സംഘങ്ങള്‍ക്ക് നല്‍കിയ ധനസഹായങ്ങളുടെ കിടിശ്ശികപ്പിരിവ് ഊര്‍ജിതമാക്കണം- രജിസ്ട്രാര്‍
സര്‍ക്കാര്‍, എന്‍.സി.ഡി.സി. ( ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ) പദ്ധതികളനുസരിച്ച് സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നത് ഊര്‍ജിതമാക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക സഹകരണസംഘങ്ങള്‍ യഥാസമയം അടയ്ക്കാത്തതിനാലും തുക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനാലുമാണു കുടിശ്ശിക വര്‍ധിക്കുന്നതെന്നു രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടി.
ജില്ലകളിലെ വായ്പ, ഓഹരി, പലിശ, പിഴപ്പലിശ, ഡിവിഡന്റ് എന്നീയിനങ്ങളില്‍ ആകെ കുടിശ്ശികയുടെ കുറഞ്ഞത് അഞ്ചു ശതമാനം തുകയെങ്കിലും മൂന്നു മാസം കൂടുമ്പോള്‍ പിരിച്ചെടുക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. 2023 ഫെബ്രുവരി 28 ലെ ആകെ കുടിശ്ശികയുടെ അഞ്ചു ശതമാനം മെയ് 31 നു മുമ്പായും മെയ് 31 ലെ ആകെ കുടിശ്ശികയുടെ അഞ്ചു ശതമാനം ആഗസ്റ്റ് 31 നു മുമ്പായും പിരിച്ചെടുക്കണം. സര്‍ക്കാരിലേക്കു കിട്ടേണ്ട തുക പിരിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്തു ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ ജില്ലയിലെ ടാര്‍ജറ്റ് താലൂക്കുതലത്തില്‍ നിശ്ചയിച്ചുനല്‍കണം. ഇതിന്റെ പുരോഗതി നേരിട്ട് വിലയിരുത്തി പരമാവധി തുക പിരിച്ചെടുക്കണം – രജിസ്ട്രാര്‍ നിര്‍ദേശിച്ചു.