കര്‍ഷക കടാശ്വാസത്തില്‍ പ്രതിസന്ധിയിലായി സംഘങ്ങള്‍; 400 കോടിക്ക് പലിശയും മുതലുമില്ല

moonamvazhi

കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ വിധിയില്‍ സര്‍ക്കാര്‍ നല്‍കേണ്ട തുകയ്ക്ക് മുതലും പലിശയും ലഭിക്കാതെ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍. 400 കോടിരൂപയാണ് ഇത്തരത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ളത്. വായ്പയില്‍ പലിശ വെട്ടിക്കുറച്ചും ഒഴിവാക്കിയുമാണ് രണ്ടുലക്ഷം രൂപവരെയുള്ള തുക കടാശ്വാസ കമ്മീഷന്‍ അനുവദിക്കുന്നത്. ഈ തീര്‍പ്പിന് ശേഷം സംഘങ്ങള്‍ക്ക് പലിശ ഈടാക്കാനാകില്ല. അതേസമയം, നിക്ഷേപകര്‍ക്ക് പലിശ നല്‍കുകയും വേണം. ഈ രീതിയില്‍ ഇരട്ടി നഷ്ടമാണ് സഹകരണ സംഘങ്ങള്‍ നേരിടുന്നത്.

2018മുതല്‍ 2021 നവംബര്‍വരെ നടത്തിയ സിറ്റിങ്ങില്‍നിന്ന് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍പ്രകാരം 154 കോടി രൂപ സംഘങ്ങള്‍ക്ക് കുടിശ്ശികയുണ്ട്. അതിനുശേഷം നടന്ന സിറ്റിങ്ങുകളിലെ തുകകൂടി കണക്കിലെടുത്താല്‍ 400 കോടി കവിയും. രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതുവരെ ഒരുതുകയും സംഘങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. ഇടുക്കി, വയനാട് ജില്ലകളുടെ വായ്പാകാലാവധി 2018-ല്‍നിന്ന് 2020-ലേക്കും മറ്റുജില്ലകളിലേത് 2014-ല്‍നിന്ന് 2016-ലേക്കും ദീര്‍ഘിപ്പിച്ച് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഇതുകാരണം ഒട്ടേറെ അപേക്ഷകള്‍ കമ്മിഷനുമുമ്പാകെ വന്നുകൊണ്ടിരിക്കുകയാണ്.

കേരള ബാങ്കില്‍നിന്ന് വായ്പയെടുത്താണ് പല പ്രാഥമിക സഹകരണ സംഘങ്ങളും കര്‍ഷകര്‍ക്ക് വായ്പ നല്‍കിയത്. കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശയെത്തുടര്‍ന്ന് സംഘങ്ങള്‍ക്ക് വായ്പകളിലെ പലിശ നഷ്ടമാകുമ്പോഴും കേരള ബാങ്ക് ഇളവുനല്‍കുന്നില്ല. ഇത്തരത്തിലും പ്രാഥമിക സഹകരണങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്. വായ്പകളില്‍ തിരിച്ചടവ് കാരണവും ജപ്തി നടപടികള്‍ക്ക് സര്‍ക്കാര്‍ അപ്രാഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതും കാരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ കൂട്ടത്തോടെ നഷ്ടത്തെ നേരിടുകയാണ്.

സര്‍ക്കാര്‍ സംഘങ്ങള്‍ക്ക് നല്‍കാനുള്ള പണവും അനുവദിക്കാന്‍ വൈകുംതോറും സംഘങ്ങളുടെ നഷ്ടവും കൂടും. കമ്മിഷന്‍ തീര്‍പ്പാക്കിയ വായ്പകളില്‍ കര്‍ഷകന്‍ അടയ്‌ക്കേണ്ട ബാക്കി തുകയ്ക്ക് ഒരുവര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുമുണ്ട്. ആ കാലാവധിക്കുള്ളില്‍ തുക അടച്ചുതീര്‍ത്തില്ലെങ്കില്‍ മാത്രമേ സംഘങ്ങള്‍ക്ക് പലിശ ഈടാക്കാന്‍ സാധിക്കൂ. അതും സാധാരണ പലിശ. മൂന്നുവര്‍ഷമായി സര്‍ക്കാരില്‍നിന്ന് പണം കിട്ടാത്ത സംഘങ്ങളുമുണ്ട്. കടാശ്വാസ കമ്മിഷനില്‍ അപേക്ഷ നല്‍കാന്‍ അവസരമുള്ളതിനാല്‍ മനഃപൂര്‍വം കുടിശ്ശിക വരുത്തുന്നവരുണ്ടെന്നും സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published.