കെ.എസ്.ആര്‍.ടി.സി.പെന്‍ഷന്‍ ഫണ്ടിന്റെ പലിശ നിരക്ക് ഉയര്‍ത്തും; നിക്ഷേപ പലിശ കൂട്ടാന്‍ കേരളബാങ്കിനും നിര്‍ദ്ദേശം
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കുന്നതിന് രൂപീകരിച്ച സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് എടുക്കുന്ന വായ്പയ്ക്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ ധാരണ. എന്നാല്‍, ഇത് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. നിലവില്‍ 8.8 ശതമാനം പലിശ നിരക്കില്‍ പണം സ്വരൂപിക്കാനാണ് ധാരണാപത്രം ഒപ്പിട്ടിട്ടുള്ളത്. ഇതിന് പിന്നാലെ, സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ പലിശ സഹകരണ വകുപ്പ് ഉയര്‍ത്തി. അതോടെ, 8.8 ശതമാനത്തിന് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ ഫണ്ടിലേക്ക് പണം നല്‍കാന്‍ സഹകരണബാങ്കുകള്‍ തയ്യാറായിരുന്നില്ല.
നിലവില്‍ നിശ്ചയിച്ച പലിശ നിരക്കില്‍ പണം കണ്ടെത്താനാകില്ലെന്ന് കേരളബാങ്കും സഹകരണ സംഘം രജിസ്ട്രാറും ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. പലിശ നിരക്ക് പുതുക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ധനവകുപ്പ് അന്തിമ തീരുമാനമായിട്ടില്ല. മാസം 60 കോടിരൂപയാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. ഇത് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് കേരളബാങ്ക് കണ്ടെത്താനാണ് തീരുമാനിച്ചത്. ധാരണപത്രം ഒപ്പിട്ടെങ്കിലും ഒരു സഹകരണ ബാങ്കുകള്‍ പോലും പണം നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് പലിശ കൂട്ടാനുള്ള നിര്‍ദ്ദേശം സഹകരണ വകുപ്പ് ധനവകുപ്പിന് മുമ്പില്‍ വെച്ചത്. മൂന്നുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. അതിനാല്‍, പലിശ നിരക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ വേഗം തീരുമാനമുണ്ടാകാനാണ് സാധ്യത.
സഹകരണ സംഘങ്ങള്‍ കേരളബാങ്കില്‍ നിക്ഷേപിക്കുന്ന തുകയുടെ പലിശ നിരക്കിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍ ഒരുശതമാനം അധിക നിരക്കില്‍ പലിശ നല്‍കിയാണ് മുതിര്‍ന്ന പൗരന്മാരില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത്. ഈ പണം കേരളബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ അധിക നിരക്ക് നല്‍കുന്നില്ലെന്നതാണ് പ്രശ്‌നം. ഇക്കാര്യം സഹകാരികള്‍ സഹകരണ സംഘം രജിസ്ട്രാറുടെയും സഹകരണ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കേരളബാങ്ക് അധികനിരക്കില്‍ ഈ നിക്ഷേപം സ്വീകരിച്ചില്ലെങ്കില്‍ സഹകരണ സംഘങ്ങള്‍ പ്രതിസന്ധി നേരിടുമെന്നാണ് സഹകാരികള്‍ ചൂണ്ടിക്കാട്ടിയത്. ഒമ്പതാം സഹകരണ കോണ്‍ഗ്രസിന്റെ ചര്‍ച്ചയിലും പ്രതിനിധികള്‍ പലിശ നിരക്കിലെ പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രാഥമിക സഹകരണ സംഘങ്ങളും ബാങ്കുകളും മുതിര്‍ന്ന പൗരന്മാരില്‍നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തിന് അധിക നല്‍കുന്നത് പരിശോധിക്കണമെന്ന് സഹകരണ വകുപ്പ് കേരളബാങ്കിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് സഹകരണ കോണ്‍ഗ്രസിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ സഹകരണമന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളും കേരളബാങ്കും തമ്മിലുള്ള ബന്ധത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിശോധിക്കാന്‍ കേരളബാങ്ക് ഒരു ആഭ്യന്തര സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പ്രാഥമിക സംഘങ്ങളുടെ പലിശ നിരക്കിലെ പ്രശ്‌നവും ഈ സമിതി പരിശോധിക്കുമെന്നാണ് സൂചന.