അര്‍ബന്‍ ബാങ്കുകളും ജില്ലാ ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പേര് മാറ്റരുത്
തങ്ങളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ അര്‍ബന്‍ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും പേരില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അര്‍ബന്‍ ബാങ്കുകള്‍, സംസ്ഥാന ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയുടെ ചെയര്‍മാന്മാര്‍ക്കും മാനേജിങ് ഡയറക്ടര്‍മാര്‍ക്കും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്കും അയച്ച കത്തിലാണു റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.
‘ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമം-2020- സഹകരണ ബാങ്കുകളുടെ പേരു മാറ്റല്‍ ‘ എന്ന തലക്കെട്ടിലാണു റിസര്‍വ് ബാങ്ക് കത്തയച്ചിരിക്കുന്നത്. ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമ ( നമ്പര്‍ 39 – 2020 ) മനുസരിച്ചു 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 49 ബി, 49 സി എന്നിവ സഹകരണബാങ്കുകള്‍ക്കു ബാധകമാണെന്നു കത്തില്‍ പറയുന്നു. സെക്ഷന്‍ 49 ബി പ്രകാരം ഏതെങ്കിലും സഹകരണബാങ്കുകളുടെ പേരുമാറ്റം റിസര്‍വ് ബാങ്ക് രേഖാമൂലം അംഗീകരിച്ചിട്ടില്ലെങ്കില്‍ സഹകരണസംഘം കേന്ദ്ര രജിസ്ട്രാറോ ( CRCS ) സംസ്ഥാന സഹകരണസംഘം രജിസ്ട്രാറോ ( RCS ) അത് അംഗീകരിക്കാന്‍ പാടില്ലെന്നു റിസര്‍വ് ബാങ്ക് ഓര്‍മിപ്പിച്ചു. അതുപോലെ, ഒരു സഹകരണബാങ്കിന്റെ നിയമാവലിയില്‍ മാറ്റം വരുത്താനും റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. നിയമാവലിയിലെ ഭേദഗതി റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടില്ലെങ്കില്‍ സെക്ഷന്‍ 49 സി പ്രകാരം അതു നിലനില്‍ക്കുന്നതല്ലെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
[mbzshare]