സഹകരണ നിക്ഷേപത്തില്‍ ജാഗ്രത വേണം
സഹകരണമേഖലയില്‍ വീണ്ടും നിക്ഷേപ സമാഹരണയജ്ഞം തുടങ്ങിയിരിക്കുകയാണ്. ഇത്തവണ 9000 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം നിലവില്‍ കേരളത്തിലെ സഹകരണമേഖലയിലുണ്ടെന്നാണു കണക്ക്. പ്രാഥമികതലത്തിലെ സഹകരണസംഘങ്ങളില്‍ ലഭിക്കുന്ന നിക്ഷേപത്തിന്റെ തോതാണു സംസ്ഥാനത്തിന്റെ സഹകരണമേഖലയുടെ കരുത്തായി മാറുന്നത്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത ഈ നേട്ടം സഹകരണപ്രസ്ഥാനത്തോടുള്ള വിശ്വാസത്തിന്റെ തെളിവാണ്. ഈ വിശ്വാസ്യത സംഘങ്ങളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്ത സംഘങ്ങളെപ്പറ്റി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് ഈ വിശ്വാസ്യതയെ ബാധിക്കും. അതിനാല്‍, നിക്ഷേപ സമാഹരണത്തിനൊപ്പം അതു സ്വരൂപിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള ഉത്തരവാദിത്തബോധത്തിലും കരുതല്‍ വേണ്ടതുണ്ട്. സര്‍ക്കാര്‍പദ്ധതികളില്‍ സഹകരണപങ്കാളിത്തം എന്ന കാഴ്ചപ്പാടാണു ബജറ്റിലടക്കം മുന്നോട്ടുവെച്ചിട്ടുള്ളത്. സഹകരണമേഖലയിലെ നിക്ഷേപത്തിന്റെ ഉയര്‍ന്ന തോതും സര്‍ക്കാരിനു സാമ്പത്തികപ്രതിസന്ധി നിലനില്‍ക്കുന്ന അവസ്ഥയുമാണ് ഈ പങ്കാളിത്ത ആസൂത്രണത്തിനു കാരണമാകുന്നത്. അതുകൊണ്ടുതന്നെ സഹകരണനിക്ഷേപം ഉപയോഗിച്ചുള്ള ഏതു പദ്ധതിനിര്‍വഹണവും ഈ മേഖലയുടെ വിശ്വാസ്യതയ്ക്കു ഭംഗം വരുത്താത്തതാവണം എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുമുണ്ട്.
പരമാവധി 74 ശതമാനമാണു സഹകരണ ബാങ്കുകളിലെ നിക്ഷേപ-വായ്പാ അനുപാതം. അതായത് 26 ശതമാനത്തോളം പണം ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഇതിനെ ഗുണപരമായി ഉപയോഗിക്കാന്‍പാകത്തില്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നതു നല്ലതാണ്. അതേസമയം, വരുമാനമില്ലാത്ത പദ്ധതികള്‍ക്കുള്ള ഫണ്ടിങ്സ്ഥാപനമായി സഹകരണസംഘങ്ങളെ മാറ്റരുത്. സമൂഹിക പ്രതിബദ്ധതയുടെ പേരില്‍ പലിശരഹിത വായ്പയും സേവനപ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതി നിര്‍വഹണവുമെല്ലാം സംഘങ്ങളില്‍ കെട്ടിവെക്കുന്ന സര്‍ക്കാര്‍രീതി അപകടകരമായ സ്ഥിതിയിലേക്ക് ഈ മേഖലയെ കൊണ്ടുചെന്നെത്തിക്കും. വായ്പയില്‍ തിരിച്ചടവ് വരാത്തതും സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക കുമിഞ്ഞുകൂടുന്നതും സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനാല്‍, അംഗങ്ങളില്‍നിന്നുള്ള നിക്ഷേപം ഉപയോഗിച്ച് വരുമാനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കു സംഘങ്ങള്‍ മാറേണ്ടതുണ്ട്. സംരംഭകത്വ വായ്പകള്‍ക്കു പ്രാഥമികസംഘങ്ങള്‍ക്ക് അവസരമൊരുക്കുക, തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണ ഏജന്‍സികളാക്കി മാറ്റുക, സൗരോര്‍ജ പദ്ധതിപോലുള്ള സബ്സിഡി സ്‌കീമുകള്‍ സഹകരണ സംഘങ്ങളിലൂടെയാക്കുക എന്നിങ്ങനെയുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. മറിച്ച,് സര്‍ക്കാരിനുള്ള താല്‍ക്കാലിക സാമ്പത്തികസ്രോതസ് എന്ന രീതിയില്‍ സഹകരണനിക്ഷേപങ്ങളെ കാണുന്നത് അപകടകരമായ പ്രവണതയാണ്. – എഡിറ്റര്‍