സഹകരണ വകുപ്പ് പുനസ്സംഘടന വൈകിപ്പിക്കരുത്- ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍
കേരളത്തില്‍ കരുവന്നൂരുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സഹകരണ വകുപ്പ് പുനസ്സംഘടന ഇനിയും വൈകിപ്പിക്കരുതെന്ന് കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
1981 ല്‍ 7000 സഹകരണ സ്ഥാപനങ്ങളും 800 ബ്രാഞ്ചുകളും അയ്യായിരത്തോളം ഫയലുകളും പതിനായിരം കോടിയുടെ നിക്ഷേപവുമുള്ള സമയത്ത് നടത്തിയ പുനസ്സംഘടന അനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണാണ് ഇന്ന് നിലവിലുള്ളത്. എന്നാല്‍, ഇന്ന് 23,080 സഹകരണ സ്ഥാപനങ്ങളും 12,600 ബ്രാഞ്ചുകളും നാലു ലക്ഷത്തിലധികം ഫയലുകളും ഒന്നര ലക്ഷം കോടി നിക്ഷേപവുമുള്ള സമയത്തും പഴയ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം പ്രവര്‍ത്തിക്കുക എന്നത് ജീവനക്കാര്‍ക്ക് ഏറെ ദുഷ്‌കരമാണ്. 16 വായ്പാ സംഘങ്ങള്‍ക്ക് ഒരു യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എന്നതായിരുന്നു ആദ്യകാല കണക്ക്. എന്നാല്‍, ഇന്നത്തെ 23,000 സഹകരണ സ്ഥാപനങ്ങള്‍ക്ക് 272 യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരെ മാത്രമാണ് പരിശോധനക്ക് നിയോഗിച്ചിട്ടുള്ളത്. ഇതുകൂടാതെ സഹകരണ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ നാലു ലക്ഷത്തിലധികം ഫയലുകളും സര്‍ക്കാരിന്റെ പദ്ധതികളായ കെയര്‍ ഹോം, സോഷ്യല്‍ പെന്‍ഷന്‍, KSRTC പെന്‍ഷന്‍, കടാശ്വാസ പദ്ധതികള്‍, ദുരിതാശ്വാസ നിധി തുടങ്ങിയ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ഇതേ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെയാണ്. വര്‍ക്കിംഗ് ക്യാപിറ്റലിനും ബിസിനസ് വോള്യത്തിനും അനുസൃതമായി ഓഡിറ്റര്‍മാരെ നിയമിക്കണമെന്ന സഹകരണ നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കാത്തത് ഇഷ്ടക്കാരെ ഓഡിറ്റര്‍മാരായി നിയോഗിക്കാറുള്ള തന്ത്രത്തിന്റെ ഭാഗമാണ്. കൂടാതെ, സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് ( Go (P) 3/ 2017 ) നടപ്പിലാക്കാത്ത ഏക വകുപ്പും സഹകരണ വകുപ്പാണ് – സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണന്‍ അദ്ധ്യക്ഷ്യം വഹിച്ചു. ജനറല്‍ സെക്രട്ടറി എം. രാജേഷ് കുമാര്‍ , പ്രിയേഷ് സി.പി, ജയേഷ് .കെ വി , ജിറ്റ്‌സി ജോര്‍ജ്, ശ്രീവിദ്യ സെബാസ്റ്റ്യന്‍ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.