഷം രൂപയുടെ കാഷ് ഡെപ്പോസിറ്റ്-വായ്പാ തിരിച്ചടവു സൗകര്യം കിട്ടുന്നതോടെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയും. 63,000 പ്രാഥമിക സഹകരണസംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണത്തിനു 2516 കോടി രൂപ നീക്കിവെച്ചതു സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കും- സംഘാനി അഭിപ്രായപ്പെട്ടു.

രാജ്യത്തെ സഹകരണമേഖലയ്ക്കു വലിയൊരു മുന്നേറ്റം നല്‍കുന്ന ബജറ്റാണു നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നു ഇന്റര്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ്-ഏഷ്യ പെസഫിക് ( ICA- AP )  പ്രസിഡന്റും ക്രിഭ്‌കോ ചെയര്‍മാനുമായ ഡോ. ചന്ദ്രപാല്‍സിങ് യാദവ് അഭിപ്രായപ്പെട്ടു. സഹകരണപ്രസ്ഥാനം അത്ര ശക്തമല്ലാത്ത പ്രദേശങ്ങളേതെന്നു ദേശീയ ഡാറ്റാബേസ് വരുന്നതോടെ മനസ്സിലാക്കാനാവും. ഇതുവഴി സര്‍ക്കാരിനും സഹകരണമേഖലയ്ക്കും സംയുക്തമായി പ്രവര്‍ത്തിച്ച് സഹകരണമേഖലയെ ശക്തിപ്പെടുത്താനാവും- അദ്ദേഹം പറഞ്ഞു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും ജൈവക്കൃഷിക്കും കുതിപ്പേകുന്ന കേന്ദ്രബജറ്റ് സ്വാഗതാര്‍ഹമാണെന്നു ഇഫ്‌കോ മാനേജിങ് ഡയരക്ടര്‍ ഡോ. യു.എസ്. അവസ്തി അഭിപ്രായപ്പെട്ടു. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം ഇതു നല്ല ബജറ്റാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ഇതു സഹായകമാവും- അദ്ദേഹം പറഞ്ഞു. വളര്‍ച്ചയിലധിഷ്ഠിതമായ കേന്ദ്ര ബജറ്റ് സഹകരണമേഖലയ്ക്കു മതിയായ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നു നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ലിമിറ്റഡ് ( NAFCUB )  പ്രസിഡന്റ് ജ്യോതീന്ദ്ര മേത്ത അഭിപ്രായപ്പെട്ടു. ആദായനികുതി സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പഞ്ചസാര സഹകരണസംഘങ്ങള്‍ക്കു അതില്‍നിന്നു കരകയറാനുള്ള വഴി ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇനിമുതല്‍ ഈ സംഘങ്ങള്‍ക്കു നികുതിബാധ്യത ഒഴിവാക്കി കൂടുതല്‍ സമ്പാദ്യത്തിനു അവസരമൊരുങ്ങും – അദ്ദേഹം പറഞ്ഞു.


Notice: Undefined variable: timestamp in /home/moonoshk/public_html/wp-content/plugins/mbz-flash-news/templates/mbz-share.php on line 2

Leave a Reply

Your email address will not be published.

Latest News
error: Content is protected !!