വിദേശ വിപണി കീഴടക്കി സഹകരണ ഉല്‍പന്നങ്ങള്‍; മറയൂര്‍ ശര്‍ക്കര കാനഡയിലേക്ക്
കയറ്റുമാതി സാധ്യത തേടിയപ്പോള്‍ കേരളത്തിലെ സഹകരണ ഉല്‍പന്നങ്ങള്‍ വിദേശ വിപണിയില്‍ ഏറെ പ്രീയമുള്ളതാണ് എന്ന ബോധ്യമാകുന്നു. പഴം, കാര്‍ഷിക വിളകളില്‍നിന്നും ഫലങ്ങളില്‍നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍, നാളീകേര ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഇതുവരെ സഹകരണ സംഘങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. വാരാപ്പട്ടി സര്‍വീസ് സഹകരണ ബാങ്ക് മാത്രം അഞ്ചുകോടിയോളം രൂപയുടെ ബിസിനസാണ് കയറ്റുമതി വഴി നേടിയത്. ഇപ്പോള്‍ മറയൂര്‍ ശര്‍ക്കരയും കടല്‍ കടക്കുകയാണ്.
അഞ്ച് നാട് കരിമ്പ് ഉത്പാദന വിപണന സഹകരണ സംഘം നിര്‍മ്മിച്ച മറയൂര്‍ നാടന്‍ ശര്‍ക്കരയുടെ കാനഡയിലേക്ക് കപ്പല്‍ കയറി. ഒരു കണ്ടെയ്നര്‍ ശര്‍ക്കരയാണ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിട്ടി (എ.പി.ഇ.ഡി.എ) കയറ്റി അയച്ചത്. കഴിഞ്ഞ മാസമാണ് കയറ്റുമതി ആരംഭിച്ചത്. ഉണ്ട ശര്‍ക്കര, ക്യൂബ്, പൊടി, ദ്രാവകം, മസാലകള്‍ ചേര്‍ത്ത മിഠായി തുടങ്ങിയ രൂപങ്ങളില്‍ അഞ്ചു നാട് കരിമ്പ് ഉത്പാദക സംഘം നിര്‍മിക്കുന്ന ശര്‍ക്കരയ്ക്ക് വിദേശികള്‍ക്കിടയിലും നല്ല ഡിമാന്‍ഡാണ്. 23 ലക്ഷം ഇന്ത്യക്കാര്‍ കാനഡയിലുണ്ട്.
മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലായ് 700 ഹെക്ടറിലാണ് കരിമ്പു കൃഷിയുള്ളത്. നൂറിലധികം ചെറുകിട യൂണിറ്റുകളാണ് മറയൂര്‍ ശര്‍ക്കര നിര്‍മ്മിക്കുന്നത്. 30 ലക്ഷം ഡോളറിന്റെ ശര്‍ക്കര ഇറക്കുമതി ചെയ്യുന്ന കാനഡ ഇതില്‍ 15 ശതമാനവും കേരളത്തില്‍ നിന്ന് ലഭ്യമാക്കുന്നതിന് കരാറും തയ്യാറാക്കിയിട്ടുണ്ട്. ഭൗമ സൂചിക പദവി ലഭിച്ച ഉല്‍പന്നമാണ് മറയൂര്‍ ശര്‍ക്കര. ഭൗമ സൂചിക പദവിയുടെ സ്റ്റിക്കര്‍ (ജി.ഐ, ടാഗ്) കവറില്‍ ഒട്ടിച്ചാണ് കയറ്റുമതി നടത്തുന്നതും.
സര്‍ക്കരയുടെ ഉത്പാദനം ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യയിലാണ്. ലോകത്തെ ശര്‍ക്കര ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വരുമിത്. 2021-22ല്‍ ഇന്ത്യ കയറ്റുമതി ചെയ്ത ശര്‍ക്കരയുടെ തോത് 5,51,716.76 ടണ്‍ ആണ്. ഇതിന്റെ ആകെ മൂല്യം 375.20 ദശലക്ഷം യു.എസ് ഡോളര്‍ വരും. കരിമ്പ് ശര്‍ക്കര കയറ്റുമതി മൂല്യം 28.90 ദശലക്ഷം യു.എസ് ഡോളറാണ്. ഇതില്‍ കേരളത്തിന്റെ വിഹിതം 12.14 ശതമാനം മാത്രമാണ്. മറയൂര്‍ ശര്‍ക്കരയുടെ പുതിയ സാധ്യത കയറ്റുമതിയുടെ തോതിലും വര്‍ദ്ധനവുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറയൂര്‍ ശര്‍ക്കരയ്ക്ക് വിദേശ വിപണി ലഭിച്ചത് സഹകരണ മേഖലക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു.