സഹകരണ നിക്ഷേപത്തിന്ഉറപ്പാണ് സുരക്ഷ
– കിരണ്‍ വാസു
നിയമപരമായി നിലനില്‍ക്കാത്ത, വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങളാണു റിസര്‍വ് ബാങ്ക് ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പത്രപ്പരസ്യം പൊതുജനങ്ങളിലുണ്ടാക്കിയ ആശയക്കുഴപ്പം ചെറുതല്ല. കേരള സര്‍ക്കാരും സഹകാരികളും ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് ജനങ്ങളിലെ ആശങ്കയ്ക്കു ശമനമുണ്ടാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനുള്ള പരിരക്ഷാ പരിധി വര്‍ധിപ്പിച്ച സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ നടപടികള്‍ക്കെതിരെ നിയമയുദ്ധത്തിനും തയാറായിരിക്കുകയാണ്.
കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണു റിസര്‍വ് ബാങ്ക്. അതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കു ജാഗ്രതാ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നോട്ടീസ് പരസ്യപ്പെടുത്തുകയും ചെയ്തു. സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ആശങ്ക പകരുന്നതായിരുന്നു റിസര്‍വ് ബാങ്കിന്റെ നോട്ടീസില്‍ പറഞ്ഞ കാര്യങ്ങള്‍. നിയമപരമായി നിലനില്‍ക്കാത്തതും വസ്തുതാപരമായി ശരിയല്ലാത്തതുമായ കാര്യങ്ങള്‍ റിസര്‍വ് ബാങ്ക് ഉന്നയിച്ചതോടെ അതിന്റെ ആശങ്കയും ആശയക്കുഴപ്പവും പൊതുജനങ്ങള്‍ക്കുണ്ടായി. 85,000 കോടി രൂപയുടെ നിക്ഷേപമാണു കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലുള്ളത്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണു പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. ഇവ നിയമവിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നതെന്നും ഇവിടുത്തെ നിക്ഷേപങ്ങള്‍ക്കു സുരക്ഷയില്ലെന്നും റിസര്‍വ് ബാങ്ക് പോലുള്ള പരമോന്നത സാമ്പത്തിക നിയന്ത്രണ അതോറിറ്റി പ്രഖ്യാപിക്കുമ്പോള്‍ അതു വലിയ ആഘാതമുണ്ടാക്കും. കേരളത്തിലെ സഹകരണ ബാങ്കുകളിലേതു മാത്രമല്ല, എല്ലാ സഹകരണ സംഘങ്ങളിലേയും നിക്ഷേപത്തിനു ഗാരണ്ടി ഉറപ്പുനല്‍കാന്‍ സംസ്ഥാനത്തു പ്രത്യേകം സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ് നിലവിലുണ്ട്. അതുകൊണ്ടുതന്നെ ആര്.ബി.ഐ.യുടെ മുന്നറിയിപ്പ് നോട്ടീസ് വസ്തുതാവിരുദ്ധമാണെന്നതാണു സത്യം. പക്ഷേ, ആര്.ബി.ഐ.യുടെ മുന്നറിയിപ്പ് നോട്ടീസ് വന്നതോടെ ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ ആശയക്കുഴപ്പവും ആശങ്കയും ഇല്ലാതാക്കേണ്ടതിന്റെ ഉത്തരവാദിത്തം സഹകരണ വകുപ്പിനും സഹകാരികള്ക്കുമുണ്ടായി.
സഹകരണ മേഖല ഒരു പ്രശ്നത്തിലേക്കു മാറിയതോടെ ഉണര്‍ന്നെണീക്കുകയായിരുന്നു വകുപ്പും സഹകാരികളും. സമരങ്ങളും പ്രതിരോധങ്ങളും ബോധവല്‍ക്കണവും നടക്കുന്നു. ഇതിനൊപ്പംതന്നെ, സഹകരണ മേഖലയില്‍ ചില തിരുത്തലുകള്‍ക്കും ആര്.ബി.ഐ. നോട്ടീസ് വഴിവെച്ചു. അതില്‍ പ്രധാനപ്പെട്ടതാണു സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപത്തിന്റെ പരിരക്ഷ അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി എന്നത്. നിക്ഷേപ പരിരക്ഷ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്താന്‍ തീരുമാനിച്ചു. കേന്ദ്ര ഡെപ്പോസിറ്റ് ക്രെഡിറ്റ് ഗാരണ്ടി കോര്പ്പറേഷന് നല്‍കുന്നതിലും മികച്ച പരിരക്ഷയാണ് ഇപ്പോള്‍ സഹകരണ നിക്ഷേപത്തിനു സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്.
പരിരക്ഷ അഞ്ചു ലക്ഷം
സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ ഉറപ്പാക്കാനാണ് ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ ഇതു രണ്ടു ലക്ഷമായിരുന്നു. 2012 ജനുവരി 11 നാണു സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനു സുരക്ഷ നല്കാന് ഡെപ്പോസിറ്റി ഗാരണ്ടി ഫണ്ട് ബോര്‍ഡ് നിലവില്‍ വന്നത്. തുടക്കത്തില്‍ ഒരു ലക്ഷം രൂപയുടെ പരിരക്ഷയാണു ബോര്‍ഡ് നല്‍കിയിരുന്നത്. ഇതു പിന്നീട് രണ്ടു ലക്ഷം രൂപയാക്കി. റിസര്‍വ് ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിനു സുരക്ഷ നല്കാന് 1962 ലാണു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഗാരണ്ടി ക്രെഡിറ്റ് കോര്പ്പറേഷന് രൂപവത്കരിച്ചത്. തുടക്കത്തില്‍ 1500 രൂപയുടെ പരിരക്ഷയാണ് ഉണ്ടായിരുന്നത്. ഇതു പലതവണയായി ഉയര്‍ത്തി. 2020 ഫെബ്രുവരി മുതലാണു പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കിയത്. ഈ ഘട്ടത്തില്‍ത്തന്നെ സഹകരണ നിക്ഷേപത്തിന്റെ ഗാരണ്ടിപരിധി ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷേ, ഇതിനു വേണ്ടത്ര പരിഗണന ലഭിച്ചില്ല. സഹകരണ നിക്ഷേപത്തിനു സുരക്ഷയില്ലെന്നു റിസര്‍വ് ബാങ്ക് പരസ്യപ്പെടുത്തിയതോടെയാണ് ഇക്കാര്യത്തിലും ഒരു വീണ്ടുവിചാരമുണ്ടാകുന്നത്.
വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിനു പരിരക്ഷ ഉറപ്പാക്കുന്ന മാനദണ്ഡങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ഏതെങ്കിലും ബാങ്കിന്റെ നിലനില്‍പ്പ് അപകടത്തിലാവുകയും അതിന്റെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ഘട്ടത്തില്‍ നിക്ഷേപകര്‍ക്കു പരിരക്ഷ ഉറപ്പാക്കണം എന്നതായിരുന്നു ആ മാറ്റം. അത്തരം ബാങ്കിനുമേല്‍ റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ 90 ദിവസത്തിനുള്ളില്‍ പരിരക്ഷ നല്കുന്ന അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപകനു ഗാരണ്ടി കോര്പ്പറേഷന് തിരിച്ചുനല്‍കണം. എന്നാല്‍, കേരളത്തിലെ സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ രീതി നിക്ഷേപകനു സഹായകമാകുന്ന വിധത്തിലായിരുന്നില്ല. സഹകരണ സംഘം പ്രതിസന്ധിയിലായാലും അതിന്റെ പ്രവര്‍ത്തനം നിയമപരമായി അവസാനിപ്പിക്കുന്ന ഘട്ടത്തിലാണു നിക്ഷേപകനു പരിരക്ഷ നല്കുന്ന തുക തിരിച്ചുനല്‍കുക എന്നതാണു ബോര്‍ഡിന്റെ വ്യവസ്ഥ.
ഒരു സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. അതുകൊണ്ടുതന്നെ നിക്ഷേപകനു പണം തിരിച്ചുകിട്ടുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് നോട്ടീസിന്റെ പശ്ചാത്തലത്തില്‍ ഈ മാനദണ്ഡവും മാറ്റാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായാല്‍ നിക്ഷേപകനെ സഹായിക്കുന്ന വിധത്തില്‍ സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ നയത്തില്‍ മാറ്റം വരുത്തും. ഇതിനൊപ്പം, അത്തരം സംഘത്തെ തകര്‍ച്ചയിലേക്കു തള്ളിവിടാതിരിക്കാന്‍ സാമ്പത്തിക പാക്കേജ് അനുവദിക്കുന്ന വിധത്തില്‍ ബോര്‍ഡിനു പ്രത്യേക സ്കീം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. ഈ മാറ്റം കേന്ദ്ര ഗാരണ്ടി കോര്പ്പറേഷന്പോലും നല്‍കാത്ത സുരക്ഷ ഉറപ്പുവരുത്തുന്നതാണ്. അതു നിക്ഷേപകനു മാത്രമല്ല, സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിനുപോലും സുരക്ഷ നല്‍കും.
സഹകരണ സംഘങ്ങളിലെ നിക്ഷേപത്തില്‍ 80 ശതമാനവും അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ളതാണ്. അതുകൊണ്ടുതന്നെ ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ നിക്ഷേപ പരിരക്ഷ അഞ്ചു ലക്ഷമാക്കിയതോടെ 80 ശതമാനം നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപത്തിനു പൂര്‍ണ പരിരക്ഷ ഉറപ്പാകും. നിക്ഷേപ പരിരക്ഷ പത്തു ലക്ഷമാക്കണമെന്നു സഹകാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സാധ്യമായാല്‍ ഭൂരിഭാഗം നിക്ഷേപകരുടെയും പൂര്‍ണ നിക്ഷേപം പരിരക്ഷയുടെ പരിധിയിലാകും. അതേസമയം, കേന്ദ്ര നിക്ഷേപ ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷ എത്ര പേര്‍ക്കു ബാധകമാകുമെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിലെ 60 ശതമാനവും അഞ്ചു ലക്ഷത്തിനു മുകളിലുള്ളതാണ്. അതുകൊണ്ട് വാണിജ്യ ബാങ്കുകളിലെ 40 ശതമാനം നിക്ഷേപകര്‍ക്കു മാത്രമാണു ഗാരണ്ടി കോര്‍പ്പറേഷന്റെ പൂര്‍ണ പരിരക്ഷ ലഭിക്കുന്നത്. ഈ താരതമ്യത്തില്‍ത്തന്നെ സഹകരണ സംഘങ്ങളിലെയും പ്രാഥമിക സഹകരണ ബാങ്കുകളിലെയും നിക്ഷേപത്തിനാണു കേന്ദ്രം നല്കുന്ന പരിരക്ഷയേക്കാള്‍ കൂടുതല്‍ ഉറപ്പുള്ളതെന്നു ബോധ്യമാകും.
ഒന്നിച്ചുള്ള ചെറുത്തുനില്‍പ്പ്
റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് നോട്ടീസ് വന്നതോടെ അതിലെ നിയമവിരുദ്ധതയും വസ്തുതാവിരുദ്ധതയും ഒന്നിച്ചുനിന്നു ചെറുക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും സഹകാരികള്‍ തീരുമാനിച്ചു. മന്ത്രി വി.എന്‍. വാസവന്‍തന്നെ ഇതിനു നേതൃത്വം നല്കിയെന്നതും ശ്രദ്ധേയമാണ്. സഹകാരികളെയും പ്രാഥമിക സഹകരണ സംഘം അസോസിയേഷനെയും സംഘടിപ്പിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കാനാണു തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക സഹകരണ സംഘം അസോസിയേഷന് നേതാക്കളുമായും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായും ചര്‍ച്ചനടത്തി. മന്ത്രിക്കു പുറമെ സഹകരണ സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, പി.എ.സി.എസ്. സംസ്ഥാന സെക്രട്ടറി വി. ജോയ് എം.എല്‍.എ. എന്നിവരും ഈ ആദ്യഘട്ട യോഗത്തില്‍ പങ്കെടുത്തിരുന്നു. ആ ചര്‍ച്ചയില്‍ത്തന്നെ റിസര്‍വ് ബാങ്കിന്റെ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അതുണ്ടാക്കുന്ന ആഘാതത്തെ പ്രതിരോധിക്കേണ്ടതാണെന്നും വിലയിരുത്തലുണ്ടായി. റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് നോട്ടീസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനിച്ചു. സര്‍ക്കാരിനായി സഹകരണ വകുപ്പും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി അസോസിയേഷനും റിസര്‍വ് ബാങ്കിനു നിവേദനം നല്‍കണം, ഇതിനൊപ്പം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകളുടെ സാധ്യതയും പരിശോധിക്കണം, കേരളത്തിലെ സഹകരണ മേഖലയുടെ പ്രത്യേകതയെക്കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ യോഗത്തില്‍ ധാരണയായി. ഇതിനു പുറമെ നിയമപരമായി നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ യോഗത്തിനു പിന്നാലെ വിപുലമായ സഹകാരിസംഗമം മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു. അതില്‍വെച്ച് യോജിച്ച പ്രചാരണത്തിനും പ്രതിരോധത്തിനുമായി സഹകരണ സംരക്ഷണ സമിതി എന്ന പേരില്‍ പ്രത്യേക സമിതി രൂപവത്കരിച്ചു. സമിതിയുടെ സംസ്ഥാന ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ളയെയും കണ്‍വീനറായി പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന് സംസ്ഥാന സെക്രട്ടറി വി. ജോയി എം.എല്‍.എ.യെയും തിരഞ്ഞെടുത്തു. റിസര്‍വ് ബാങ്കിന്റെ നോട്ടീസ് പിന്‍വലിക്കണമെന്നും പത്രക്കുറിപ്പ് വഴിയും പത്രപ്പരസ്യം വഴിയും സൃഷ്ടിക്കപ്പെട്ട തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സഹകരണ മന്ത്രി ആര്.ബി.ഐ. ഗവര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാരിനും കത്തു നല്കി. നോട്ടീസിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി സഹകരണ സംഘം രജിസ്ട്രാര്‍ റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ക്കും കത്ത് നല്കി. എന്നാല്‍, അനുകൂല പ്രതികരണമല്ല ഉണ്ടായത്. പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രി പാര്‍ലമെന്റില്‍ ആര്.ബി.ഐ. പരസ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇതോടെയാണു സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. ഇതിനു പിന്നാലെ ഓരോ ജില്ലയിലും സഹകാരി സംഗമങ്ങളും പ്രതിഷേധങ്ങളും നടന്നു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി. സഹകരണ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധങ്ങളും സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. പ്രതിസന്ധിയുണ്ടായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉണര്‍ന്നെണീക്കുകയായിരുന്നു സഹകരണ രംഗം.
മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും
പല ഘട്ടത്തിലായി നിയമവിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ആര്.ബി.ഐ. നോട്ടീസിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ആദ്യം അഡ്വക്കറ്റ് ജനറലും പിന്നീട് മന്ത്രിയും ഡല്‍ഹിയിലെത്തി മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. കേരളത്തിനനുകൂലമായ വിധി ഇക്കാര്യത്തിലുണ്ടാകുമെന്ന അഭിപ്രായമാണ് എല്ലാ നിയമവിദഗ്ധരും പ്രകടിപ്പിച്ചത്. ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതില്‍ വിലക്ക് വന്നേക്കുമെന്നു ചില അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, സഹകരണ സംഘങ്ങളുടെ അംഗങ്ങളുടെ കാര്യത്തില്‍ വിഭജനം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്കിനോ കേന്ദ്ര സര്‍ക്കാരിനോ കഴിയില്ലെന്ന അഭിപ്രായത്തില്‍ എല്ലാവരും ഒരേപോലെയാണ്. അതുകൊണ്ടുതന്നെ, റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നോട്ടീസ് തെറ്റിദ്ധാരണയും ആശങ്കയുമുണ്ടാക്കുന്നതാണെന്ന കേരളത്തിന്റെ വാദത്തിനു കോടതിയില്‍ അംഗീകാരം കിട്ടുമെന്നാണു പ്രതീക്ഷ. അങ്ങനെ വന്നാല്‍ കേരളത്തിന് അതു വലിയ വിജയമാകുമെന്നതിനാലാണു നിയമയുദ്ധവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
സുപ്രീം കോടതിയില്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ അഡ്വ. കെ.വി. വിശ്വനാഥന് ഹാജരാകും. ഡല്‍ഹിയിലെത്തി സഹകരണ മന്ത്രി വി.എന്‍. വാസവന് അഡ്വ. കെ.വി. വിശ്വനാഥനുമായി നേരിട്ടു ചര്‍ച്ച നടത്തി. മുതിര്‍ന്ന അഭിഭാഷകര്‍, അഡ്വക്കറ്റ് ജനറല്‍, നിയമമന്ത്രി പി. രാജീവ് എന്നിവരുമായി എറണാകുളത്തു നടന്ന ചര്‍ച്ചയിലാണു നിയമപരമായ നടപടികള്‍ ആലോചിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു ഡല്‍ഹിയില്‍ അഡ്വ. കെ.വി. വിശ്വനാഥനുമായി ചര്‍ച്ച നടത്തിയത്. ഒട്ടനവധി കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി അഡ്വ. കെ.വി. വിശ്വനാഥനെ നിയോഗിച്ചിട്ടുണ്ട്. ഭരണഘടനാ സംബന്ധമായ നിരവധി കേസുകളില്‍ അനുകൂല വിധി സമ്പാദിച്ച വിദഗ്ധനായ അഭിഭാഷകനാണ് അദ്ദേഹം.
2021 ജൂണിലാണു ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുന്നത്. 2020 ആഗസ്റ്റില്‍തന്നെ ബാങ്ക് എന്ന പദം സഹകരണ സംഘങ്ങള്‍ ഉപയോഗിക്കുന്നതു തടയണമെന്നു കാണിച്ച് റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് നല്‍കിയിരുന്നു. നോമിനല്‍ – അസോസിയേറ്റ് അംഗങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുന്നതു നിയമവിരുദ്ധമാണെന്ന വാദം ഈ കത്തിലും ആര്.ബി.ഐ. ചൂണ്ടിക്കാട്ടിയതാണ്. അന്നൊന്നും കേരളം ഇതു ഗൗരവത്തോടെ കണ്ടില്ല. സഹകരണ സംഘം രജിസ്ട്രാറോട് വിവിധ ഘട്ടങ്ങളില്‍ ആര്.ബി.ഐ. ഉദ്യോഗസ്ഥര്‍ ഇത് ഉന്നയിച്ചതാണ്. നിയമഭേദഗതി വന്നപ്പോള്‍ത്തന്നെ കേരളത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. സര്‍വകക്ഷിയോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നു അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചിരുന്നു. ഇതു പലവട്ടം അദ്ദേഹം നിയമസഭയിലും ആവര്‍ത്തിച്ചു. പക്ഷേ, ഒരു സര്‍വകക്ഷിയോഗമോ കൂട്ടായ ചര്‍ച്ചയോ ഇക്കാര്യത്തില്‍ നടന്നില്ല. ഒടുവില്‍ അതുണ്ടായതു റിസര്‍വ് ബാങ്ക് പൊതുജനങ്ങള്‍ക്കു ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയപ്പോഴാണ്. എന്തായാലും, ആര്.ബി.ഐ.യുടെ നടപടി സഹകരണ മേഖലയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ് എന്നതിനൊപ്പം തന്നെ ഗുണകരമായി ചില മാറ്റങ്ങള്‍ വരുത്താനും അതു വഴിവെച്ചു എന്നു വിലയിരുത്തേണ്ടിവരും.