സഹകരണ അംഗസമാശ്വാസ പദ്ധതിയില്‍ 11,060 പേര്‍ക്ക് 22.33 കോടി രൂപ സഹായം
സഹകരണ അംഗ സമാശ്വാസ പദ്ധതിയില്‍ നിന്ന് 22.33 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 11,060 അപേക്ഷകര്‍ക്കായാണ് 22,33,50,000 രൂപ അനുവദിച്ചത്. ഗുരുതര രോഗങ്ങള്‍ ബാധിച്ച സഹകരണ സംഘം അംഗങ്ങള്‍ക്കാണ് സമാശ്വാസ നിധിയില്‍ നിന്നു സഹായം നല്‍കുന്നത്. ഇതുവരെയുള്ള അപേക്ഷകള്‍ മുഴുവന്‍ തീര്‍പ്പാക്കിയിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ടാം തവണയാണ് സമാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 11,194 പേര്‍ക്ക് 23,94,10,000 രൂപ അനുവദിച്ചിരുന്നു. അന്നുവരെയുള്ള എല്ലാ അപേക്ഷകളും പരിഗണിച്ചായിരുന്നു തുക അനുവദിച്ചത്. അതിന് ശേഷം ലഭിച്ച അപേക്ഷകളാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പരിഗണിച്ചത്.
അര്‍ബുദം, വൃക്കരോഗം, കരള്‍ രോഗം, പരാലിസിസ് ബാധിച്ചവര്‍, അപകടത്തില്‍ ശയ്യാവലംബരായവര്‍, എച്ച്.ഐ.വി.ബാധിതര്‍, ഗുരുതരമായ ശസ്ത്രക്രിയക്ക് വിധേയരായവര്‍, ബൈപ്പാസ്, ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍ എന്നിവര്‍ക്കും മാതാപിതാക്കള്‍ മരിച്ചു പോയ സാഹചര്യത്തില്‍ അവരുടെ ബാദ്ധ്യത പേറേണ്ടി വരുന്ന കുട്ടികള്‍ തുടങ്ങിയവര്‍ക്കുമാണ് സമാശ്വാസ സഹായം നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ കേരള സഹകരണ അംഗസമാശ്വാസ നിധിയിലേക്ക് അടയ്ക്കുന്ന വിഹിതത്തില്‍ നിന്നാണ് സഹായധനം നല്‍കുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം അപേക്ഷകള്‍ ലഭിച്ചത്. 2,222 പേര്‍ വിവിധ വിഭാഗങ്ങളിലായി അപേക്ഷ നല്‍കിയിരുന്നു. 4,51,70,000 രൂപ സമാശ്വാസമായി അനുവദിച്ചു. 30 പേര്‍ അപക്ഷ നല്‍കിയ ഇടുക്കിയില്‍ നിന്നാണ് ഏറ്റവും കുറവ് അപേക്ഷകള്‍. 6,40,000 രൂപ അനുവദിച്ചു. മറ്റ് ജില്ലകളില്‍ നിന്നുള്ള അപേക്ഷകള്‍ ജില്ല, അപേക്ഷകരുടെ എണ്ണം, തുക എന്ന ക്രമത്തില്‍ ഇനി പറയുന്നു : തിരുവനന്തപുരം- 322 പേര്‍, 71,75,000രൂപ, കൊല്ലം- 1021 പേര്‍, 2,14,15,000 രൂപ, പത്തനംതിട്ട – 640 പേര്‍, 1,25,70,000 രൂപ, ആലപ്പുഴ – 775 പേര്‍, 1,59,80,000 രൂപ, കോട്ടയം – 1372 പേര്‍, 2,79,10,000 രൂപ, എറണാകുളം – 1279 പേര്‍, 2,69,90,000 രൂപ, പാലക്കാട് – 611 പേര്‍, 1,28,70,000 രൂപ, കോഴിക്കോട് -360 പേര്‍, 75,75,000 രൂപ, മലപ്പുറം – 583 പേര്‍, 1,24,50,000 രൂപ, വയനാട് – 462 പേര്‍, 1,01,25,000 രൂപ, കണ്ണൂര്‍ – 973 പേര്‍, 2,05,55,000 രൂപ, കാസര്‍കോട് – 410 പേര്‍, 82,25,000 രൂപ.