കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സൗജന്യ ഡയാലിസിസ് സെന്റര്‍ 10 വര്‍ഷം പിന്നിട്ടു
ആറ് ഡയാലിസിസ് മെഷിനുകളോടെയാണു കാലിക്കറ്റ് സിറ്റി ബാങ്ക് ഒരു വാടകക്കെട്ടിടത്തില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. പിന്നീട് ആ കെട്ടിടവും സ്ഥലവും ബാങ്ക് വിലയ്ക്കു വാങ്ങി അതില്‍ ഏതാണ്ട് 10 കോടി രൂപ മുടക്കി ഏറ്റവും ആധുനിക സൗകര്യങ്ങളോടെയുള്ള 12 ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു. ഒരു ഡോക്ടറടക്കം 13 പേര്‍ സെന്ററില്‍ ജോലി ചെയ്യുന്നുണ്ട്. പത്തു വര്‍ഷത്തിനിടയില്‍ 75,000 ഡയാലിസിസ് ചെയ്തു. നൂറോളം ആളുകള്‍ക്കു ഇതിന്റെ പ്രയോജനം കിട്ടി. കാലിക്കറ്റ് സിറ്റി ബാങ്കിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് സൗജന്യ ഡയാലിസിസ് സെന്റര്‍.
ഗ്യാസ് കണക്ഷനു വലിയ ബുദ്ധിമുട്ടുള്ള കാലത്ത് കോഴിക്കോട് കോര്‍പ്പറേഷനിലെ 7500 സ്ത്രീകള്‍ക്കു പാചകവാതക കണക്ഷന്‍ നല്‍കിക്കൊണ്ടാണ് 20 വര്‍ഷങ്ങള്‍ക്കു മുമ്പ് കാലിക്കറ്റ് സിറ്റി ബാങ്കിന്റെ തുടക്കം. ഈ ജൂലായ് 28 നു ബാങ്ക് ഇരുപതാം വാര്‍ഷികം ആഘോഷിക്കുകയാണ്. സാധാരണക്കാര്‍ക്കും ചിലതൊക്കെ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസക്കാരനാണു താനെന്നു വിജയകൃഷ്ണന്‍ പറഞ്ഞു. അവനവന്റെ പോക്കറ്റില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ പിരിവെടുക്കാതെ സഹകരണ മേഖലയ്ക്കു വേണ്ടി ഭംഗിയായി ചിലതൊക്കെ ചെയ്യാന്‍ പറ്റും എന്ന മഹത്തായ സന്ദേശംകൂടിയാണ് ഈ ഡയാലിസിസ് സെന്ററും എം.വി.ആര്‍. കാന്‍സര്‍ സെന്ററും നല്‍കുന്നത്. 10 വര്‍ഷം ഇടതടവില്ലാതെ, കോവിഡിന്റെ കാലഘട്ടത്തില്‍പ്പോലും, വൃക്കരോഗികളായ ഒരുപാട് മനുഷ്യര്‍ക്കു സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞു എന്നത് കാലിക്കറ്റ് സിറ്റി ബാങ്കിലെ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും എന്നും ആഹ്‌ളാദിക്കാന്‍ വക നല്‍കുന്ന ഒന്നാണ്. നൂറ് ദേവാലയങ്ങളില്‍ പോകുന്നതിനേക്കാളും വലിയ ദൈവകാരുണ്യ പ്രവൃത്തിയാണ്, കമ്യൂണിസ്റ്റുകാരുടെ ഭാഷയില്‍ മനുഷ്യത്വത്തിന്റെ പ്രവര്‍ത്തനമാണു കാലിക്കറ്റ് സിറ്റി ബാങ്ക് നടത്തിയിട്ടുള്ളത്. അത് ഇനിയും തുടരും. അതിനു എല്ലാ ഭാവുകങ്ങളും നേരുന്നു – വിജയകൃഷ്ണന്‍ പറഞ്ഞു.