കൂടെ നടന്ന് നയിച്ച ഒരാള്‍

moonamvazhi

സഹകരണ , രാഷ്ട്രീയ മേഖലകളില്‍ ആറു പതിറ്റാണ്ട് നിറഞ്ഞുനിന്ന എം. ഭാസ്‌കരന്‍ ഓര്‍മകളിലേക്ക് വിടവാങ്ങി

കോഴിക്കോട് നഗരത്തിന്റയും സഹകരണ മേഖലയുടെയും വളര്‍ച്ചയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിക്കൊണ്ടാണ് കോഴിക്കോടിന്റെ പ്രിയപ്പെട്ട ഭാസ്‌കരേട്ടന്‍ എണ്‍പതാം വയസ്സില്‍ നമ്മളോട് വിട പറഞ്ഞത്. പൊതുപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയവും സഹകരണവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞ അപൂര്‍വം ചിലരിലൊരാളായിരുന്നു അദ്ദേഹം. രണ്ടും ഒരു പ്രയാസവുമില്ലാതെ സാധ്യമായത് പൊതുപ്രവര്‍ത്തനത്തിലൂടെ അദ്ദേഹം നേടിയെടുത്ത വിശ്വാസവും ജനകീയശക്തിയും കൊണ്ടാണ്.

കോഴിക്കോട് നഗരത്തിലെ സഹകാരികളുടെ കാരണവരായിരുന്നു എം. ഭാസ്‌കരന്‍. ഒട്ടേറെ സഹകരണ സംരംഭങ്ങളുമായി ബന്ധപ്പെട്ട്് അദ്ദേഹം പ്രവര്‍ത്തിച്ചു. എല്ലാവരെയും കൂടെക്കൂട്ടി. അവരെ ചേര്‍ത്തുപിടിച്ച് അദ്ദേഹം മുന്നില്‍ നടന്നു. തിരക്കേറിയപ്പോഴും ഒരു സംരംഭവും പാതിവഴിയിലുപേക്ഷിക്കാതെ ദീര്‍ഘ വീക്ഷണത്തോടെ മുന്നോട്ടു കൊണ്ടുപോയി. ഇന്നു ആ സംരംഭങ്ങള്‍ ഭാസ്‌കരന്റെ ഓര്‍മപോലെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ഒരുപാട് പേര്‍ക്ക് അവ തണലേകുന്നു.

ജന്മ-ദേശമായ കരുവിശ്ശേരിയിലെ ഐക്യനാണയസംഘത്തെ സര്‍വീസ് സഹകരണ സംഘമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്താണ് അദ്ദേഹം സഹകരണ മേഖലയിലേക്ക്് കടന്നത്. ദേശാഭിമാനി മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി പ്രസിഡന്റ് / സെക്രട്ടറി, കോഴിക്കോട് ഭൂപണയ ബാങ്ക് വൈസ് പ്രസിഡന്റ്, സഹകരണ ലാബറട്ടറി, ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയുടെ ഭരണ സമിതിയംഗം, ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, റബ്‌കോ വൈസ് ചെയര്‍മാന്‍, കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു.

കോഴിക്കോട് ‘ ദേശാഭിമാനി ‘ പത്രത്തില്‍ ജീവനക്കാരനായിരുന്നു ഭാസ്‌കരന്‍. അവിടത്തെ തൊഴിലാളികള്‍ക്കായി രൂപം കൊണ്ട മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണററി സെക്രട്ടറിയായി. പത്തു വര്‍ഷം സംഘത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സഹകരണ മേഖലയെപ്പറ്റി അടുത്തറിയാനും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ സഹകരണ സ്ഥാപനങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനും ഈ ആദ്യാനുഭവം വഴിയൊരുക്കി.

നഗരത്തിലെ പ്രാഥമിക സഹകരണ ബാങ്ക്

1990 കളില്‍ കോഴിക്കോട് നഗരത്തില്‍ വാണിജ്യ ബാങ്കുകളുടെ ശാഖകള്‍ക്ക് പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും അവിടെനിന്ന് വായ്പ കിട്ടാന്‍ വലിയ പ്രയാസമായിരുന്നു. അങ്ങനെയാണ് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന് ഭാസ്‌കരന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്നത്. 1997 ല്‍ രൂപം കൊണ്ട ഈ പ്രാഥമിക സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റ ഭാസ്‌കരന്‍ ഇരുപതു കൊല്ലം ആ സ്ഥാനത്തു തുടര്‍ന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ ബാങ്കിനു നഗരത്തില്‍ എട്ടു ശാഖകളുണ്ടായി. 306 അംഗങ്ങളും 1.36 ലക്ഷം രൂപ മൂലധനവുമായി തുടങ്ങിയ ബാങ്കിന് 2017 ല്‍ 375 കോടി രൂപ നിക്ഷേപമായുണ്ടായിരുന്നു. അംഗങ്ങള്‍ 306 ല്‍ നിന്ന് മുപ്പതിനായിരത്തിലധികമായി. ബാങ്കിന് ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയും കിട്ടി. 2017 ല്‍ മികച്ച സഹകരണ ബാങ്ക് ചെയര്‍മാനുള്ള ബാങ്കിങ് ഫ്രോണ്ടിയര്‍ അവാര്‍ഡും ഭാസ്‌കരനെ തേടിയെത്തി. പാവപ്പെട്ട രോഗികള്‍ക്ക് സഹായം നല്‍കിയും ജൈവക്കൃഷി പദ്ധതികള്‍ നടപ്പാക്കിയും ബാങ്ക് കൈവരിച്ച നേട്ടങ്ങളുടെ അംഗീകാരമായി എന്‍.സി.ഡി.സി. യുടെ അവാര്‍ഡും ടൗണ്‍ ബാങ്കിനു ലഭിച്ചു. വായ്പക്കായി ബാങ്കിലെത്തുന്ന ഒരാളെയും തിരിച്ചയയ്ക്കരുതെന്ന ഉപദേശമാണ് ഭാസ്‌കരന്‍ ജീവനക്കാര്‍ക്കു നല്‍കിയിരുന്നത്. അത് അവര്‍ അക്ഷരംപ്രതി അനുസരിച്ചപ്പോള്‍ ബാങ്കിന്റെ വളര്‍ച്ച വേഗത്തിലായി.

തുടക്കകാലത്ത് ടൗണ്‍ ബാങ്കിലേക്ക് നിക്ഷേപത്തിനായി നഗരത്തിലെ വീടുകളും കടകളും കയറിയിറങ്ങിയ അനുഭവം ഭാസ്‌കരന്‍ പലപ്പോഴും വിവരിച്ചിട്ടുണ്ട്. അന്ന് 5000 രൂപ കിട്ടാന്‍ പല തവണ ചെല്ലണമായിരുന്നു. നിക്ഷേപിക്കാനുള്ള ലക്ഷങ്ങളുമായി പില്‍ക്കാലത്ത് നാട്ടുകാര്‍ ബാങ്കിലേക്കു കടന്നുവന്ന അനുഭവവും അദ്ദേഹം പങ്കു വെക്കാറുണ്ട്.

കോഴിക്കോട് ജില്ലാ സഹകരണാശുപത്രിയെ വടക്കന്‍ കേരളത്തില്‍ സഹകരണ മേഖലയിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയതിനു പിന്നിലും ഭാസ്‌കരന്റെ ദീര്‍ഘ വീക്ഷണവും അശ്രാന്ത പരിശ്രമവുമുണ്ട്. അദ്ദേഹം അഞ്ചു വര്‍ഷം ഈ ആശുപത്രിയുടെ പ്രസിഡന്റായിരുന്നു. ആശുപത്രിയിലുണ്ടായ വന്‍തോതിലുള്ള വികസന പ്രലര്‍ത്തനങ്ങള്‍ നടന്നത് ഇക്കാലത്താണ്. ചികിത്സാ രംഗത്ത് സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഒരുപോലെ ആശ്വാസം പകരാന്‍ ഈ ആതുരാലയം പ്രത്യേകം ശ്രദ്ധ വെക്കുന്നുണ്ട്. മൂന്നു വര്‍ഷത്തിനിടെ ആശുപത്രിയില്‍ 70 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ചികിത്സാ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചുള്ള നിക്ഷേപ സമാഹരണ രീതി അവലംബിച്ചാണ് വികസനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. പൊതുജനങ്ങളെക്കൊണ്ട് ഓഹരിയെടുപ്പിച്ച് പതിനഞ്ചു കോടി രൂപയാണ് ആശുപത്രിക്കുവേണ്ടി ഉണ്ടാക്കിയത്. 2018 ല്‍ രാജ്യത്തെ മികച്ച ജില്ലാ ആശുപത്രിക്കുള്ള നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കോഴിക്കോട് ജില്ലാ സഹകരണാശുപത്രിക്കായിരുന്നു. ഭാസ്‌കരനും സഹപ്രവര്‍ത്തകരും ചേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നാണ്് ഈ ബഹുമതി ഏറ്റുവാങ്ങിയത് .

തോട്ടിക്കക്കൂസ് നിര്‍മാര്‍ജനം

കോഴിക്കോട് നഗരത്തില്‍ നിന്ന് തോട്ടിക്കക്കൂസ് നിര്‍മാര്‍ജനം ചെയ്യുന്നതില്‍ ഭാസ്‌കരന്‍ വഹിച്ച പങ്ക് വലുതാണ്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഭാസ്‌കരന്‍ നാലു തവണ നഗരസഭാംഗമായിരുന്നിട്ടുണ്ട്. 2005 മുതല്‍ അഞ്ചു വര്‍ഷം മേയര്‍പദവിയിലുമിരുന്നു. ഓരോ തവണ ജയിക്കുമ്പോഴും ഭൂരിപക്ഷം ഇരട്ടിക്കുമായിരുന്നു എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിന്റെ തെളിവായിരുന്നു. കോര്‍പ്പറേഷനില്‍ അദ്ദേഹം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന കാലത്ത് 1984 ലെ ഗാന്ധിജയന്തി നാളിലാണ് തോട്ടിക്കക്കൂസ് നിര്‍മാര്‍ജന പ്രഖ്യാപനമുണ്ടായത്. കോഴിക്കോടിന്റെ ശാപമായി കണ്ടിരുന്ന ഞെളിയന്‍ പറമ്പിനെ ശുദ്ധീകരിക്കാനുള്ള ദൗത്യം കോര്‍പ്പറേഷന്‍ ഏറ്റെടുത്തതും ഭാസ്‌കരന്‍ നഗരപിതാവായിരുന്ന കാലത്താണ്. നഗരം ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടത് അദ്ദേഹം മേയറായിരുന്നപ്പോഴാണ്.

നിശ്ചയ ദാര്‍ഢ്യമുള്ള ആ നേതാവ് ചുവപ്പുനാടകളെ പേടിച്ചിരുന്നില്ല. സാധാരണക്കാരുമായുണ്ടായിരുന്ന അടുത്ത ബന്ധം കാരണം അവരുടെ ഓരോ പ്രശ്‌നവും അദ്ദേഹം സ്വന്തം പ്രശ്‌നമായി ഏറ്റെടുത്തിരുന്നു. അപ്രിയ സത്യങ്ങള്‍ ആരുടെ മുഖത്തു നോക്കിയും അദ്ദേഹം പറയുമായിരുന്നു. അതുപോലെ, ഏതു കുഴഞ്ഞ പ്രശ്‌നവും സമവായത്തിലൂടെ പരിഹരിക്കാനും ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published.