അന്താരാഷ്ട്ര സഹകരണ സഖ്യം; പ്രസിഡന്റ് പദവിയ്ക്കായി മൂന്നു പേര്‍ രംഗത്ത്

Deepthi Vipin lal

അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ ) ത്തിന്റെ പുതിയ പ്രസിഡന്റിനെ ജൂണ്‍ ഇരുപതിനു സഖ്യത്തിന്റെ പൊതുസഭയില്‍ തിരഞ്ഞെടുക്കും. സ്‌പെയിനിലെ സെവില്ലെയിലാണു പൊതുസഭ ചേരുന്നത്. നിലവിലെ പ്രസിഡന്റായ ഏരിയല്‍ ഗ്വാര്‍കോ ( അര്‍ജന്റീന ) വീണ്ടും മത്സരിക്കുന്നുണ്ട്. അദ്ദേഹത്തെ എതിരിടുന്നതു മെലിന മോറിസണ്‍ ( ആസ്‌ട്രേലിയ ), ഴാങ് ലൂയി ബന്‍സല്‍ ( ഫ്രാന്‍സ് ) എന്നിവരാണ്. പതിനഞ്ചംഗ ഐ.സി.എ. ബോര്‍ഡിലേക്കും ജൂണ്‍ ഇരുപതിനു തിരഞ്ഞെടുപ്പു നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി 22 സ്ഥാനാര്‍ഥികള്‍ ബോര്‍ഡിലേക്കു മത്സരിക്കുന്നു.

2017 ല്‍ മലേഷ്യയിലെ കോലാലംപൂരില്‍ ചേര്‍ന്ന പൊതുസഭയിലാണ് ഏരിയല്‍ ഗ്വാര്‍കോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബ്യൂണസ് അയേഴ്‌സില്‍ വൈദ്യുതിരംഗത്തു പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ ശക്തിപ്പെടുത്താനായി രൂപവത്കരിച്ച ഫെഡറേഷന്റെ ( ഫെഡെകോബ ) പ്രസിഡന്റായി 1997 ല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഏരിയല്‍ ഗ്വാര്‍കോ സഹകരണ രംഗത്തു സജീവമായത്. 2011 ല്‍ അര്‍ജന്റീനയിലെ കോ-ഓപ്പറാറിന്റെ പ്രസിഡന്റായി. 2013 ല്‍ ഐ.സി.എ. ബോര്‍ഡില്‍ അംഗമായി. 2017 ല്‍ സംഘടനയുടെ പ്രസിഡന്റുമായി.

സഹകരണ പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരിയായാണു മെലിന മോറിസന്റെ തുടക്കം. 2012 ല്‍ ആസ്‌ട്രേലിയയിലെ അന്താരാഷ്ട്ര സഹകരണ വര്‍ഷത്തിന്റെ എക്‌സിക്യുട്ടീവ് ഡയരക്ടറായി പ്രവര്‍ത്തിച്ചു. വിവിധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട സഹകരണ സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും മെലിനയ്ക്ക് അവസരം കിട്ടി. സിംഗപ്പൂര്‍, കേപ്ടൗണ്‍, കോലാലംപൂര്‍, ക്യുബെക് എന്നിവിടങ്ങളില്‍ ചേര്‍ന്ന ഐ.സി.എ. പൊതുസഭയില്‍ പ്രസംഗിച്ചിട്ടുണ്ട്. ഐ.സി.എ. കോ-ഓപ്പറേറ്റീവ് ഐഡന്റിറ്റി അഡൈ്വസറി ഗ്രൂപ്പിന്റെ കോ-വൈസ് ചെയര്‍പേഴ്‌സണാണ്.

ഫ്രാന്‍സിലെ ദേശീയ സഹകരണ ഫെഡറേഷന്റെ പ്രസിഡന്റാണു ഴാങ് ലൂയി ബന്‍സല്‍. എല്ലാ പ്രായത്തിലുംപെട്ട സഹകാരികള്‍ക്കിടയില്‍ അന്താരാഷ്ട്ര കൂടിച്ചേരലുകള്‍ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച ഗ്ലോബല്‍ ഇന്നവേഷന്‍ കോ-ഓപ് സമ്മിറ്റിന്റെ ( GICS ) സ്ഥാപകാംഗമാണ്. സഹകരണ ബാങ്കുകളുടെ അന്താരാഷ്ട്ര അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ബന്‍സല്‍ കോ-ഓപ്പറേറ്റീവ്‌സ് യൂറോപ്പിന്റെ പ്രസിഡന്റുമായിരുന്നു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!