അക്ഷരമ്യൂസിയം: ഉത്തരവ് റദ്ദാക്കിയത് സാങ്കേതിക പിഴവ് കാരണം, രജിസ്ട്രാര്‍ പുതുക്കിയിറക്കി

moonamvazhi

സഹകരണ അക്ഷരമ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയത് സാങ്കേതിക പിഴവ് കാരണം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ കോട്ടയം ജില്ലയിലെ നാട്ടകത്തുള്ള ഇന്ത്യാപ്രസ് കോമ്പൗണ്ടിലാണ് അക്ഷര-ഭാഷ സാഹിത്യ-സാംസാകാരിക മ്യൂസിയം നിര്‍മ്മിക്കുന്നത്. ഇത് സഹകരണ വകുപ്പിന്റെ പദ്ധതിയാണെങ്കിലും സാങ്കേതികമായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റേതാണ്. ഒരുസഹകരണ സംഘത്തിന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനം പരിശോധിക്കാന്‍ വകുപ്പ് സെക്രട്ടറി അധ്യക്ഷനായി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നത് സാങ്കേതിക പിഴവാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വസ്തുവിലാണ് സഹകരണ അക്ഷര മ്യൂസിയം സ്ഥാപിക്കുന്നത്. അതിനാല്‍, സംഘം ഉള്‍പ്പെടുന്ന ജില്ലയിലെ ജോയിന്റ് രജിസ്ട്രാര്‍ അധ്യക്ഷനായാണ് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. സഹകരണ വകുപ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കുകയും, സഹകരണ സംഘം രജിസ്ട്രാറിനോട് പുതിയ ഉത്തരവ് ഇറക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിലെ അംഗങ്ങളെ അതേരീതിയില്‍ ഉള്‍പ്പെടുത്തിയും, വകുപ്പ് സെക്രട്ടറിക്ക് പകരം കോട്ടയം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ചെയര്‍മാനാക്കിയും സഹകരണ സംഘം രജിസ്ട്രാര്‍ പുതിയ ഉത്തരവിറക്കി.

കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍ പിള്ള, പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് പി.എസ്.രാജീവ്, ടൂറിസം വകുപ്പ് പ്ലാനിങ് ഓഫീസര്‍ രാജീവ് കാരിയല്‍, ആര്‍ക്കിയോളജി വിഭാഗം കണ്‍സര്‍ഫേഷന്‍ എന്‍ജിനീയര്‍ എസ്.ഭൂപേഷ്, പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ കെ.മാധവന്‍ പിള്ള, തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. സൂപ്രണ്ടിങ് എന്‍ജീനീയര്‍ എസ്.അന്‍വര്‍ ഹുസൈന്‍, പൊതുമരാമത്ത് വകുപ്പ് റിട്ട. ഇലക്ട്രിക്കല്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.മോഹനന്‍, കേരള മ്യൂസിയം പ്രൊജക്ട് എന്‍ജീനിയര്‍ എം.മോഹനന്‍ എന്നിവരാണ് ടെക്‌നിക്കല്‍ കമ്മിറ്റിയിലെ അംഗങ്ങള്‍.

അക്ഷരമ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലാകണമെന്ന് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രത്യേകം ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് കാണിച്ച് ജുലായ് അഞ്ചിന് കോട്ടയം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ജോയിന്റ് രജിസ്ട്രാര്‍ ആഗസ്റ്റ് 20ന് സഹകരണ സംഘം രജിസ്ട്രാര്‍ വഴി ഇതിനുള്ള ശുപാര്‍ശ സഹകരണവകുപ്പിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് സെക്രട്ടറി ചെയര്‍മാനായി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് സപ്തംബര്‍ 17ന് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. ഇതിന്റെ സാങ്കേതിക പ്രശ്‌നം മനസിലായപ്പോള്‍ ഒക്ടോബര്‍ 18ന് ഉത്തരവ് റദ്ദാക്കി.

എന്തുകൊണ്ടാണ് റദ്ദാക്കിയത് എന്നത് സംബന്ധിച്ച് ഒരുവിശദീകരണവും ഉണ്ടായിരുന്നില്ല. ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ വിവിധ വകുപ്പുകളിലെ വിരമിച്ചവരെ ഉള്‍പ്പെടുത്തിയതാണ് റദ്ദാക്കാന്‍ കാരണമായതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇതില്‍ വ്യക്തത വരുത്തികൊണ്ട് കൂടിയാണ് സഹകരണ സംഘം രജിസ്ട്രാര്‍ പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. അതില്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതിന്റെ കാരണവും സൂചിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!