സഹകരണ വാരാഘോഷം: വടകര യൂണിറ്റ് സെമിനാര്‍ നടത്തി
68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വടകര താലൂക്ക് വടകര യൂണിറ്റ് വടകര റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സഹകരണ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, തൊഴിലവസരങ്ങള്‍ രൂപപ്പെടുത്തല്‍ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വീരഞ്ചേരി എം. കൃഷ്ണന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. വടകര അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ സുധീഷ് തച്ചോത്ത് മോഡറേറ്ററായി. കേരള ബാങ്ക് പാക്സ് ഡെവലപ്പ്മെന്റ് സെല്‍ റിസോഴ്സ് പേഴ്സണ്‍ സി.കെ. വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു. ഇ. അരവിന്ദാക്ഷന്‍, അഡ്വ. സി. വത്സലന്‍, ആര്‍. ഗോപാലന്‍, അഡ്വ. ഐ. മൂസ്സ, കെ. കെ. വിലാസിനി, എം. എം. സുദര്‍ശന കുമാര്‍, മേപ്പയില്‍ ശ്രീധരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എം. ജി. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഒ.എം. ബിന്ദു സ്വാഗതവും വടകര റൂറല്‍ ബാങ്ക് സെക്രട്ടറി കെ.പി. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.