സഹകരണ ബാങ്കുകളെ തകര്‍ക്കരുത് – സി.ഒ.ബി.എസ്.ഇ.സി.
ഒന്നോ രണ്ടോ സഹകരണ ബാങ്കുകളില്‍ വായ്പ തട്ടിപ്പും ക്രമക്കേടുകളും ഉണ്ടായതിന്റെ പേരില്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്കെതിരെ പ്രചരണം നടത്തുന്നതും മുന്നണികള്‍ പരസ്പരം ചേരിതിരിഞ്ഞ് ചെളി വാരിയെറിയുന്നതും അവസാനിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍.ഭാഗ്യനാഥും ആവശ്യപ്പെട്ടു.
സഹകരണ മേഖലക്ക് ദുഷ്പേരുണ്ടാക്കി ക്രമക്കേടുകള്‍ നടത്തുന്നവരെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുക്കണം. 1600ല്‍പ്പരം പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഒറ്റപ്പെട്ട ബാങ്കുകളില്‍ ക്രമക്കേടുകള്‍ നടന്നാല്‍ മറ്റു ബാങ്കുകളെ എന്തിന് പഴിചാരണം. സത്യസന്ധരായ ജീവനക്കാരും സഹകാരികളും മെമ്പര്‍മാരും ചേര്‍ന്നു കെട്ടിപ്പടുത്തതാണ് കേരളത്തിലെ ശക്തമായ സഹകരണ വായ്പാ മേഖല.
ഗ്രാമീണതലത്തില്‍ പാവപ്പെട്ടവര്‍ക്ക് ഏത് ആവശ്യത്തിനും ആശ്രയിക്കാവുന്ന സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കം ജനം തിരിച്ചറിയും.
കോര്‍പ്പറേറ്റ് മാധ്യമ മാഫിയകളുടെ നിറം പിടിപ്പിച്ച പ്രചരണങ്ങള്‍ ജനം തള്ളണം- യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭാഗ്യനാഥ് എന്‍, ട്രഷറര്‍ എം. ഹമീദ് , എം.കെ.ശ്യാംകുമാര്‍ കെ അബ്ദുല്‍ അസീസ്, കോല്‍ക്കളം ആയിഷക്കുട്ടി, മുരളി ചേളന്നൂര്‍, ദിനേഷ് കാരന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു