സഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ബോര്‍ഡില്‍ കുടിശ്ശിക ഒഴിവാക്കി അംഗത്വമെടുക്കാന്‍ അനുമതി

moonamvazhi

സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡില്‍ കുടിശ്ശിക ഒഴിവാക്കി അംഗത്വമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. ആറുമാസത്തേക്കാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ബോര്‍ഡ് സെക്രട്ടറിയുടെ അപേക്ഷയും സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശയും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

ബോര്‍ഡിലെ അംഗത്വം കൂട്ടുന്നതിനാണ് പുതുതായി അംഗത്വമെടുക്കുന്നതിന് പ്രത്യേക ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുമ്പില്‍ വെച്ചത്. ആഗസ്റ്റ് 26ന് ഇത് സംബന്ധിച്ച് സെക്രട്ടറി രജിസ്ട്രാര്‍ മുഖേന സര്‍ക്കാരിന് കത്ത് നല്‍കി. ആറുമാസത്തേക്ക് കുടിശ്ശിക ഒഴിവാക്കി അംഗത്വമെടുക്കണമെന്നായിരുന്നു ബോര്‍ഡിന്റെ അപേക്ഷ. ഇങ്ങനെ അംഗത്വമെടുക്കുന്നവര്‍ക്ക് ആറുമാസം കഴിയുന്ന മുറയ്ക്ക് മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുകയെന്ന വ്യവസ്ഥ വേണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

ഈ രണ്ട് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. സഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതിന് ബോര്‍ഡിന്റെ ചട്ടത്തില്‍ നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ മാറ്റം വരുത്താന്‍ ബോര്‍ഡിന് അധികാരമില്ല. അതുകൊണ്ടാണ് ചട്ടത്തില്‍ ഇളവ് നല്‍കി നിശ്ചിതകാലത്തേക്ക് കുടിശ്ശിക ഒഴിവാക്കി അംഗത്വം അനുവദിക്കാനുള്ള സ്‌കീമിന് സര്‍ക്കാരിന്റെ അംഗീകാരം തേടിയത്. ചട്ടത്തില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News