അന്താരാഷ്ട്ര ടൂര്‍ പാക്കേജിലേക്ക് ടൂര്‍ഫെഡ്; അശരണര്‍ക്ക് സൗജന്യയാത്ര

[mbzauthor]

ആഭ്യന്തര ടൂറിസം രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ടൂര്‍പാക്കേജുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍ (ടൂര്‍ഫെഡ്) തീരുമാനിച്ചു. കേരളത്തില്‍ 52 ടൂറിസം കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കേവിഡിന് പിന്നാലെ ആഭ്യന്തര പാക്കേജുകള്‍ ടൂര്‍ഫെഡ് തയ്യാറാക്കിയത്. 2.97 കോടി രൂപയുടെ ബിസിനസാണ് ഈ വര്‍ഷം ടൂര്‍ഫെഡ് നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കടല്‍യാത്ര സംഘടിപ്പിച്ച് ജനകീയ യാത്രയ്ക്ക് തുടക്കമിട്ട ടൂര്‍ഫെഡ്, അശരണരായവര്‍ക്ക് സൗജന്യയാത്ര ഒരുക്കാനുള്ള തീരുമാനവും എടുത്തുകഴിഞ്ഞു.

കോവിഡ് കാലത്തിന് ശേഷം സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിയതോടെയാണ് ടൂര്‍ഫെഡിന്റെ കുതിപ്പിന് വഴിയൊരുങ്ങിയത്. പ്രാദേശികതലത്തില്‍ സഹകരണ സംഘങ്ങളെ ഏകോപിപ്പിച്ച് പുതിയ ടൂറിസം യാത്രശൃംഖല തീര്‍ക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കം ഇത്. കുറഞ്ഞ ചിലവില്‍ എല്ലാവര്‍ക്കും നാടുകാണാനുള്ള അവസരമാണ് തങ്ങളുടെ ആഭ്യന്തര പാക്കേജുകളിലൂടെ ടൂര്‍ ഫെഡ് ഒരുക്കിയിരിക്കുന്നത്. ഇത് മാതൃകപരമായ ബിസിനസ് നേട്ടമാണന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

കായലുകളും രുചികരമായ ഭക്ഷണങ്ങളും സാംസ്‌കാരിക തനിമയും ഉള്‍പ്പെടുത്തിയുള്ള പാക്കേജുകളിലൂടെയാണ് ആഭ്യന്തര സഞ്ചാരികള്‍ക്കായി ടൂര്‍ ഫെഡ് പാക്കേജുകള്‍. താഴെത്തട്ടുമുലുള്ള ടൂറിസം സൊസൈറ്റികള്‍ ഇതില്‍ പങ്കാളികളാവുന്നുണ്ട്. ആഭ്യന്തര പാക്കേജുകളും വിദേശ പാക്കേജുകളുമുള്‍പ്പെടെ ഏകദേശം 60 ടൂര്‍പാക്കേജുകളാണ് ടൂര്‍ഫെഡിനിപ്പോള്‍ ഉള്ളത്. ഉത്തരവാദിത്വ ടൂറിസം, വില്ലേജ് ടൂറിസം, ഫാം ടൂറിസം, കനാല്‍ ടൂറിസം, കായല്‍ ടൂറിസം, മണ്‍സൂണ്‍ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം എന്നിവയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള യാത്രപാക്കേജുകളാണ് ഇതില്‍.

ടൂര്‍ഫെഡിന്റെ ഉത്തരവാദിത്വയാത്ര പാക്കേജുകളായ ഒരു ദിന വിസ്മയ യാത്ര കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത വിനോദ സഞ്ചാര പാക്കേജാണ്. അറേബ്യന്‍ സീ പായ്‌ക്കേജിലൂടെ ഇതുവരെ ഒരു ലക്ഷം പേര്‍ ആസ്വദിച്ചു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഇവര്‍ ഒരുക്കുന്നുണ്ട് വിനോദയാത്രകള്‍ക്ക് അവസരം ലഭിക്കാത്ത കുട്ടികള്‍ക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്. ഒക്‌ടോബറിലാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകള്‍ക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതി അടുത്ത് തന്നെ ആരംഭിക്കും.

കടല്‍ യാത്രകൂടാതെ മണ്‍റോതുരുത്ത് ജടായുപ്പാറ, വര്‍ക്കല പൊന്നിന്‍ തുരുത്ത് കാവേരി പാര്‍ക്ക്, അഗ്രികള്‍ച്ചര്‍ തീം പാര്‍ക്ക്, ഗവി, വാഗമണ്‍, കൃഷ്ണപുരംകുമാരകോടി, അതിരപ്പള്ളി കൊടുങ്ങല്ലൂര്‍ ചാവക്കാട്, അഷ്ടമുടിസാംബാണികോടി ഹൗസ്‌ബോട്ട്, കുമരകം പാതിരാമണല്‍ ഹൗസ്‌ബോട്ട്, ആലപ്പുഴ കുട്ടനാട് ചമ്പക്കുളം കായല്‍ ടൂറിസം പാക്കേജ്, പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന മൂന്നാര്‍, ഇടുക്കി, വയനാട്, കണ്ണൂര്‍, ബേക്കല്‍, ഗവി വാഗമണ്‍ സ്‌പെഷ്യല്‍ പാക്കേജ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

കേരളത്തിലെ വിവിധ പാേക്കജുകള്‍ കൂടാതെ ടൂര്‍ഫെഡ് ഭാരത് ദര്‍ശന്‍ പാക്കേജുകളായ ഡല്‍ഹി ആഗ്രജയ്പൂര്‍, ഷിംല കുളു മണാലി, ശ്രീനഗര്‍, അമൃത്സര്‍, ഗോവ, ഹൈദരാബാദ്, ഒഡിഷ, ഗുജറാത്ത്, മുംബൈഅജന്ത എല്ലോറ, കൊല്‍ക്കത്ത ഡാര്‍ജിലിംഗ് ഗാങ്‌ടോക്ക്, ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവയും ടൂര്‍ഫെഡ് ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പാക്കേജുകളിലേക്ക് ഇത്തവണ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ക്കുള്ള എല്‍.ടി.സി. പാക്കേജ് സേവനങ്ങളും ടൂര്‍ഫെഡ് നല്‍കി വരുന്നുണ്ടന്ന് ടൂര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ പി.കെ. ഗോപകുമാര്‍ പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.