കര്‍ഷകരെ കൂടെനിര്‍ത്തി ചകരിമേഖലയില്‍ പുതിയ പദ്ധതി നടപ്പാക്കുന്നു

[email protected]

കാര്‍ഷിക, കയര്‍ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് കര്‍ഷകര്‍ക്കും കയര്‍മേഖലയ്ക്കും ഗുണകരമാകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നു. കൃഷിക്ക് ചകിരിച്ചോറില്‍നിന്നുള്ള ചെലവുകുറഞ്ഞ ജൈവവളം ലഭ്യമാക്കിയും കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തൊണ്ടു സംഭരണവും ചകിരി, ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളും ആരംഭിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നേടാനും ഇതിലൂടെ കയര്‍മേഖലയെ പുനരുജ്ജീവിപ്പിക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുക.

ചകിരി ഉത്പാദനം വര്‍ധിക്കുന്നത് കയര്‍മേഖലയ്ക്ക് ഉണര്‍വേകും. ചകിരിയടക്കം നാളീകേര മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് കൂടുതല്‍ വരുമാനം ആര്‍ജ്ജിക്കുന്നതു വഴി കര്‍ഷകര്‍ക്കും ഗുണം ലഭ്യമാകും. ചകിരിച്ചോറില്‍നിന്നുള്ള വളം ജൈവകൃഷിക്ക്് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കുന്നതിനായി ദേശീയ കയര്‍ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുടപ്പനക്കുന്നില്‍ നടന്ന ഏകദിന സെമിനാറില്‍ മന്ത്രി വി.എസ്. സുനില്‍കുമാറും ധനകയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചകിരി ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കുക വഴി ഒരു നാളീകേരത്തില്‍നിന്ന് 23 രൂപയുടെ അധികവരുമാനം കര്‍ഷകന് ആര്‍ജ്ജിക്കാനാകുമെന്നും കൃഷിക്ക് ചകിരിച്ചോര്‍ കമ്പോസ്റ്റും കയര്‍ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിലൂടെ കയര്‍മേഖലയ്ക്ക് ഉണര്‍വുലഭിക്കുമെന്നും പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം മണ്ണിനും ഗുണകരമാകുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കാര്‍ഷിക, കയര്‍ മേഖലകളുടെ സഹകരണം ഉറപ്പാക്കുംവിധം പദ്ധതികള്‍ ക്രമീകരിക്കുമെന്നും തൊണ്ട് സംഭരണവും ചകിരി ഉത്പാദന യൂണിറ്റും കേരഗ്രാമം പദ്ധതിയുടെ ഭാഗമാക്കി മാറ്റിയെന്നും 79 കേരഗ്രാമങ്ങളില്‍ ഇത് നടപ്പാക്കുമെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഡോ. ഉഷാകുമാരി, ഡോ. അനിത ദാസ് രവീന്ദ്രനാഥ്, ഡോ. എം. അമീന, റ്റി.വി. സൗമ്യ, എല്‍. അന്‍സി എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ആര്‍. വിക്രമന്‍ നായര്‍, ഡോ. സി.പി. പീതാംബരന്‍, ഡോ. വി.കെ. വേണുഗോപാല്‍, ഡോ. സൈജു പിള്ള, കെ. റിനു പ്രേംരാജ്, സിബി ജോയി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!