ഒരു പഞ്ചായത്തില്‍ ഒരു സഹകരണസംഘം: നടപടികളുമായി എന്‍.സി.യു.ഐ. മുന്നോട്ട്

moonamvazhi

രാജ്യത്തെ ഓരോ പഞ്ചായത്തിലും ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘം എന്ന കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സഹകരണസംഘങ്ങളുടെ അപക്‌സ് സംഘടനയായ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ ) നേതൃത്വം നല്‍കും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെ എന്‍.സി.യു.ഐ. ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സഹകരണയൂണിയനുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

സഹകരണസംഘം രൂപവത്കരണത്തിന്റെ ആദ്യഘട്ടത്തില്‍ ക്ഷീരോല്‍പ്പാദന-മീന്‍പിടിത്ത സഹകരണസംഘങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. എന്‍.സി.യു.ഐ. പ്രസിഡന്റ് ദിലീപ് സംഘാനി യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു. സഹകരണയൂണിയനുകളുടെ പിന്തുണയില്ലാതെ പഞ്ചായത്തുകളില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ രൂപവത്കരിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാവില്ലെന്നു യോഗത്തില്‍ സംസാരിച്ച ഐ.സി.എ-എ.പി. ചെയര്‍മാന്‍ ഡോ. ചന്ദ്രപാല്‍ സിങ് യാദവ് അഭിപ്രായപ്പെട്ടു. പ്രാഥമികസംഘങ്ങളിലെ അംഗങ്ങള്‍ക്കു പരിശീലനം നല്‍കാനായി സംസ്ഥാനതല സംഘങ്ങള്‍ ഒരു നിശ്ചിത ശതമാനം തുക ( ഒരു ശതമാനം ) മാറ്റിവെക്കണമെന്നു അദ്ദേഹം നിര്‍ദേശിച്ചു.

എന്‍.സി.യു.ഐ.യുടെ 34 ഫീല്‍ഡ് പ്രൊജക്ടുകളുടെ സഹായത്തോടെ പുതിയ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ രൂപവത്കരിച്ചുവരികയാണെന്നു എന്‍.സി.യു.ഐ. ചീഫ് എക്‌സിക്യുട്ടീവ് സുധീര്‍ മഹാജന്‍ യോഗത്തെ അറിയിച്ചു. ഇതുവരെയായി 500-600 പുതിയ സംഘങ്ങള്‍ രൂപം കൊണ്ടുകഴിഞ്ഞു. ഇത്തരത്തില്‍ ഒരു ലക്ഷം പുതിയ സംഘങ്ങളാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് – അദ്ദേഹം പറഞ്ഞു.

 

 

Leave a Reply

Your email address will not be published.