സംസ്ഥാനത്ത് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് നാളെ : സിപിഎം ജനാധിപത്യവിരുദ്ധ മാർഗ്ഗത്തിലൂടെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണെന്ന് കോൺഗ്രസ്.
സംസ്ഥാനത്തെ സർക്കിൾ സഹകരണ യൂണിയനുകളിലേക്കു നാളെ തിരഞ്ഞെടുപ്പ് നടക്കും. രാവിലെ 10 മുതലാണ് തെരഞ്ഞെടുപ്പ്. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ആണ് വരണാധികാരി. സംസ്ഥാനത്തെ 14 താലൂക്കുകളിൽ ഒഴികെയുള്ള മറ്റു താലൂക്കുകളിലാണ് തെരഞ്ഞെടുപ്പ്. പുതുതായി രൂപീകരിച്ച 14 താലൂക്കുകളിലും കഴിഞ്ഞ സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ രൂപീകൃതമായ തിരൂരങ്ങാടി,നിലമ്പൂർ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകളുടെ കീഴിലും സർക്കിൾ സഹകരണ യൂണിയൻ രൂപീകരിക്കപ്പെട്ടിട്ടില്ല. ഇത് ഒഴികെയുള്ള താലൂക്കുകളിലാണ് തെരഞ്ഞെടുപ്പ്. പല താലൂക്കുകളിലും ഇതിനകം തന്നെ സമവായത്തിലൂടെ പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്. നാളെത്തന്നെ ഫല പ്രഖ്യാപവും ഉണ്ടാകും. ഇതിനു ശേഷം ഏഴു ദിവസത്തിനുള്ളിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനെ തിരഞ്ഞെടുക്കും. പിന്നീട് സംസ്ഥാന സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും.
സഹകരണ യൂണിയൻ തിരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട സമിതികൾ ഇല്ലാത്ത സർക്കിൾ സഹകരണ യൂണിയനുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ, ജനാധിപത്യവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ ബോധ്യപ്പെട്ട സാഹചര്യത്തിൽ ഹൈക്കോടതി തന്നെ പല തെരഞ്ഞെടുപ്പുകളും സ്റ്റേ ചെയ്തതായി സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. 43 സർക്കിൾ സഹകരണ യൂണിയനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 10 താലൂക്കുകളിൽ കോടതി തിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യുകയോ അല്ലെങ്കിൽ നിലവിലെ സ്ഥിതി തുടരുകയോ വേണമെന്ന് വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോടതികളിൽ വരുന്ന കേസുകളിൽ ഒന്നിൽ പോലും സർക്കാരിന് അനുകൂലമായി വിധി ഉണ്ടാകാത്തത് തന്നെ ഈ തെരഞ്ഞെടുപ്പിൽ നിയമാനുസൃതമല്ലാത്ത മാർഗങ്ങളിലൂടെ അധികാരം കയ്യാളാൻ ശ്രമം നടക്കുന്നു എന്നതിന് തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നു വർഷത്തിലധികമായി തുടരുന്ന സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് സമിതിയെ മാറ്റി പിൻവാതിലിലൂടെ ഭരണം പിടിക്കാൻ ഉള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വോട്ടർപട്ടിക സംബന്ധിച്ചു എല്ലാ താലൂക്കുകളിലും പരാതിയാണ്. ഭരണം പഠിക്കാനായി വകുപ്പിനെ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. നാളത്തെ തെരഞ്ഞെടുപ്പിൽ ജനാധിപത്യം പുലരുമെന്ന് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.