എട്ടു സഹകാരികള്‍ ഗുജറാത്ത് നിയമസഭയിലേക്ക്

moonamvazhi
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരായ എട്ടു സഹകാരികളും ജയം നേടിയതായി ‘ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ‘  റിപ്പോര്‍ട്ട് ചെയ്തു. ജയിച്ചവരെല്ലാം ബി.ജെ.പി. സ്ഥാനാര്‍ഥികളാണ്. ബി.ജെ.പി.ക്കാരായ ഒമ്പതു സഹകാരികള്‍ മത്സരിച്ചതില്‍ ഒരാള്‍ മാത്രം തോറ്റു.

താരാഡ് മണ്ഡലത്തില്‍ മത്സരിച്ച ബനാസ് ക്ഷീരോല്‍പ്പാദക സംഘം ചെയര്‍മാന്‍ ശങ്കര്‍ഭായി ചൗധരി 26,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിര്‍സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. അങ്കലേശ്വറില്‍ നിന്നു സഹകരണ പഞ്ചസാര ഫാക്ടറികളുടെ ദേശീയ ഫെഡറേഷന്‍ ഡയരക്ടറായ ഈശ്വര്‍സിങ് ടി. പട്ടേല്‍ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാനും ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ( ഇഫ്‌കോ ) ഡയരക്ടറുമായ ജയേഷ്ഭായ് റഡാദിയ ജേത്പൂര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ചപ്പോള്‍ ബറൂച്ച് ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാന്‍ അരുണ്‍സിങ് റാണ മറ്റൊരു മണ്ഡലത്തില്‍ ജയം കണ്ടെത്തി. പഞ്ച്മഹല്‍ ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാന്‍ ജീത്താഭായ് ഭര്‍വാദ് ഷെഹ്‌റാ മണ്ഡലത്തില്‍ നിന്നു ജയിച്ചു.

ബര്‍ദോളി സഹകരണ പഞ്ചസാര ഫാക്ടറി ഡയരക്ടര്‍ ഈശ്വര്‍ഭായ് പാര്‍മര്‍, സൂറത്ത് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടര്‍ മുകേഷ് പട്ടേല്‍, അമുല്‍ ഡെയറിയുടെ മുന്‍ ചെയര്‍മാന്‍ രാംസിങ് പാര്‍മറിന്റെ മകന്‍ യോഗേന്ദ്രസിങ് പാര്‍മര്‍ എന്നീ സഹകാരികളും നിയമസഭയിലേക്കു ബി.ജെ.പി. ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടു. മഹിസാഗര്‍ ജില്ലാ സഹകരണ യൂണിയന്‍ ഡയരക്ടറായ ജിഗ്നേഷ് കുമാര്‍ സേവക് എന്ന സഹകാരിയാണു തോറ്റത്. ലൂനവാദ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച ജിഗ്നേഷ്‌കുമാറിനെ 24,000 വോട്ടിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോല്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News