ഓണ വില്‍പ്പനയില്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് എറണാകുളം മില്‍മ
കോവിഡ് പ്രതിസന്ധിക്കിടയിലും പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഓണക്കാല വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് മില്‍മയുടെ എറണാകുളം മേഖല ഒരുക്കം തുടങ്ങി. ഈ ഓണക്കാലത്ത് 13 ലക്ഷം ലിറ്റര്‍ പാലും 80,000 കിലോ തൈരും 172 ടണ്‍ നെയ്യും ഉള്‍പ്പടെ വിവിധ പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡ് കൈവരിക്കാനുള്ള ശ്രമമാണ് എറണാകുളം മേഖലാ മില്‍മ നടത്തുന്നത്.
ഓണസമ്മാനമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 80 ലക്ഷം ഭക്ഷ്യക്കിറ്റുകളിലേക്കുള്ള മില്‍മയുടെ നെയ്യ് വിതരണം പൂര്‍ത്തിയായിവരുന്നു. കൂടാതെ, 358 രൂപ വില വരുന്ന പ്രത്യേക മില്‍മ ഉല്‍പ്പന്നക്കിറ്റ് 300 രൂപക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി വിപണിയില്‍ എത്തിക്കഴിഞ്ഞു.
സ്വാന്ത്ര്യദിനത്തിന്റെ ഭാഗമായി വിതരണത്തിനു തയ്യാറാക്കിയിരിക്കുന്ന ‘ഫ്രീഡം പേട’ യുടെ വര്‍ധിച്ച ഡിമാന്‍ഡ് കണക്കിലെടുത്ത് എറണാകുളം മേഖലയില്‍ മാത്രമായി എട്ടു ലക്ഷത്തിലധികം ഫ്രീഡം പേടകളാണ് ഒരുക്കിയിരിക്കുന്നതെന്ന് മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അറിയിച്ചു.