എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി ഉദ്ഘാടനം ശനിയാഴ്ച

Deepthi Vipin lal

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റോബോട്ടിക് സര്‍ജറിയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക്  കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദക്ഷിണേന്ത്യയിലെ കാന്‍സര്‍ സെന്ററുകളില്‍ ഇതാദ്യമായാണ് ഓപ്പറേഷന്‍ തിയറ്ററില്‍ റോബോട്ടിക് സര്‍ജറി ഒരുക്കുന്നത്.

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍മരായ സുനില്‍ പ്രഭാകര്‍, എന്‍.പി. അബ്ദുള്‍ ഹമീദ്, ടി.വി. വേലായുധന്‍, സെക്രട്ടറി കെ. ജയേന്ദ്രന്‍, ഡോ. അനൂപ് നമ്പ്യാര്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

MVR 15 SEC

 

അത്യാധുനിക കമ്പ്യൂട്ടര്‍ നിയന്ത്രിതമായ കരങ്ങളുടെ സഹായത്തോടെ ഒരു സര്‍ജന്‍ തന്നെ ചെയ്യുന്ന ശസ്ത്രക്രിയയാണ് റോബോട്ടിക് സര്‍ജറി. ഒരുതരത്തില്‍ പറഞ്ഞാല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ ഒരു ആധുനിക രൂപമാണ് റോബോട്ടിക് സര്‍ജറി. കീഹോള്‍ ശസ്ത്രക്രിയയെ താരതമ്യം ചെയ്യുമ്പോള്‍ പല നേട്ടങ്ങളും റോബോട്ടിക് സര്‍ജറിക്കുണ്ട്. ഏകദേശം 10 മടങ്ങോളം വലുപ്പത്തില്‍ കാണുന്ന 3ഡി ക്യാമറയില്‍ മനുഷ്യ കരങ്ങളുടെ എല്ലാ സങ്കീര്‍ണ്ണ ചലനങ്ങളും അതേപടി അനുകരിച്ച് സര്‍ജന്റെ നീക്കങ്ങള്‍ അതേ രീതിയില്‍ ശസ്ത്രക്രിയ ചെയ്യുന്ന ഒരു പ്രക്രിയയാണ് റോബോട്ടിക് സര്‍ജറി. അതു തന്നെയുമല്ല മനുഷ്യ കരങ്ങളുടെ നീക്കങ്ങളില്‍ ഉണ്ടാകുന്ന ന്യൂനതകള്‍ അപ്പാടെ പരിഹരിച്ചാണ് ഒരു റോബോട്ടിക് കരം ശസ്ത്രക്രിയ അനുകരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ കൃത്യതയും അതിസൂക്ഷ്മവുമായ ഒരു ശസ്ത്രക്രിയ രോഗികള്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നു. അതിലൂടെ ശസ്ത്രക്രിയാനന്തരം രോഗിക്ക് വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാനാകുന്നു. ശസ്ത്രക്രിയാ സമയത്താവട്ടെ രക്തസ്രാവം, മറ്റ് അവയവങ്ങള്‍ക്കുണ്ടാവുന്ന ക്ഷതം മുതലായവ പരമാവധി കുറച്ച് വളരെ സുരക്ഷിതമായ ഒരു ശസ്ത്രക്രിയ നമുക്ക് രോഗികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നു. ശസ്ത്രക്രിയ നടക്കുന്ന അതേയിടത്തില്‍ തന്നെ കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഒരു പ്രത്യേകം കണ്‍സോള്‍ വഴിയാണ് സര്‍ജന്‍ റോബോട്ടിക് കരങ്ങളെ നിയന്ത്രിക്കുന്നത്. താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി ചെയ്യാവുന്ന എല്ലാ ശസ്ത്രക്രിയകളും റോബോട്ടിക് സര്‍ജറി വഴി നമുക്ക് ചെയ്യാവുന്നതാണ്. മാത്രമല്ല ശരീരത്തിന്റെ ഇടുപ്പ്, നെഞ്ച് തുടങ്ങിയ ആഴമുള്ള ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന അവയവങ്ങളിലുള്ള ശസ്ത്രക്രിയകള്‍ക്ക് റോബോട്ടിക് സര്‍ജറി വളരെയേറെ പ്രയോജനകരമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രസഞ്ചി, ഗര്‍ഭാശയം, അന്നനാളം, ശ്വാസകോശം, കുടലുകള്‍ മുതലായ അവയവങ്ങള്‍ക്കാണ് പ്രധാനമായും ഈ ശസ്ത്രക്രിയാ രീതി അവലംബിക്കുന്നത്. ആഴങ്ങളിലുള്ള അവയവങ്ങളില്‍ അതിസൂക്ഷ്മവും സുരക്ഷിതവുമായ ശസ്ത്രക്രിയയാണ് രോഗികള്‍ക്ക് നമുക്ക് റോബോട്ടിക് സര്‍ജറിയിലൂടെ നല്‍കുവാന്‍ കഴിയുന്നത്. – എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ: ദിലീപ് ദാമോദര്‍ അറിയിച്ചു.

ശനിയാഴ്ചത്തെ റോബോര്‍ട്ടിക് സര്‍ജറിയുടെ ഉദ്ഘാടന ചടങ്ങില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷണന്‍ അധ്യക്ഷത വഹിക്കും. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ: ദിലീപ് ദാമോദര്‍ മുഖ്യാതിഥിയായിരിക്കും. അഡ്വ: ബി.എസ്.സ്വാതി കുമാര്‍, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. ഡോ: ശ്യാം വിക്രം സ്വാഗതവും ഡോ: അനൂപ് നമ്പ്യാര്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published.