കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ : സംഘങ്ങള്‍ ഇത്തവണ നല്‍കേണ്ടത് 61 കോടി

[email protected]

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാനായി രൂപവത്കരിച്ച സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി ജൂണ്‍ വരെ നീട്ടി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തെ പെന്‍ഷനാണ് ഇപ്പോള്‍ നല്‍കേണ്ടത്. അതിനായി 61 കോടി രൂപ കൂടി സഹകരണ സംഘങ്ങള്‍ നല്‍കണം. ഇത് നല്‍കാന്‍ കോഴിക്കോട്, എറണാകുളം ജില്ലകളിലെ 18 സഹകരണ സംഘങ്ങളാണ് തയ്യാറായിട്ടുള്ളത്.

കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാത്രമായി 20 കോടി നല്‍കും. ബാക്കിയുള്ള 17 ബാങ്കുകളും എറണാകുളം ജില്ലയില്‍നിന്നുള്ളതാണ്. ഇതില്‍ അയിരൂര്‍ സഹകരണ ബാങ്ക്, കൂവപ്പടി സഹകരണ ബാങ്ക് എന്നിവ അഞ്ചുകോടി വീതവും പള്ളിയാക്കല്‍ , കടുങ്ങല്ലൂര്‍, വെണ്ണല, ആരക്കുഴ സഹകരണ ബാങ്കുകള്‍ മൂന്നുകോടി വീതവും നല്‍കും.

ഉദയംപേരൂര്‍, പൂണിത്തുറ , മുളവുകാട് , ഇടപ്പള്ളി, നെടുമ്പാശ്ശേരി പഞ്ചായത്ത്, മഞ്ഞപ്ര, രാമമംഗലം എന്നീ സഹകരണ ബാങ്കുകള്‍ രണ്ടുകോടി വീതം നല്‍കും. ബാക്കിയുള്ള മൂന്നു ബാങ്കുകള്‍ ഒരുകോടി വീതം കണ്‍സോര്‍ഷ്യത്തിന് നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. മുപ്പത്തടം സഹകരണ ബാങ്ക് , ചെക്കിക്കാട് സഹകരണ ബാങ്ക് , കാക്കൂര്‍ സഹകരണ ബാങ്ക് എന്നിവയാണിവ.
2018 ഫിബ്രവരി മുതലാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിന് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചത്. ഇതുവരെ 16 തവണയായി കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടിയാണ് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷനന്‍ വിതരണത്തിനുള്ള പണം നല്‍കാന്‍ സന്നദ്ധമാകുന്ന സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തിയാണ് കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടുന്നത്.

സംസ്ഥാന സഹകരണ ബാങ്കാണ് കണ്‍സോര്‍ഷ്യം ലീഡര്‍. സംസ്ഥാന സഹകരണ ബാങ്കിലേക്കാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ പണം അടയ്ക്കേണ്ടത്. ഓരോ ജില്ലയിലെയും പെന്‍ഷന്‍കാരുടെ പട്ടികയും പെന്‍ഷന്‍ തുകയും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കും. ഈ പട്ടിക ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ സംസ്ഥാന സഹകരണ ബാങ്കിന് കൈമാറും. ഇതനുസരിച്ചുള്ള തുക ഓരോ ജില്ലയിലെയും പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയാണ് പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്യുന്നത്. അതിനുള്ള പണം സംസ്ഥാന സഹകരണ ബാങ്ക് ജില്ലാബാങ്കുകള്‍ വഴി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കൈമാറും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!