‘സുഭിക്ഷ കേരളം’ പദ്ധതി സഹകരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന് രജിസ്ട്രാർ.

adminmoonam

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം- നമ്മുടെ കൃഷി- നമ്മുടെ ഭക്ഷണം സഹകരണമേഖലയുടെ ഉപ പദ്ധതിയായി ഏറ്റെടുക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ പറഞ്ഞു. കൃഷി, തദ്ദേശസ്വയംഭരണം, ജലസേചനം, വൈദ്യുതി, മൃഗസംരക്ഷണം, സഹകരണം എന്നീ വകുപ്പുകളും തൊഴിലുറപ്പ് പദ്ധതിയും ആണ് സുഭിക്ഷ കേരളം പദ്ധതിയിൽ മുഖ്യമായും പങ്കുവഹിക്കുന്നത്.

കർഷകർക്ക് വായ്പ സഹായം ലഭ്യമാക്കുക, ഫാർമേഴ്സ് ക്ലസ്റ്ററുകൾ, സ്വയം സഹായ ഗ്രൂപ്പുകൾ, യുവജനങ്ങൾ എന്നിവർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴി വായ്പാ ലഭ്യത ഉറപ്പുവരുത്തുക, കാർഷിക വിഭവങ്ങളുടെ സംഭരണത്തിന് റിവോൾവിംഗ് ഫണ്ട് വായ്പ ഉറപ്പാക്കുക, സംഘം അടിസ്ഥാനത്തിൽ കാർഷിക ഉൽപ്പന്ന ചന്തകൾ ആരംഭിക്കുക, സംയോജിത സംഭരണ കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുക, കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ പരിശീലനങ്ങൾ സംഘടിപ്പിക്കുക, ഫാം ഇൻപുട്ട് വിതരണത്തിലെ ഫെസിലിറ്റേറ്റർ ആയി പ്രവർത്തിക്കുക എന്നിവയാണ് സഹകരണസംഘങ്ങളുടെ പ്രധാന ഉത്തരവാദിത്തങ്ങൾ എന്ന് രജിസ്ട്രാർ പറഞ്ഞു.

ഒരു പഞ്ചായത്തിൽ ഒരു മാതൃകാ കൃഷിത്തോട്ടം( കുറഞ്ഞത് 50 സെന്റ് സ്ഥലം) എങ്കിലും ആ സ്ഥലത്തെ സഹകരണ സ്ഥാപനം നേരിട്ട് സജ്ജീകരിക്കുകയും പരിപാലിക്കുകയും വേണം. ഈ തോട്ടത്തിലെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് പ്രസ്തുത സഹകരണ സ്ഥാപനത്തിന്റെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, അംഗങ്ങൾ എന്നിവരുടെ സന്നദ്ധസേവനം ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളോടെയുമാണ് നിർവഹിക്കേണ്ടത്. സംഘങ്ങളുടെ ഭാഗത്തുനിന്നുള്ള സാമ്പത്തിക ചെലവ് പരമാവധി പരിമിതപ്പെടുത്തണം. നിലവിൽ കാർഷിക സേവന കേന്ദ്രം നിലവിൽ ഉള്ളവയിൽ നിന്നും ആ പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിത്ത്, വളം, ജൈവ വളങ്ങൾ, കീടനാശിനികൾ, കാർഷിക യന്ത്രങ്ങൾ എന്നിവ ലഭ്യമാക്കണം. ഈ പദ്ധതി കീഴിൽ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും തരംതിരിച്ച് പാക്ക് ചെയ്യുന്നതിനും വിപണനം നടത്തുന്നതിനും സഹകരണ സ്ഥാപനങ്ങൾ സൗകര്യം ചെയ്തുകൊടുക്കണം. കാർഷിക ചന്തയ്ക്ക് ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുകയും കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനുള്ള സൗകര്യങ്ങൾ കഴിയുന്നതും സൗജന്യമായി ഒരുക്കണം. പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ഓരോ സംഘവും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്ത് മാതൃകാ കൃഷിത്തോട്ടം ആരംഭിക്കണമെന്നും രജിസ്ട്രാറുടെ ഇന്ന് ഇറങ്ങിയ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News