സഹകരണ ബാങ്കുകള്‍ക്കുള്ള വായ്പാ മൊറട്ടോറിയവും സര്‍ക്കാര്‍ പരിഗണനയില്‍
പ്രാഥമിക സഹകരണസംഘങ്ങള്‍ വഴി എടുത്ത വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടി നില്‍കുന്നത് പരിശോധനയില്‍ ആണെന്ന് ധനമന്തി കെ.എന്‍ ബാലഗോപാല്‍. കേരള ബാങ്ക് ഉള്‍പ്പടെയുള്ള വാണിജ്യ ബാങ്കുകളിലുള്ള കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കുന്നത് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അടുത്ത യോഗത്തില്‍ പരിഗണിക്കും. ഈ യോഗ തീരുമാനം അനുസരിച്ചായിരിക്കും സഹകരണ മേഖലയിലെയും മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.
ഹ്രസ്വകാല കാര്‍ഷിക ഉല്‍പ്പാദന വായ്പ എടുത്ത കര്‍ഷകര്‍ക്ക് പലിശ സബ്സിഡി നഷ്ടപ്പെടാതെയും പിഴ പലിശ ഈടാക്കാതെയും ജൂണ്‍ 30നകം പുതുക്കി നല്‍കാനുള്ള നിര്‍ദേശം, ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ 2021 മാര്‍ച്ച് ഒന്നിനും ജൂണ്‍ 30നും ഇടയില്‍ പുതുക്കേണ്ട കാര്‍ഷിക വായ്പകള്‍ക്ക് ഇത്തരത്തില്‍ പലിശ സബ്സിഡി ലഭിക്കും. എല്ലാതരം വായ്പാ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.
മൊറട്ടോറിയം സംബന്ധിച്ച് ആര്‍.ബി.ഐ. തീരുമാനം നിര്‍ണായകമാവും. കൊവിഡ് രണ്ടാം തരത്തില്‍ കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും ദിവസ വേതനക്കാരായ തൊഴിലാളികളെയും വലിയ രീതിയില്‍ ബാധിച്ചു. വായ്പാ തിരിച്ചടവിനെ ഇത് സാരമായി ബാധിക്കും. ഈ സാഹചര്യത്തതില്‍ മൊറട്ടോറിയമോ അതിന് സമാനമായ സമാശ്വാസ നടപടികളോ റിസര്‍വ് ബാങ്ക് ഉടന്‍ പ്രഖ്യാപിച്ചേക്കും.
റിസര്‍വ് ബാങ്ക് തീരുമാനം അനുസരിച്ചുള്ള ക്രമീകരണം സഹകരണ മേഖലയിലും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 1600 കോടിയിലധികം രൂപയാണ് സഹകരണസംഘങ്ങള്‍ ലോക്ഡൗണില്‍ വായ്പയായി നല്‍കിയിട്ടുള്ളത്. ഇതില്‍ 60 ശതമാനത്തോളം വായ്പകളുടെയും തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്.
കഴിഞ്ഞ വര്‍ഷം ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് മുതല്‍ മൂന്ന് മാസം വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് ഓഗസ്റ്റ് വരെ നീട്ടി. ഈ സമാശ്വാസ നടപടി മൂലം ബാങ്കിങ് മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയില്ല. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയെയും കാര്യമായി ബാധിച്ചില്ല. പുതിയ സാഹചര്യത്തില്‍, വീണ്ടും മൊറട്ടോറിയം ആവശ്യമില്ലെന്ന നിലപാടില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.
[mbzshare]