കമ്മീഷന് വാഗ്ദാനം നല്‍കാതെ സര്‍ക്കാര്‍, പാലിക്കാതെ കേരളബാങ്ക്; ധര്‍മ്മസങ്കടത്തില്‍ നിക്ഷേപപ്പിരിവുകാര്‍
സഹകരണ സംഘങ്ങളുടെ ജനകീയ ‘ടെച്ചിങ് പോയിന്റാ’ണ് നിക്ഷേപവായ്പ പിരിവുകാര്. എന്നാല്‍, വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ക്ക് പോലും ആനൂകൂല്യം ലഭിക്കാത്ത ദുരവസ്ഥയിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതിയായ ക്ഷേമപെന്ഷന് വീട്ടുപടിക്കല്‍ വിതരണം നിര്‍വഹിച്ചത് സഹകരണ സംഘങ്ങളിലെ നിക്ഷേപ പിരിവുകാരാണ്. അതിനുള്ള കമ്മീഷന് തുകപോലും ഒരുവര്‍ഷമായി ഇവര്‍ക്ക് കിട്ടിയിട്ടില്ല.
52.43ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്ഷന് നല്‍കുന്നത്. ഒരോ വീട്ടിലും എത്തിച്ചുനല്‍കുന്നതിന് 40 രൂപയാണ് നിക്ഷേപ പിരിവുകാര്‍ക്ക് കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത്. കുന്നും മലയും താണ്ടി സ്വന്തം കീശയില്‍നിന്ന് ചെലവുനടത്തി പെന്ഷന് എത്തിച്ചുനല്കിയവര്ക്കാണ് ഈ തുക സര്‍ക്കാര്‍ നല്കാന് ബാക്കിയുള്ളത്. ജോലി സുരക്ഷിതത്വമാണ് മറ്റൊരു പ്രശ്നം. നിര്‍ദ്ദിഷ്ട സഹകരണ നിയമ ഭേദഗതിയുടെ കരടില്‍പോലും നിക്ഷേപ പിരിവുകാരുടെ തൊഴില്‍ സുരക്ഷ സംബന്ധിച്ച് പരാമര്‍ശമില്ല.
സഹകരണ ബാങ്കുകളിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലും നിത്യ നിക്ഷേപ പിരിവുകാരായി ഇരുപതിനായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്.വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തോറും നിത്യേന എത്തി ചെറുകിട നിക്ഷേപങ്ങളും വായ്പാ തിരിച്ചടവും ശേഖരിച്ച് സ്ഥാപനങ്ങളില്‍ എത്തിക്കുന്നവരാണ് ഈ വിഭാഗം. രണ്ടു മുതല്‍ മൂന്നു ശതമാനം വരെയുള്ള കമ്മിഷനാണ് വേതനം. മറ്റ് ജീവനക്കാര്‍ക്കുള്ളത് പോലെ സേവന വേതന വ്യവസ്ഥകളോ, സ്ഥാനക്കയറ്റമോ വിരമിക്കല്‍ ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല. ഇവരുടെ ക്ഷേമം മുന്‍ നിര്‍ത്തി 2001ല്‍ ക്ഷേമ പദ്ധതിയും 2005 സ്ഥിരപ്പെടുത്തലും 2015ല്‍ സ്ഥിര വേതനവും 2020ല്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ നിമനങ്ങളില്‍ നാലിലൊന്ന് സംവരണവും ഉറപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊന്നും പൂര്‍ണ്ണമായി നടപ്പാക്കിയില്ല.
കേരളബാങ്ക് രൂപീകരിച്ചിട്ട് നവംബര്‍ 29ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുകയാണ്. മൂന്നാംവാര്‍ഷികത്തില്‍ സത്യാഗ്രഹമിരിക്കാനാണ് സി.ഐ.ടി.യു. സംഘടനയില്‍പ്പെട്ട നിക്ഷേപ പിരിവുകാരുടെ തീരുമാനം. ജില്ലാസഹകരണ ബാങ്കുകള്‍ നിലവിലുള്ള സമയത്ത് കിട്ടികൊണ്ടിരുന്ന പല ആനുകൂല്യങ്ങളും കേരളബാങ്ക് വന്നതോടെ നിഷേധിക്കപ്പെട്ടുവെന്നാണ് സി.ഐ.ടി.യു.വിന്റെ കുറ്റപ്പെടുത്തല്‍. നിക്ഷേപ പിരിവുകാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനും പ്രൊമേഷന് ഉറപ്പാക്കുന്നതിനും നടപടിയുണ്ടാകുമെന്ന് കേരളബാങ്ക് രൂപീകരണ ഘട്ടത്തില്‍ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നാണ് മറ്റൊരു കുറ്റപ്പെടുത്തല്‍.
പണം പിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികനിയമ തടസ്സങ്ങള്‍ കേന്ദ്രപരിഷ്കാരത്തിന്റെ ഭാഗമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് 40വര്‍ഷംവരെ ജോലിചെയ്തവര്‍ അരക്ഷിത ബോധത്തോടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടും ഈ മേഖലയില്‍ ജോലിചെയ്യേണ്ടിവരുന്നത്.